
ജഡേജയുടെ പ്രകടനത്തില്‍ ആരാധകര്‍ തീര്‍ത്തും നിരാശരാണ്. ബാറ്റിങ്ങിനിറങ്ങിയ ജഡേജ വലിയ സമ്മര്‍ദ്ദത്തോടെയാണ് കാണപ്പെട്ടത്. 28 പന്തുകള്‍ നേരിട്ട് ഒരു സിക്‌സ് ഉള്‍പ്പെടെ 26 റണ്‍സാണ് ജഡേജ നേടിയത്. അമ്പാട്ടി റായിഡുവിന്റെ റണ്ണൗട്ടിനും ജഡേജ കാരണമായി. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും ബൗളിങ് ചെയ്ഞ്ച് ചെയ്യുന്നതിലും നായകനായുള്ള ജഡേജയുടെ നീക്കങ്ങള്‍ മികച്ചതായിരുന്നില്ല. സിഎസ്‌കെയുടെ തോല്‍വിയില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് ജഡേജയെയാണ്.

ജഡേജക്ക് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കാനാണ് ആരാധകര്‍ പറയുന്നത്. ധോണിയുടെ നായകത്വത്തിന് കീഴില്‍ സിഎസ്‌കെയുടെ പ്രകടന നിലവാരം വളരെ ഉയര്‍ന്നതായിരുന്നു. എന്നാല്‍ ജഡേജക്ക് കീഴിലിറങ്ങിയപ്പോള്‍ ഈ നിലവാരം ടീമിന് കാട്ടാന്‍ സാധിക്കാതെ വന്നതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. ജഡേജ ആംഗര്‍ റോള്‍ കളിക്കാന്‍ ശ്രമിച്ചതാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആ സമയത്ത് ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടത് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താന്‍ കാത്തു നില്‍ക്കാതെ ജഡേജക്ക് മടങ്ങേണ്ടി വന്നു. അമ്പാട്ടി റായിഡുവിനെ റണ്ണൗട്ടാക്കിയതാണ് ആരാധകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

ക്യാപ്റ്റനെന്ന നിലയില്‍ ജഡേജ കാട്ടിയത് മികച്ച പ്രകടനം. മോശം ഫോമിലായിരുന്ന റായിഡുവിനെ റണ്ണൗട്ടാക്കി മടക്കി, ഓള്‍റൗണ്ട് പ്രകടനം നടത്തിയ ജഡേജക്ക് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കണം. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങി, ക്യാപ്റ്റനാവുന്നതിന് മുമ്പ് ആദ്യം സ്വന്തം പ്രകടന നിലവാരം ഉറപ്പാക്കണം, റായിഡു പകുതിയെത്തിയ ശേഷമാണ് ജഡേജ കോള്‍ ചെയ്തത്, വിരാട് കോലിയെപ്പോലെയായിരുന്നു ജഡേജയുടെ ക്യാപ്റ്റന്‍സി എന്നിങ്ങനെയെല്ലാമായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

പുതിയ നായകനായതിനാല്‍ത്തന്നെ ജഡേജക്ക് കീഴില്‍ ടീം പൊരുത്തപ്പെടാന്‍ സമയമെടുക്കും. ശിവം ദുബെയെ ടീമിലേക്ക് പരിഗണിച്ചതും കെകെആറിന്റെ ഒരു വിക്കറ്റ് വീണതിന് പിന്നാലെ സ്‌പെഷ്യലിസ്റ്റ് ബൗളറെക്കൊണ്ട് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിക്കാതെ ശിവം ദുബെയെ പന്തേല്‍പ്പിച്ച ജഡേജയുടെ തീരുമാനവും പാളിയിരുന്നു. ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ബാറ്റ് ചെയ്യുന്നവരായതിനാല്‍ത്തന്നെ അല്‍പ്പം കൂടി നേരത്തെ ആക്രമിക്കാന്‍ സിഎസ്‌കെ ശ്രമിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

നാല് ഓവര്‍ പന്തെറിഞ്ഞ ജഡേജ 25 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല. പൊതുവേ കളത്തില്‍ വലിയ സന്തോഷത്തോടെയും ഉന്മേഷത്തോടെയുമാണ് ജഡേജയെ കാണാറ്. എന്നാല്‍ ക്യാപ്റ്റനായതോടെ ജഡേജയുടെ ശരീര ഭാഷ വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ജഡേജയെ ബാധിക്കുന്നുണ്ടെന്ന് വ്യക്തം. എന്തായാലും ജഡേജക്ക് കീഴില്‍ സിഎസ്‌കെ ടീമെന്ന നിലയില്‍ പൊരുത്തപ്പെടാന്‍ അല്‍പ്പം കൂടി സമയമെടുത്തേക്കും.


Click it and Unblock the Notifications

