Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'പെരിയ വിസില്‍ പോടുങ്കോ', ആര്‍സിബിയെ തകര്‍ത്ത് സിഎസ്‌കെ, 23 റണ്‍സ് ജയം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ആര്‍സിബിയെ തകര്‍ത്ത് സിഎസ്‌കെ. 23 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശിവം ദുബെ (95*) റോബിന്‍ ഉത്തപ്പ (88) എന്നിവരുടെ അര്‍ധ സെഞ്ച്വറിയും മഹേഷ് തീക്ഷണയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് സിഎസ്‌കെയ്ക്ക് ജയമൊരുക്കിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി. നാല് തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് സിഎസ്‌കെ വിജയ വഴിയില്‍ തിരിച്ചെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്ക് തുടക്കം പിഴച്ചു. സ്റ്റാര്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെയാണ് ആദ്യം നഷ്ടമായത്. 16 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സുമായി റുതുരാജ് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രം. സിഎസ്‌കെ കൈവിട്ട ജോഷ് ഹെയ്‌സല്‍വുഡ് റുതുരാജിനെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. 0, 1, 1, 16 എന്നിങ്ങനെയായിരുന്നു ആദ്യ നാല് മത്സരത്തിലെ റുതുരാജിന്റെ സ്‌കോര്‍. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയില്‍ നിന്നാണ് ഇത്തരമൊരു തകര്‍ച്ച റുതുരാജ് നേരിട്ടത്.

1

സിഎസ്‌കെ മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ താരമാണ് റുതുരാജ്. യുഎഇയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ റുതുരാജിന് ഇന്ത്യന്‍ പിച്ചുകള്‍ ദൗര്‍ബല്യം തന്നെയാണ്. മൂന്നാമനായി ക്രീസിലെത്തിയ മോയിന്‍ അലിക്ക് (8 പന്തില്‍ 3) തിളങ്ങാനായില്ല. സുയാഷ് പ്രഭുദേശായിയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങില്‍ ദിനേഷ് കാര്‍ത്തികിന്റെ മികച്ച പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ മോയിന്‍ അലിക്ക് മടക്ക ടിക്കറ്റ്. മോയിന്‍ അലി പുറത്താവുമ്പോള്‍ 6.4 ഓവറില്‍ രണ്ട് വിക്കറ്റിന് 36 എന്ന നിലയിലായിരുന്നു സിഎസ്‌കെ.

1

വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട സിഎസ്‌കെയെ രക്ഷിച്ചത് മൂന്നാം വിക്കറ്റിലൊത്തുകൂടിയ റോബിന്‍ ഉത്തപ്പയും ശിവം ദുബെയും ചേര്‍ന്നാണ്. രണ്ട് പേരും തല്ലിത്തകര്‍ത്തതോടെ മൂന്നാം വിക്കറ്റില്‍ പിറന്നത് 165 റണ്‍സിന്റെ കൂട്ടുകെട്ട്. പതിയെ തുടങ്ങിയ ഉത്തപ്പ പിന്നീട് ടോപ് ഗിയറിലേക്കാവുകയായിരുന്നു. 9 സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 89 റണ്‍സാണ് ഉത്തപ്പ നേടിയത്. സെഞ്ച്വറി നേടുമെന്ന് തോന്നിക്കവെ വനിന്‍ഡു ഹസരങ്കയുടെ ഓവറില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് ഉത്തപ്പ പുറത്തായത്. ഉത്തപ്പ മടങ്ങുമ്പോള്‍ 201 റണ്‍സെന്ന മികച്ച നിലയിലേക്ക് സിഎസ്‌കെ സ്‌കോര്‍ബോര്‍ഡ് എത്തിയിരുന്നു.

സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജ ആദ്യ പന്തില്‍ത്തന്നെ പുറത്തായി. നായകനായ ശേഷം ജഡേജ തന്റെ മോശം ഫോം തുടരുകയാണ്. അഞ്ചാം മത്സരത്തിലും ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ ജഡേജക്ക് സാധിച്ചില്ല. ആഞ്ഞടിച്ച ശിവം ദുബെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. 46 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സുമടക്കം 95 റണ്‍സുമായി ദുബെ പുറത്താവാതെ നിന്നു. അര്‍ഹിച്ച സെഞ്ച്വറി നേടാനായില്ലെങ്കിലും ഗംഭീര പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്.

1

ആര്‍സിബിക്കെതിരേ സിഎസ്‌കെ താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ ശിവം ദുബെക്ക് സാധിച്ചു. 95 റണ്‍സ് നേടിയ ദുബെ 95 റണ്‍സുമായി മുരളി വിജയിയുടെ റെക്കോഡിനൊപ്പമെത്തി. 88 റണ്‍സുമായി റോബിന്‍ ഉത്തപ്പ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 84* റണ്‍സ് നേടിയ എംഎസ് ധോണിയാണ് നാലാം സ്ഥാനത്ത്. കൂടാതെ ഐപിഎല്ലില്‍ കൂടുതല്‍ തവണ 200 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ സിഎസ്‌കെ ആര്‍സിബിക്കൊപ്പമെത്തി. 21 തവണയാണ് സിഎസ്‌കെയും ആര്‍സിബിയും 200ലധികം സ്‌കോര്‍ നേടിയത്. ആര്‍സിബിക്കായി വനിഡു ഹസരങ്ക രണ്ടും ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും നേടി.

1

മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് തുടക്കത്തിലേ നായകനെ നഷ്ടമായി. 9 പന്തില്‍ എട്ട് റണ്‍സ് നേടിയ ഡുപ്ലെസിസിനെ മഹേഷ് തീക്ഷണയാണ് പുറത്താക്കിയത്. വമ്പന്‍ സ്‌കോര്‍ പിന്തുടരുന്നതിന്റെ സമ്മര്‍ദ്ദം തുടക്കം മുതല്‍ സിഎസ്‌കെ താരങ്ങളില്‍ പ്രകടമായി. മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയ്ക്കും തിളങ്ങാനായില്ല. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത കോലിയെ മുകേഷ് ചൗധരിയാണ് പുറത്താക്കിയത്. കോലി മടങ്ങുമ്പോള്‍ 4.1 ഓവറില്‍ രണ്ട് വിക്കറ്റിന് 20 റണ്‍സെന്ന നിലയിലായിരുന്നു ആര്‍സിബി.

മറ്റൊരു ഓപ്പണറായ അനൂജ് റാവത്തിനെയും (16 പന്തില്‍ 12) തീക്ഷണ മടക്കി. ഒരു ബൗണ്ടറിയാണ് അദ്ദേഹം നേടിയത്. വമ്പനടിക്കാരനായ ഗ്ലെന്‍ മാക്‌സ് വെല്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്. 11 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും പറത്തിയ മാക്‌സ് വെല്‍ അപകടകാരിയായി മാറവെ രവീന്ദ്ര ജഡേജ മടക്ക ടിക്കറ്റ് നല്‍കി. മാക്‌സ് വെല്ലിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

1

യുവതാരം സുയാഷ് പ്രഭുദേശായി (18 പന്തില്‍ 34) മികച്ച പ്രകടനം നടത്തിയെങ്കിലും വലിയ സ്‌കോറിലേക്കെത്താനായില്ല. അഞ്ച് ഫോറും ഒരു സിക്‌സുമടക്കം മികച്ച പ്രകടനം നടത്തിയ താരത്തെ തീക്ഷണ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ആര്‍സിബിക്ക് പ്രതീക്ഷ നല്‍കി ഷഹബാസ് അഹ്‌മദ് (27 പന്തില്‍ 41) ബാറ്റുവീശിയെങ്കിലും വീണ്ടും തീക്ഷണം സിഎസ്‌കെയുടെ രക്ഷക്കെത്തി. നാല് ബൗണ്ടറി നേടിയ ഷഹബാസിനെ തീക്ഷണ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. വനിഡു ഹസരങ്കയും (7) പെട്ടെന്ന് മടങ്ങി.

ദിനേഷ് കാര്‍ത്തിക് (14 പന്തില്‍ 34) രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ തകര്‍ത്തടിച്ചെങ്കിലും ബ്രാവോയുടെ ഓവറില്‍ പുറത്തായതോടെ ആര്‍സിബിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. മുഹമ്മദ് സിറാജ് (14*), ജോഷ് ഹെയ്‌സല്‍വുഡ് (7*) പുറത്താവാതെ നിന്നു.

1

പ്ലേയിങ് 11: സിഎസ്‌കെ- റോബിന്‍ ഉത്തപ്പ, റുതുരാജ് ഗെയ്ക് വാദ്, മോയിന്‍ അലി, ശിവം ദുബെ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി.

ആര്‍സിബി- ഫഫ് ഡുപ്ലെസിസ്, അനൂജ് റാവത്ത്, വിരാട് കോലി, ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ് വെല്‍, ഷഹബാസ് അഹ്‌മദ്, വനിന്‍ഡു ഹസരങ്ക, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജോഷ് ഹെയ്‌സല്‍വുഡ്, സൂയേഷ് പ്രഭുദേശായി.

Story first published: Tuesday, April 12, 2022, 23:38 [IST]
Other articles published on Apr 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+