
യുഎഇയില്‍ അടുത്ത മാസമാരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു മുന്നോടിയായി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദുബായില്‍ പരിശീലനം ആരംഭിച്ചു. ദുബായിലെ ഐസിസി അക്കാദമിയിലാണ് ടീം പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. യുഎഇയില്‍ പരിശീലനത്തിനു തുടക്കമിട്ട ആദ്യ ടീമും സിഎസ്‌കെയാണ്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് ആദ്യം യുഎഇയില്‍ വിമാനമിറങ്ങിയതെങ്കിലും അവര്‍ ഇനിയും പരിശീലനം തുടങ്ങിയിട്ടില്ല.
രണ്ടാംഘട്ടത്തിലെ ആദ്യ മല്‍സരം കളിക്കുന്ന ടീം കൂടിയാണ് സിഎസ്‌കെ. സപ്തംബര്‍ 19ന് നിലവിലെ ജേതാക്കളായ മുംബൈയുമായാണ് ധോണിയും സംഘവും കൊമ്പുകോര്‍ക്കുക. കഴിഞ്ഞ സീസണിലെ ഐപിഎല്ലും യുഎഇയിലായിരുന്നു. അന്നു ദയനീയ പ്രകടനമായിരുന്നു സിഎസ്‌കെയുടേത്. പ്ലേഓഫ് പോലും കാണാതെ നാണംകെട്ടായിരുന്നു സിഎസ്‌കെ നാട്ടിലേക്കു മടങ്ങിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു തിരിച്ചടി അവര്‍ക്കു നേരിട്ടത്. ഇത്തവണ അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റിനും ഒരു മാസം മുമ്പ് തന്നെ ധോണിയും താരങ്ങളും യുഎഇയിലെത്തി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്.

ഇത്തവണ യുഎഇയിലെത്തിയ ശേഷം ആറു ദിവസം സിഎസ്‌കെ ടീം ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. ദുബായിലെ ഒരു ഹോട്ടലിലായിരുന്നു ഇത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായ ശേഷമാണ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയിരിക്കുന്നത്. ഐസിസി അക്കാദമിയിലെ പരിശീലന സെഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സിഎസ്‌കെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. നായകന്‍ ധോണി, വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന എന്നിവരെയെല്ലാം ഇക്കൂട്ടത്തില്‍ കാണാം.
മൂന്നു തവണ ധോണിക്കു കീഴില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ സിഎസ്‌കെ ഇത്തവണ നാലാമത്തെ കിരീടമാണ് ലക്ഷ്യമിടുന്നത്. 2018ലായിരുന്നു അവരുടെ അവസാന കിരീടവിജയം. രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് അന്നു കിരീടനേട്ടത്തോടെ സിഎസ്‌കെ ആഘോഷിക്കുകയായിരുന്നു. ക്യാപ്റ്റനും ഇതിഹാസതാരവുമായ ധോണിയുടെ കരിയറിലെ ഒരുപക്ഷെ അവസാനത്തെ ഐപിഎല്‍ കൂടിയായിരിക്കും ഇത്തവണത്തേത്. അതുകൊണ്ടു തന്നെ കിരീടവിജയത്തോടെ രാജകീയമായി പടിയിറങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം.
ഈ സീസണിലെ ഐപിഎല്ലില്‍ ഇന്ത്യ വേദിയായ ആദ്യഘട്ട മല്‍സരങ്ങില്‍ മികച്ച പ്രകടനമായിരുന്നു സിഎസ്‌കെയുടേത്. കൊവിഡ് വ്യാപനം കാരണം ടൂര്‍ണമെന്റ് അപ്രതീക്ഷിതമായി നിര്‍ത്തിവയ്ക്കുമ്പോള്‍ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച ധോണിപ്പട രണ്ടെണ്ണത്തില്‍ മാത്രമാണ് തോറ്റത്. 10 പോയിന്റായിരുന്നു ടീമിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ എന്നിവരോടായിരുന്നു സിഎസ്‌കെ തോല്‍വി രുചിച്ചത്. പ്ലേഓഫിന് അരികിലാണ് സിഎസ്‌കെ. ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ നാലെണ്ണമെങ്കിലും ജയിക്കാനായാല്‍ അവര്‍ക്കു അടുത്ത റൗണ്ടിലേക്കു മുന്നേറാം.
ഇപ്പോള്‍ യുഎഇയിലെത്തിയിക്കുന്ന സിഎസ്‌കെ സംഘത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. വിദേശ താരങ്ങള്‍ പിന്നീട് ഘട്ടം ഘട്ടമായിട്ടാണ് ടീമിനൊപ്പം ചേരുക. അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ തുടങ്ങിയ താരങ്ങളെല്ലാം നെറ്റ്‌സില്‍ കഴിഞ്ഞ ദിവസം പരിശീലനം നടത്തി. അടുത്തിടെ ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദും നെറ്റ്‌സില്‍ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. ശിഖര്‍ ധവാനു കീഴില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളില്‍ താരം ഉള്‍പ്പെട്ടിരുന്നു. ടി20 പരമ്പരയിലൂടെയയായിരുന്നു റുതുരാജിന്റെ അരങ്ങേറ്റം. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു കഴിഞ്ഞിരുന്നില്ല. ലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ടി20 പരമ്പരയില്‍ ലങ്കയായിരുന്നു ചാംപ്യന്‍മാര്‍.