IPL 2022: ധോണിയെ 'കല്ലെറിയരുത്', ഫിനിഷിങ്ങില്‍ എന്നും രാജാവ്, പിന്തുണച്ച് ആര്‍പി സിങ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടക്കം പാളിയിരിക്കുകയാണ്. ആദ്യ മൂന്ന് മത്സരത്തിലും ടീം തോറ്റു. നിലവിലെ ജേതാക്കളായെത്തിയ സിഎസ്‌കെയ്ക്ക് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് കാണുന്നത്. എംഎസ് ധോണി നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറി ഇറങ്ങിയ ഈ സീസണില്‍ കാര്യങ്ങള്‍ സിഎസ്‌കെ പ്രതീക്ഷിച്ച രീതിയിലല്ല വരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും പഴയ കെട്ടുറപ്പിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല.
ദൗര്‍ബല്യങ്ങളേറെയുള്ള നിരയായാണ് നിലവില്‍ സിഎസ്‌കെയെ വിശേഷിപ്പിക്കാനാവുക. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് 54 റണ്‍സിനാണ് സിഎസ്‌കെ തോറ്റത്. റണ്‍സടിസ്ഥാനത്തിലെ ടീമിന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. പഞ്ചാബിനെതിരേ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയ്ക്കായി ശിവം ദുബെ (57) മാത്രമാണ് തിളങ്ങിയത്. എംഎസ് ധോണി (23) അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല.

ധോണി മത്സരത്തില്‍ ആംഗര്‍ റോളില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. സുനില്‍ ഗവാസ്‌കറടക്കം ധോണി ദുബെക്ക് കൂടുതല്‍ പിന്തുണ നല്‍കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ധോണി എക്കാലത്തെയും മികച്ച ഫിനിഷറാണെന്ന് പറഞ്ഞ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ആര്‍പി സിങ്.
'എംഎസ് ധോണി ക്രീസിലുള്ളപ്പോള്‍ എന്തും സാധ്യമാണ്. ഇതിന് മുമ്പ് പലവട്ടം തന്റെ ഫിനിഷിങ് മികവ് ധോണി തെളിയിച്ചിട്ടുള്ളതാണ്. ഒറ്റ പ്രകടനംകൊണ്ട് അദ്ദേഹത്തെ തള്ളിപ്പറയാനാവില്ല. ശിവം ദുബെ ഭയമില്ലാതെ കളിച്ചു. ധോണിയോടൊപ്പം നിര്‍ണ്ണായകമായ കൂട്ടുകെട്ട് ഉണ്ടാക്കാനും ദുബെക്ക് സാധിച്ചു. ധോണിയെപ്പോലൊരാള്‍ അപ്പുറത്തുണ്ടെന്ന ധൈര്യത്താലാണ് ദുബെയ്ക്ക് ഭയമില്ലാതെ കളിക്കാന്‍ സാധിച്ചത് '- ആര്‍പി സിങ് പറഞ്ഞു.

സിഎസ്‌കെയുടെ ബാറ്റിങ് നിരയില്‍ ആര്‍ക്കും സ്ഥിരതയില്ല. ഫഫ് ഡുപ്ലെസിസ് ആദ്യ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയത് ടീമിന്റെ പ്രകടനത്തെ ബാധിച്ചു. ഫഫ് ഡുപ്ലെസിസിന്റെ അഭാവം സിഎസ്‌കെ നിരയില്‍ പ്രകടമാവുന്നുണ്ട്. പഞ്ചാബിനെതിരേ റോബിന്‍ ഉത്തപ്പ (13), മോയിന്‍ അലി (0), അമ്പാട്ടി റായിഡു (13), രവീന്ദ്ര ജഡേജ (0) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് തന്ത്രം മെനയുന്ന പതിവ് രീതിയാണ് സിഎസ്‌കെ ഇത്തവണയും പിന്തുടരുന്നതെങ്കിലും അവസാന സീസണിലേതുപോലെ ഇത്തവണ ഭാഗ്യം തുണക്കുന്നില്ല.
ആദ്യ മൂന്ന് മത്സരങ്ങള്‍ തോറ്റ സിഎസ്‌കെയ്ക്ക് തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്നും 2020 സീസണിന്റെ ആവര്‍ത്തനമാണ് ഇത്തവണയും കാത്തിരിക്കുന്നതെന്നുമെല്ലാം അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ക്കൊണ്ട് തളര്‍ന്നുപോകുന്ന നിരയല്ല സിഎസ്‌കെയെന്നും ശക്തമായി അവര്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.

'ഏറ്റവും ശക്തമായ തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള നിരയാണ് സിഎസ്‌കെയുടേത്. മൂന്ന് മത്സരങ്ങള്‍ക്കൊണ്ട് സിഎസ്‌കെ പുറത്താവുമെന്ന് വിലയിരുത്താനാവില്ല. മത്സരം കൈവിട്ട് പോയെന്ന് തോന്നിയാല്‍ നെറ്റ് റണ്‍റേറ്റ് ലക്ഷ്യംവെച്ച് കളിക്കുന്ന ടീമാണ് സിഎസ്‌കെ. എന്നാല്‍ പഞ്ചാബിനെതിരേ അതിലും സിഎസ്‌കെ പരാജയപ്പെട്ടു. 20 ഓവറുകള്‍ അവര്‍ പ്രയോജനപ്പെടുത്തിയതില്‍ പാളിച്ചകള്‍ സംഭവിച്ചു. സീസണ്‍ അവസാനിക്കുമ്പോള്‍ ഈ ഫലങ്ങളൊക്കെ തിരിച്ചടിയായി മാറിയേക്കും'-പ്രഗ്യാന്‍ ഓജ പറഞ്ഞു.

വരുന്ന മത്സരങ്ങളിലും സിഎസ്‌കെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത കുറവാണ്. റുതുരാജ് ഗെയ്ക് വാദ്, അമ്പാട്ടി റായിഡു, മോയിന്‍ അലി എന്നിവര്‍ സ്ഥിരതയിലേക്കെത്തിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ നിലവില്‍ സിഎസ്‌കെയ്ക്കുള്ളു. നായകനെന്ന നിലയില്‍ രവീന്ദ്ര ജഡേജക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിക്കേണ്ടതും സിഎസ്‌കെയുടെ തിരിച്ചുവരവിന് വളരെ പ്രധാനപ്പെട്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications