IPL 2022: ഗ്രൂപ്പ് ബിയില്‍ സിഎസ്‌കെ തന്നെ 'രാജാവ്', പ്ലേ ഓഫ് ഉറപ്പ്, മൂന്ന് കാരണങ്ങള്‍ ഇതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ തീയ്യതി ഔദ്യോഗികമായി ബിസിസി ഐ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 26നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മെയ് 29നാണ് ഫൈനല്‍. പൂനെ, മുംബൈ എന്നിവടങ്ങളിലായാവും ഇത്തവണ ടൂര്‍ണമെന്റ് നടക്കുക. മുംബൈയില്‍ 55 മത്സരങ്ങളും പൂനെയില്‍ 15 മത്സരങ്ങളുമാവും നടക്കുക. ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പ്ലേ ഓഫിന്റെ വേദി പിന്നീട് തീരുമാനിക്കുമെന്നാണ് ബിസിസി ഐ അറിയിച്ചിരിക്കുന്നത്.

ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളുടെ വരവോടെ ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഉണ്ടാവുക. ഗ്രൂപ്പ് ബിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണുള്ളത്. ഗ്രൂപ്പ് എയെ അപേക്ഷിച്ച് ഗ്രൂപ്പ് ബി ദുര്‍ബലമാണ്. ഇത്തവണ ഗ്രൂപ്പ് ബിയിലെത്തിയത് സിഎസ്‌കെയുടെ ഭാഗ്യമാണ്. ടീം എന്തായാലും പ്ലേ ഓഫിലെത്തും. മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കിലെ ആധിപത്യം
ഗ്രൂപ്പ് ബിയില്‍ സിഎസ്‌കെയ്‌ക്കൊപ്പം എത്തിയിരിക്കുന്ന ടീമുകള്‍ക്കെതിരേ മികച്ച റെക്കോഡാണ് ധോണിക്കും സംഘത്തിനുമുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ് പുതിയതായി എത്തുന്ന ടീമായതിനാല്‍ അവര്‍ക്കെതിരേ മാത്രം മുന്‍തൂക്കം സിഎസ്‌കെയ്ക്ക് അവകാശപ്പെടാനാവില്ല. ബാക്കിയുള്ള ഹൈദരാബാദ്, പഞ്ചാബ്, ആര്‍സിബി എന്നിവര്‍ക്കെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ വ്യക്തമായ ആധിപത്യം സിഎസ്‌കെയ്ക്കുണ്ട്.
ഹൈദരാബാദിനെതിരേ 16 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 12 തവണയും സിഎസ്‌കെയാണ് ജയിച്ചത്. പഞ്ചാബ് കിങ്‌സിനെ 25 നേര്‍ക്കുനേര്‍ മത്സരത്തില്‍ 15 തവണ പരാജയപ്പെടുത്തിയപ്പോള്‍ ആര്‍സിബിക്കെതിരേ 31 മത്സരത്തില്‍ നിന്ന് 21 ജയവും നേടി. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് സിഎസ്‌കെയ്ക്ക് വലിയ വെല്ലുവിളിയാവുമെന്ന് കരുതാനാവില്ല. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ബിയില്‍ വ്യക്തമായ മുന്‍തൂക്കം ധോണിപ്പടയ്ക്കുണ്ട്.

ഇത്തവണയും ശക്തമായ ടീം
ഇത്തവണയും കെട്ടുറപ്പുള്ള ടീമാണ് സിഎസ്‌കെയ്ക്കുള്ളത്. അവസാന സീസണില്‍ ടീം കിരീടം നേടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നവരിലെ ഭൂരിപക്ഷം താരങ്ങളും ഇപ്പോഴും സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ധോണി നായകനായി തുടരുമ്പോള്‍ റുതുരാജ് ഗെയ്ക് വാദ്, മോയിന്‍ അലി, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു എന്നിവരെല്ലാം ഇത്തവണയും ടീമിന്റെ ഭാഗമാണ്.
ധോണിയെന്ന നായകന്റെ സാന്നിധ്യം തന്നെയാണ് ഇത്തവണയും സിഎസ്‌കെയെ കരുത്തരാക്കുന്നത്. 2020ല്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെയെ 2021ല്‍ കിരീടം ചൂടിക്കാന്‍ ധോണിക്കായിരുന്നു. 15ാം സീസണിന് മുന്നോടിയായി ധോണി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത്തവണയും ശക്തമായ ടീമുമായെത്തുന്ന സിഎസ്‌കെയ്ക്ക് ഗ്രൂപ്പില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.

വ്യക്തമായ പദ്ധതികളുള്ള മാനേജ്‌മെന്റ്
സിഎസ്‌കെയെ വയസന്‍ പടയെന്ന് വിശേഷിപ്പിക്കുന്ന എതിരാളികള്‍ ഏറെയാണെങ്കിലും ഇതേ വയസന്‍ പടയെ ഉപയോഗിച്ചാണ് സിഎസ്‌കെ നാല് കിരീടങ്ങള്‍ അലമാരയിലെത്തിച്ചത്. ഒന്നോ രണ്ടോ പ്രകടനങ്ങള്‍ മോശമായാല്‍ താരങ്ങളെ തള്ളിപ്പറയുന്ന സ്വഭാവം സിഎസ്‌കെയ്ക്കില്ല. വലിയ പിന്തുണ ടീം മാനേജ്‌മെന്റ് താരങ്ങള്‍ക്ക് നല്‍കാറുണ്ട്. ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലേക്ക് വരുമ്പോള്‍ കൂടുതല്‍ വ്യക്തമായ പദ്ധതികള്‍ അത്യാവശ്യമാണ്.
അതുകൊണ്ട് തന്നെ തന്ത്രങ്ങളുടെ രാജാക്കന്മാരായ സിഎസ്‌കെയ്ക്ക് മുന്‍തൂക്കമുണ്ട്. ഇതിന് മുമ്പ് 10 ടീമുകള്‍ പങ്കെടുത്ത 2011ലെ ഐപിഎല്ലില്‍ കിരീടം നേടിയ അനുഭവസമ്പത്തും സിഎസ്‌കെയ്ക്കുണ്ട്. കലാശപ്പോരാട്ടത്തില്‍ ആര്‍സിബിയെയാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ധോണിയായിരുന്നു അന്നും സിഎസ്‌കെയുടെ നായകന്‍. 10 ടീമുകള്‍ പങ്കെടുത്തപ്പോള്‍ കിരീടം നേടി അനുഭവസമ്പത്തുള്ളത് ധോണിക്ക് ഇത്തവണയും സിഎസ്‌കെയെ കിരീടത്തിലേക്കെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications