IPL 2021: ധോണി എന്തിന് ഈ 'കടുംകൈ' ചെയ്യുന്നു? ജഡേജയ്ക്കു മുമ്പ് ഇറങ്ങരുതെന്ന് സല്‍മാന്‍ ബട്ട്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ബാറ്റിങ് പൊസിഷനെ ചോദ്യം ചെയ്ത് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സല്‍മാന്‍ ബട്ട്. ബാറ്റിങില്‍ മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയേക്കാള്‍ മുമ്പ് ധോണി ഇറങ്ങുന്നതിനെയാണ് ബട്ട് വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജഡേജയേക്കാള്‍ നേരത്തേ ധോണി ക്രീസിലെത്തിയിരുന്നു. രണ്ടു ഇന്നിങ്‌സുകളിലും ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പാവുകയും ചെയ്തു.
ചെന്നൈയുടെ ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ ഇതിനകം അവസാനിച്ചു കഴിഞ്ഞു. ഇനി പ്ലേഓഫിലാണ് ധോണിയും സംഘവും കളിക്കാനിരിക്കുന്നത്. ലീഗ് ഘട്ടത്തില്‍ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് ചെന്നൈ പ്ലേഓഫിനു തയ്യാറെടുക്കുന്നത്.

ധോണി എന്തു കൊണ്ട് ഇതു ചെയ്യുന്നു?
എന്തുകൊണ്ടാണ് രവീന്ദ്ര ജഡേജയേക്കാള്‍ മുമ്പ് എംഎസ് ധോണി ബാറ്റ് ചെയ്യാനെത്തുന്നത്? വളരെ നന്നായി ബാറ്റ് ചെയ്യുന്ന ജഡജയ്ക്കും മുമ്പ് അദ്ദേഹം വരുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. ജഡേജ മാത്രമല്ല ഡ്വയ്ന്‍ ബ്രാവോയും നന്നായി ഷോട്ടുകള്‍ കളിക്കുന്നുണ്ട്. ധോണിക്കു ഉപദേശകനാവാം, അദ്ദേഹം ഇന്ത്യക്കു വേണ്ടി ഇപ്പോള്‍ കളിക്കുന്നില്ല. ജഡേജയ്ക്കു മുമ്പ് ധോണി ബാറ്റ് ചെയ്യാനെത്തുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും സല്‍മാന്‍ ബട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ വിമര്‍ശിച്ചു.

ധോണി എന്താണ് ചിന്തിക്കുന്നത്?
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫിലെത്തിക്കഴിഞ്ഞു, എന്തുകൊണ്ടാണ് അദ്ദേഹത്തിനു കൂടുതല്‍ പരിശീലനം നല്‍കാത്തത്, ഇതു മനസിലാക്കാന്‍ സാധിക്കാത്ത കാര്യമാണ്. ധോണി എന്താണ് ചിന്തിക്കുന്നതെന്നും എന്തുകൊണ്ടാണ് അദ്ദേഹം ഇതു ചെയ്യുന്നതെന്നും തനിക്കു മനസ്സിലാവുന്നില്ലെന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ പ്രകടനം
കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ തുടര്‍ച്ചയെന്നോണം ഈ സീസണിലും ധോണി ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമാണ്. കഴിഞ്ഞ സീസണിലേക്കാള്‍ മോശമാണ് ഇത്തവണ അദ്ദേഹത്തിന്റെ ബാറ്റിങ്. 40 കാരനായ ധോണി 13.71 എന്ന മോശം ശരാശരിയില്‍ വെറും 96 റണ്‍സ് മാത്രമേ ധോണി നേടിയിട്ടുള്ളൂ. 95.05 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്.
ഈ സീസണില്‍ ഒരിന്നിങ്‌സില്‍പ്പോലും 20 റണ്‍സ് തികയ്ക്കാന്‍ ധോണിക്കായിട്ടുമില്ല. 18 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ സീസണിലും ധോണി ബാറ്റിങില്‍ നിറംമങ്ങിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 25 ശരാശരിയില്‍ 200 റണ്‍സായിരുന്നു അദ്ദേഹത്തിനു നേടാനായത്. ഒരു ഫിഫ്റ്റി പോലും തികയ്ക്കാന്‍ ധോണിക്കായില്ല. പുറത്താവാതെ നേടിയ 200 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 2020ലെ ഐപിഎല്ലില്‍ സ്‌കോര്‍ ചെയ്തതിന്റെ പകുതി പോലും ഇത്തവണ അദ്ദേഹമെത്തിയിട്ടില്ല.
അതേസമയം, ജഡേജയാവട്ടെ പതിവുപോലെ ഈ സീസണിലും ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. 75.67 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 145.51 സ്‌ട്രൈക്ക് റേറ്റോടെ 227 റണ്‍സാണ് അദ്ദേഹം സീസണില്‍ സ്‌കോര്‍ ചെയ്തത്.

ചെന്നൈ രണ്ടാംസ്ഥാനത്ത്
ബാറ്റിങില്‍ എംഎസ് ധോണിയുടെ മോശം ഫോം ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കാര്യമായി ബാധിച്ചിട്ടില്ല. കാരണം മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനം ചെന്നൈയ്ക്കു കരുത്താവുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്താതെ പുറത്തായ സിഎസ്‌കെ ഈ സീസണില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫില്‍ സ്ഥാനം ബുക്ക് ചെയ്തായിരുന്നു ചെന്നൈ കഴിഞ്ഞ തവണത്തെ തിരിച്ചടിക്കു പ്രായശ്ചിത്തം ചെയ്തത്.
നിലവില്‍ 14 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും അഞ്ചു തോല്‍വിയുമടക്കം 18 പോയിന്റോടെ ചെന്നൈ രണ്ടാംസ്ഥാനത്താണ്. ഈ സ്ഥാനം സിഎസ്‌കെ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications