ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചതോടെ ബിസിസിഐ ഇതിന്റെ മറ്റു തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇതിനകം യുഎഇയില്‍ എത്തിക്കഴിഞ്ഞു. പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവരും വൈകാതെ ഇവിടെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേയ് നാലിനായിരുന്നു ഇന്ത്യയില്‍ നടന്നു കൊണ്ടിരുന്ന ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്നത്. 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഇനി 31 മല്‍സരങ്ങള്‍ സീസണില്‍ ബാക്കിയുണ്ട്. ഇവയായിരിക്കും യുഎഇയില്‍ നടത്തുന്നത്. എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡുമായും (ഇസിബി) മറ്റു അതോറിറ്റികളുമായും വൈകാതെ ചര്‍ച്ച നടത്തുമെന്നും അതിനു ശേഷമായിരിക്കും രണ്ടാം ഘട്ട മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിക്കുകയെന്നും ശുക്ല അറിയിച്ചു.
കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാനാവുമോയെന്നയാണ് ഒരേയൊരു പ്രശ്‌നം. ഇതേക്കുറിച്ച് ഞങ്ങള്‍ അധികൃതരുമായി ചര്‍ച്ച ചെയ്യും. യുഎഇ അധികൃതര്‍ എന്തു തീരുമാനിച്ചാലും അതിനെ പിന്തുണയ്ക്കുകയും ചെയ്യും. നിശ്ചിത ശതമാനം കാണികളെ പ്രവേശിപ്പിക്കാമെന്ന് അവര്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ക്കു കുഴപ്പമില്ല. ഇനി കാണികളെ തീരെ പ്രവേശിപ്പിക്കേണ്ടെന്നു അവര്‍ തീരുമാനമെടുത്താലും ഞങ്ങള്‍ക്കു കുഴപ്പമില്ലെന്നും ശുക്ല പറഞ്ഞു.
രണ്ടാംഘട്ട മല്‍സരങ്ങളിലെ വിദേശ താങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ടു ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഞങ്ങളുടെ പ്രധാന ദൗത്യം ഈ സീസണിലെ ഐപിഎല്‍ പൂര്‍ത്തിയാക്കുകയെന്നതാണ്. പാതിവഴിയില്‍ വച്ച് ഉപേക്ഷിക്കാന്‍ സാധിക്കില്ല. വിദേശ താരങ്ങളില്‍ പലരും പിന്‍മാറിയാലും അതു ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ താരങ്ങള്‍ തീര്‍ച്ചയായും രണ്ടാംഘട്ട മല്‍സരങ്ങളിലുണ്ടാവും. വിദേശ താരങ്ങളും കളിക്കും, കുറച്ചു വിദേശ താരങ്ങള്‍ മാത്രമായിരിക്കും വിട്ടുനില്‍ക്കുക. എന്തു തന്നെ സംഭവിച്ചാലും ടൂര്‍ണമെന്റ് പൂര്‍ത്തീകരിക്കുകയെന്നതാണ് ഞങ്ങള്‍ക്കു പ്രധാനം. പിന്‍മാറുന്ന കളിക്കാര്‍ക്കു പകരം ഫ്രാഞ്ചൈസികള്‍ക്കു മറ്റു താരങ്ങളെ കൊണ്ടുവരേണ്ടി വരും. ലഭ്യമാവുന്ന കളിക്കാരെ വച്ച് ടൂര്‍ണമെന്റ് മുന്നോട്ട് കൊണ്ടു പോവുകയെന്നതാണ് തങ്ങളുടെ പോളിസിയെന്നും ശുക്ല അറിയിച്ചു.

രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയിലേക്കു മാറ്റിയതില്‍ ഫ്രാഞ്ചൈസികള്‍ ഹാപ്പിയാണ്. ആദ്യ ദിനം മുതല്‍ അവര്‍ വേദിയായി യുഎഇയെ പിന്തുണയ്ക്കുന്നുണ്ട്. നേരത്തേ ഇംഗ്ലണ്ടില്‍ ശേഷിച്ച ഐപിഎല്‍ മല്‍സരങ്ങള്‍ നടന്നേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. പക്ഷെ അവിടെ കാലാവസ്ഥ വില്ലനാണ്. ഒരുപാട് മഴ പെയ്യുന്ന സ്ഥലമാണ് ഇംഗ്ലണ്ട്. 20 ദിവസം കൊണ്ട് രണ്ടാംഘട്ട മല്‍സരങ്ങള്‍ തീര്‍ക്കാനായിരിക്കും ശ്രമം. സപ്തംബര്‍ 19ന് ആരംഭിക്കുകയാണെങ്കില്‍ ഒക്ടോബര്‍ 10ന് അവസാനിപ്പിക്കാന്‍ കഴിയുമെന്നും ശുക്ല കൂട്ടിച്ചേര്‍ത്തു.