Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണി ദി ഫിനിഷര്‍! മുംബൈയുടെ കഥ കഴിഞ്ഞു- ത്രില്ലറില്‍ സിഎസ്‌കെ

1

മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ തെറ്റിച്ചില്ല. നാടകീയതയും പിരിമുറുക്കവുമെല്ലാം കണ്ട ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുട്ടുകുത്തിച്ചു. മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. മുന്‍ നായകനും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷറുമായ എംഎസ് ധോണിയുടെ മറ്റൊരു മാജിക്കല്‍ ഫിനിഷിങാണ് മുംബൈയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. മുംബൈ വിജയത്തിന് തൊട്ടരികില്‍ വരെയെത്തിയ ശേഷമാണ് അവസാന ഓവറിലെ അവസാന ബോളില്‍ ധോണി മല്‍സരം തട്ടിയെടുത്തത്. തുടര്‍ച്ചയായ ഏഴാം തോല്‍വിയോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചപ്പോള്‍ ചെന്നൈ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി.

156 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ചെന്നൈക്ക അവസാന ഓവറില്‍ നാലു വിക്കറ്റ് ബാക്കിനില്‍ക്കെ 17 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. ജയദേവ് ഉനാട്കട്ടെറിഞ്ഞ ആദ്യ ബോളില്‍ തന്നെ ഡ്വയ്ന്‍ പ്രെട്ടോറിയസ് വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ഇതോടെ അഞ്ചു ബോളില്‍ വേണ്ടത് 17 റണ്‍സ്. രണ്ടാമത്തെ ബോളില്‍ സിംഗിള്‍ മാത്രം. ഇതോടെ നാലു ബോളില്‍ 16 റണ്‍സ്. പിന്നെയങ്ങോട്ട് ധോണി ഷോയാണ് കണ്ടത്. മൂന്നാമത്തെ ബോളില്‍ സിക്‌സര്‍, തൊട്ടടുത്ത ബോൡ ബൗണ്ടറി. അഞ്ചാമത്തെ ബോളില്‍ രണ്ട് റണ്‍സ്. ഇതോടെ അവസാന ബോളില്‍ ബൗണ്ടറിയടിച്ചാല്‍ ചെന്നൈയ്ക്കു ജയിക്കാം. ധോണി അതു തന്നെ ചെയ്തു. മുംബൈ നിരാശയാല്‍ മുഖംപൊത്തിയപ്പോള്‍ ചെന്നൈ ആനന്ദനൃത്തം ചവിട്ടി.

2

13 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്സറുമടക്കം 28 റണ്‍സാണ് ധോണി നേടിയത്. അമ്പാട്ടി റായുഡു (40), റോബിന്‍ ഉത്തപ്പ (30), ഡ്വയ്്ന്‍ പ്രെട്ടോറിയസ് (22) എന്നിവരാണ് സിഎസ്‌കെയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. റുതുരാജ് ഗെയ്ക്വാദ് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ മിച്ചെല്‍ സാന്റ്‌നര്‍ (11), ശിവം ദുബെ (13), നായകന് രവീന്ദ്ര ജഡേജ (3), എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. നാലു വിക്കറ്റുകളെടുത്ത ഡാനിയല്‍ സാംസാണ് സിഎസ്‌കെയെ വിറപ്പിച്ചത്. നാലോവറില്‍ 30 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ചെന്നൈയ്ക്കു മുംബൈ നല്‍കിയത്. ഈ ടോട്ടല്‍ സിഎസ്‌കെ ചേസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത മുംബൈ കളിയില്‍ പിടിമുറുക്കിക്കൊണ്ടിരുന്നു. പക്ഷെ അവസാന ഓവറുകളില്‍ ചെന്നൈ മല്‍സരം തട്ടിയെടുക്കുകയായിരുന്നു.

റണ്ണൊഴുകുമെന്നു പ്രതീക്ഷിക്കപ്പെട്ട പോരാട്ടത്തില്‍ സിഎസ്‌കെയുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ മുംബൈയ്ക്കു വലിയ ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. ക്യാച്ചുകളടക്കം ഫീല്‍ഡിങില്‍ നിരവധി പിഴവുകള്‍ സിഎസ്‌കെ വരുത്തിയതാണ് മുംബൈയുടെ സ്‌കോര്‍ സ്‌കോര്‍ 150 കടത്തിയത്. അല്ലായിരുന്നെങ്കില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈയുടെ സ്ഥിതി കൂടുതല്‍ ദയനീയമാവുമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈ ഏഴു വിക്കറ്റിനു 155 റണ്‍സാണ് നേടിയത്.

3

യുവതാരം തിലക് വര്‍മയുടെ (51*) അപരാജിത ഫിഫ്റ്റിയാണ് മുംബൈയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 43 ബോളില്‍ താരം മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 21 ബോൡ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടി. അരങ്ങേറ്റ മല്‍സരം കളിച്ച റിത്വിക് ഷോക്കീന്‍ 25 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), ഓപ്പണിങ് പങ്കാളി ഇഷാന്‍ കിഷന്‍ (0) എന്നിവര്‍ ഡെക്കായപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസും (4) ക്ലിക്കായില്ല. കരെണ്‍ പൊള്ളാര്‍ഡ് (14), ഡാനിയേല്‍ സാംസ് (5), ജയദേവ് ഉനാട്കട്ട് (19*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. മൂന്നു വിക്കറ്റുകളെടുത്ത മുകേഷ് ചൗധരിയാണ് മുംബൈ മുന്‍നിരയെ തകര്‍ത്തത്. ഡ്വയ്ന്‍ ബ്രാവോ രണ്ടും മിച്ചെല്‍ സാന്റ്‌നര്‍, മഹീഷ് തീക്ഷണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഞെട്ടലോടെയായിരുന്നു മുംബയുടെ തുടക്കം. ചൗധരിയെറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ ബോളില്‍ രോഹിത്തും അഞ്ചാമത്തെ ബോളില്‍ ഇഷാനും മടങ്ങിയതോടെ മുംബൈ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി. ആദ്യ ഓവര്‍ കഴിയുമ്പോള്‍ മുംബൈ രണ്ടിന് ആറു റണ്‍സ്. തുടക്കത്തിലേറ്റ ഈ പ്രഹരത്തില്‍ നിന്നും കരകയറാന്‍ മുംബൈയ്ക്കായില്ല. മൂന്നാം ഓവറിലെ അവസാന ബോളില്‍ ബ്രെവിസിനെയും ചൗധരി മടക്കിയതോടെ മുംബൈ മൂന്നിന് 23 റണ്‍സ്. നാലാം വിക്കറ്റില്‍ സൂര്യകുമാര്‍-തിലക് ജോടി 43 റണ്‍സെടുത്തതോടെ മുംബൈ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറി. പക്ഷെ സൂര്യയെ പുറത്താക്കിയ സാന്റ്‌നര്‍ മുംബൈയ്ക്കു അടുത്ത പ്രഹരം നല്‍കി. അഞ്ചാം വിക്കറ്റില്‍ മുംബൈ ഇന്നിങ്‌സില്‍ മോശമല്ലാത്ത മറ്റൊരു കൂട്ടുകെട്ട് കൂടി കണ്ടു. തിലക്- ഷോക്കീന്‍ ജോടി 38 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന അഞ്ചോവറില്‍ 55 റണ്‍സ് മുംബൈ അടിച്ചെടുത്തു. ഇതാണ് അവരെ 155 എന്ന മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്.

4

ടോസ് ലഭിച്ചത് സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജയ്ക്കായിരുന്നു. അദ്ദേഹം പ്രതീക്ഷ തെറ്റിക്കാതെ ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇരുടീമുകളും മാറ്റങ്ങളുമായിട്ടാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. മോയിന്‍ അലി, ക്രിസ് ജോര്‍ഡന്‍ എന്നിവരെ ഒഴിവാക്കിയ സിഎസ്‌കെ പകരം ഡ്വയ്ന്‍ പ്രെട്ടോറിയസ്, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരെ കളിപ്പിക്കുകയായിരുന്നു. മുംബൈ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ടൈമല്‍ മില്‍സ്, മുരുഗന്‍ അശ്വിന്‍, ഫാബിയന്‍ അലെന്‍ എന്നിവരെ ഒഴിവാക്കിയ മുംബൈ പകരം റിത്വിക് ഷോക്കീന്‍, റിലേ മെറെഡിത്ത്, ഡാനിയേല്‍ സാംസ് എന്നിവരെ ഉള്‍പ്പെടുത്തി. ഇവരില്‍ ഷോക്കീന്‍, മെറെഡിത്ത് എന്നിവര്‍ക്കു കന്നി മല്‍സരം കൂടിയാണിത്.

പുതിയ നായകന്‍ ജഡേജയ്ക്കു കീഴില്‍ ഇറങ്ങിയ സിഎസ്‌കെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ കാഴ്ചവയ്ക്കുന്നത്. ആദ്യത്തെ നാലു മല്‍സരങ്ങളിലും സിഎസ്‌കെ തോല്‍വി വഴങ്ങിയിരുന്നു. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണിത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേയായിരുന്നു സിഎസ്‌കെയുടെ തോല്‍വി. അഞ്ചാം റൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 23 റണ്‍സിനു തോല്‍പ്പിച്ച് സിഎസ്‌കെ തോല്‍വികള്‍ക്കു ബ്രേക്കിട്ടു. പക്ഷെ അവസാന കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു സിഎസ്‌കെ പരാജയം സമ്മതിച്ചിരുന്നു.

അതേസമയം, ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് എന്നിവര്‍ക്കെതിരേയാണ് മുംബൈ തോറ്റത്. ബാറ്റിങ് നിര മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ടെങ്കിവും മികച്ച ബൗളര്‍മാരുടെ അഭാവമാണ് മുംബൈയെ വലയ്ക്കുന്നത്. എതിര്‍ ബാറ്റിങ് നിരയ്ക്കു മേല്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ മുംബൈയുടെ ബൗളര്‍മാര്‍ക്കു സാധിച്ചിട്ടില്ല.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, റിത്വിക് ഷോക്കീന്‍, യ്‌ദേവ് ഉനദ്കട്ട്, ഡാനിയേല്‍ സാംസ്, ജസ്പ്രീത് ബുംറ, റിലേ മെറെഡിത്ത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാവാദ്, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), ഡ്വയ്ന്‍ പ്രെട്ടോറിയസ്, മിച്ചെല്‍ സാന്റ്‌നര്‍, ഡ്വയ്ന്‍ ബ്രാവോ, മഹിഷ് തീക്ഷണ, മുകേഷ് ചൗധരി.

Story first published: Thursday, April 21, 2022, 23:50 [IST]
Other articles published on Apr 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+