Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയുടെ ഈ താരങ്ങള്‍ക്കിത് ഗുഡ്‌ബൈ സീസണ്‍! ഇനിയൊരിക്കലും കണ്ടേക്കില്ല

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. യുഎഇയില്‍ സപ്തംബര്‍ രണ്ടാവാരം മുതലാണ് ടൂര്‍ണമെന്റ് നടക്കുക. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സടക്കം ചില ഫ്രാഞ്ചൈസികള്‍ ഇതിനകം യുഎഇയിലെത്തിക്കഴിഞ്ഞു. ടൂര്‍ണമെന്റിനു മുന്നോടിയായി പരിശീലന ക്യാംപ് സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രാഞ്ചൈസികള്‍ നേരത്തേ ഇവിടെ തമ്പടിച്ചിരിക്കുന്നത്.

എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം കിരീടം മോഹിച്ചാണ് യുഎഇയിലെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നടന്ന മല്‍സരങ്ങള്‍ നിര്‍ത്തി വയ്ക്കുമ്പോള്‍ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച സിഎസ്‌കെ രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു പരാജയപ്പെട്ടത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാത്രമാണ് പോയിന്റ് പട്ടികയില്‍ സിഎസ്‌കെയ്ക്കു മുന്നിലുള്ളത്. ഈ സീസണില്‍ ധോണിപ്പടയെ തോല്‍പ്പിച്ച രണ്ടു ടീമുകള്‍ ഡല്‍ഹിയും മുംബൈയുമായിരുന്നു. ഇപ്പോള്‍ സിഎസ്‌കെയ്‌ക്കൊപ്പമുള്ള ചില പ്രമുഖ താരങ്ങള്‍ക്കു മഞ്ഞക്കുപ്പായത്തില്‍ അവസാനത്തെ സീസണ്‍ കൂടിയായിരിക്കും ഇത്. അടുത്ത സീസണില്‍ ഇവരെ സിഎസ്‌കെയ്‌ക്കൊപ്പം മാത്രമല്ല ഐപിഎല്ലില്‍ തന്നെ കണ്ടേക്കില്ല. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മധ്യനിര ബാറ്റ്‌സ്മാനുമായ ചേതേശ്വര്‍ പുജാരയാണ് ആദ്യത്തെയാള്‍. കഴിഞ്ഞ ലേലത്തില്‍ അദ്ദേഹത്തെ സിഎസ്‌കെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നപ്പോള്‍ ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം വന്നിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിനു യോജിക്കാത്ത താരമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട പുജാരയെ സിഎസ്‌കെ എന്തുകൊണ്ട് വാങ്ങിച്ചുവെന്നതായിരുന്നു പലരുടെയും സംശയം. വര്‍ഷങ്ങള്‍ ശേഷമായിരുന്നു ലേലത്തില്‍ പുജാരയെ ഒരു ഫ്രാഞ്ചൈസി വാങ്ങുകയും ചെയ്തത്.
സിഎസ്‌കെ ടീമിന്റെ ഭാഗമാണെങ്കിലും അദ്ദേഹത്തിനു ഇനിയും അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിട്ടില്ല. യുഎഇയില്‍ നടക്കാനിരിക്കുന്ന ബാക്കി മല്‍സരങ്ങളിലും അതിനു സാധ്യത കുറവാണ്. ഒരുപക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാനാവാതെ പുജാര ടീമിനു പുറത്തേക്കു പോവാനാണ് സാധ്യത. സിഎസ്‌കെ ഒഴിവാക്കിയാല്‍ അതോടെ അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിനും അന്ത്യമായേക്കും. ഇനിയൊരു ഫ്രാഞ്ചൈസിക്കൊപ്പം പുജാരയെ കാണാന്‍ സാധ്യത തീരെ കുറവാണ്.
2010 മുതല്‍ 14 വരെയാണ് പുജാര ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. ഈ കാലയളവില്‍ 30 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു നേടാനായത് 390 റണ്‍സ് മാത്രമായിരുന്നു. 20.52 ശരാശരിയില്‍ 99.74 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ പുജാരയ്ക്കു നേടാനായിട്ടുള്ളൂ.

 ഡ്വയ്ന്‍ ബ്രാവോ

ഡ്വയ്ന്‍ ബ്രാവോ

വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ഏറെക്കാലമായി സിഎസ്‌കെയ്‌ക്കൊപ്പമുള്ള അവരുടെ മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഈ 37 കാരന്‍. ബാറ്റിങിലൂടെയും ബൗളിങിലൂടെയും സിഎസ്‌കെയെ ഒരുപാട് മല്‍സരങ്ങളില്‍ ബ്രാവോ വിജയിപ്പിച്ചിട്ടുണ്ട്. ടീമിലെ മികച്ച ഫിനിഷര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.
ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിനോടൊപ്പം ബ്രാവോയുടെ അവസാനത്തെ ചാംപ്യന്‍ഷിപ്പായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ലോകകപ്പിനു ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിട പറയുമെന്നാണ് വിവരം. നേരത്തേ 2018ല്‍ ഒരു തവണ വിരമിച്ച ശേഷം ഈ തീരുമാനം പിന്‍വലിച്ച് ബ്രാവോ മടങ്ങി വരികയായിരുന്നു. എന്നാല്‍ ഇത്തവണ പടിയിറങ്ങിയാല്‍ പിന്നീട് വിന്‍ഡസ് ടീമിലേക്കു ഒരു തിരിച്ചുവരവുണ്ടാവില്ലെന്നുറപ്പാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ പിന്നീട് ബ്രാവോയ്ക്കു ഐപിഎല്ലില്‍ തുടരുകയെന്നതും ബുദ്ധിമുട്ടായിരിക്കും. കാരണം ഉയര്‍ന്ന നിലവാരത്തിലുള്ള മാച്ച് പ്രാക്ടീസിന്റെ അഭാവം അദ്ദേഹത്തിനു ഐപിഎല്ലിലേക്കുള്ള വഴിയടയ്ക്കും. പ്രായവും ബ്രാവോയ്ക്കു എതിരാണ്. അടുത്ത മെഗാ ലേലത്തില്‍ മറ്റൊരു ഫ്രാഞ്ചൈസി അദ്ദേഹത്തിനു വേണ്ടു രംഗത്തു വരാന്‍ സാധ്യത കുറവാണ്.
2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ് ബ്രാവോ. 144 മല്‍സരങ്ങളില്‍ നിന്നും 22.87 ശരാശരിയില്‍ 129.05 സ്‌ട്രൈക്ക് റേറ്റോടെ 1510 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അഞ്ചു ഫിഫ്റ്റികളോടെയായിരുന്നു ഇത്. പുറത്താവാതെ നേടിയ 70 റണ്‍സാണ് ബ്രാവോയുടെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങില്‍ മാത്രമല്ല 156 വിക്കറ്റുകളുമായി ബൗളിങിലും താരം മിന്നി. 22 റണ്‍സിനു നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

 എംഎസ് ധോണി

എംഎസ് ധോണി

സിഎസ്‌കെയുടെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ഈ ലിസ്റ്റിലെ മൂന്നാതത്തെയും അവസാനത്തേയുമാള്‍. ഈ സീസണിനു ശേഷം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുമെന്ന് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും 40 കാരനായ ധോണി ഇനിയൊരു സീസണില്‍ കൂടി കളിക്കളത്തില്‍ തുടരാന്‍ സാധ്യതയില്ല.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു തികച്ചും അപ്രതീക്ഷിതമായി ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിലേറെയായി ദേശീയ ടീമിനു പുറത്തായിരുന്നെങ്കിലും അദ്ദേഹം മടങ്ങി വന്നേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയായിരുന്നു അവരെ ഞെട്ടിച്ച വിരമിക്കല്‍ പ്രഖ്യാപനം. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലായിരുന്നു ധോണിയെ അവസാനമായി ഇന്ത്യയുടെ നീല ജഴ്‌സിയില്‍ കണ്ടത്. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലായിരുന്നു ടീമിനൊപ്പം അദ്ദേഹത്തിന്റെ അവസാനത്തെ മല്‍സരം. ഇന്ത്യ പരാജയപ്പെട്ട ഈ കളിയില്‍ ധോണി റണ്ണൗട്ടാവുകയും ചെയ്തിരുന്നു. നേരത്തേ കരിയറിലെ അരങ്ങേറ്റ മല്‍സരത്തിലും അദ്ദേഹം റണ്ണൗട്ടോടെയായിരുന്നു തുടങ്ങിയത്. റണ്ണൗട്ടിലൂടെ തന്നെ ഉജ്ജ്വല കരിയറിനു തിരശീല വീഴുകയും ചെയ്തു.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ധോണിക്കു ഇപ്പോഴും ഏതൊരു യുവതാരത്തോടൊപ്പവും പിടിച്ചുനില്‍ക്കാന്‍ കഴിയും. പക്ഷെ ബാറ്റിങില്‍ അദ്ദേഹത്തിനു പഴയ ടച്ച് നഷ്ടമായിരിക്കുകയാണ്. ഈ സീസണിലെയും കഴിഞ്ഞ സീസണിലെയും ഐപിഎല്ലുകളില്‍ നമ്മള്‍ അതു കാണുകയും ചെയ്തിരുന്നു.
അടുത്ത സീസണിനു മുമ്പുള്ള മെഗാ ലേലത്തില്‍ മൂന്നു താരങ്ങളെ നിലനിര്‍ത്താന്‍ ഒരു ഫ്രാഞ്ചൈസിക്കു കഴിയുമെങ്കിലും സിഎസ്‌കെ ധോണിയെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. പ്രായം 40ലേക്കു കടന്നതും ഐപിഎല്‍ അല്ലാതെ മറ്റൊന്നിലും കളിക്കുന്നില്ലെന്നതും അദ്ദേഹത്തിന്റെ നെഗറ്റീവുകളാണ്.
2008ലെ ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ധോണി സിഎസ്‌കെ ടീമിന്റെ ഭാഗമാണ്. വാതുവയ്പില്‍ കുടുങ്ങി സിഎസ്‌കെ ടീം രണ്ടു വര്‍ഷത്തേക്കു ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലേക്കു മാറിയിരുന്നു. 2018ല്‍ ടൂര്‍ണമെന്റിലേക്കു തിരികെ വന്നപ്പോള്‍ ധോണിയെ സിഎസ്‌കെ തിരിച്ചെടുക്കുകയായിരുന്നു. 211 മല്‍സരങ്ങളില്‍ നിന്നും 40.25 ശരാശയില്‍ 4669 റണ്‍സാണ് അദ്ദേഹം നേടിയത്. 23 ഫിഫ്റ്റികളടക്കമായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 84 റണ്‍സാണ്.

Story first published: Thursday, August 19, 2021, 15:44 [IST]
Other articles published on Aug 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+