IPL 2021: ഇനിയൊരു സീസണ്‍ ധോണിയെ കാണില്ല! ഇതു അവസാനത്തേത്- പ്രവചിച്ച് ഹോഗ്
ഐപിഎല്ലിന്റെ ഈ സീസണോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരവും ക്യാപ്റ്റനുമായ എംഎസ് ധോണി വിരമിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗിന്റെ പ്രവചനം. അടുത്തിടെ സിഎസ്‌കെയുടെ സിഇഒ ധോണിയുടെ വിരമിക്കല്‍ സാധ്യത തള്ളുകയും അടുത്ത സീസണിലും തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും വ്യക്തമാക്കിയിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ തന്ത്രങ്ങള്‍ക്കു ഇപ്പോഴും മൂര്‍ച്ച കുറഞ്ഞിട്ടില്ലെങ്കിലും ബാറ്റിങില്‍ അദ്ദേഹത്തിനു പഴയ വേഗത നഷ്ടമായിക്കഴിഞ്ഞു. ഈ സീസണില്‍ റണ്ണെടുക്കാന്‍ പാടുപെടുകയാണ് ധോണി. കഴിഞ്ഞ സീസണിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍. ധോണി ഫോമിലല്ലെങ്കിലും സിഎസ്‌കെ ഈ സീസണില്‍ ഉജ്ജ്വല പ്രകടനമാണ് നടത്തുന്നത്. നിലവില്‍ പ്ലേഓഫില്‍ അവര്‍ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു.

സീസണിനു ശേഷം വിരമിക്കും
യുഎഇയില്‍ പുരോഗമിക്കുന്ന ഈ സീസണിലെ ഐപിഎല്‍ കഴിഞ്ഞാല്‍ ധോണി വിരമിക്കുമെന്നാണ് താന്‍ കരുതുന്നതെന്നു ഹോഗ് അഭിപ്രായപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതതിരായ കഴിഞ്ഞ മല്‍സരത്തില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരേ ബൗള്‍ഡായാണ് അദ്ദേഹം മടങ്ങിയത്. ബാറ്റിനും പാഡിനുമിടയില്‍ വലിയ ഗ്യാപ്പുണ്ടായിരുന്നു. 40ാം വയസ്സിലെത്തിയപ്പോള്‍ അത് ധോണിയുടെ റിഫ്‌ളക്‌സുകളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് ഇപ്പോഴും ഗംഭീരം തന്നെയാണെന്നും ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവ്
അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി ധോണിയെ നിയമിച്ചതിനെ ഹോഗ് സ്വാഗതം ചെയ്തു. ഇപ്പോഴും അദ്ദേഹം മല്‍സരംഗത്തു തുടരുന്നത് സിഎസ്‌കെയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും നല്ലതാണ്. കാരണം ധോണിയുടെ നേതൃമികവ് വളരെയേറെ ഗുണം ചെയ്യും. ക്രിക്കറ്ററെന്ന നിലയില്‍ രവീന്ദ്ര ജഡേജയെ വളര്‍ത്തിക്കൊണ്ടു വന്നത് അദ്ദേഹമാണ്. കൂടാതെ യുവതാരങ്ങളെയും ധോണി സഹായിക്കുന്നുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങിനിടെ പുറത്തായി മടങ്ങുമ്പോള്‍ ധോണിയുടെ കണ്ണുകളില്‍ തിളക്കമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിനു ബാറ്റിങില്‍ പഴയ മൂര്‍ച്ച നഷ്ടപ്പെട്ടുവെന്നാണ് താന്‍ കരുതുന്നതെന്നും ഹോഗ് നിരീക്ഷിച്ചു.

സിഎസ്‌കെയുടെ മുഖ്യ കോച്ചാവും
ധോണിയുടെ അനുഭവസമ്പത്തും നേതൃത്വ മികവും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു മുതല്‍ക്കൂട്ടാവുമെന്നു ഹോഗ് വിലയിരുത്തി. സുപ്രധാന റോളാണ് ധോണിക്കു ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എനിക്കു തോന്നുന്നത് അദ്ദേഹം വൈകാതെ മാനേജ്‌മെന്റ് റോളിലേക്കു മാറുമെന്നാണ്. ചിലപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ കോച്ചായും ധോണിയെ കണ്ടേക്കുമെന്നും ഹോഗ് അഭിപ്രായപ്പെട്ടു.

ധോണിയുടെ പ്രകടനം
2019ലെ ഐപിഎല്ലിനു ശേഷം ബാറ്റിങില്‍ ധോണിയുടെ കരിയര്‍ ഗ്രാഫ് താഴേയ്ക്കാണ്. 19ല്‍ 416 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. 83.20 എന്ന മികച്ച ശരാശരിയും 134.62 സ്‌ട്രൈക്ക് റേറ്റുമുണ്ടായിരുന്നു. മൂന്നു ഫിഫ്റ്റികളാണ് ധോണി നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 84 റണ്‍സായിരുന്നു.
പക്ഷെ 2020ലെ കഴിഞ്ഞ ഐപിഎല്ലോടെയാണ് അദ്ദേഹത്തിന്റെ കഷ്ടകാലമാരംഭിച്ചത്. സിഎസ്‌കെ ആദ്യമായി പ്ലേഓഫ് കാണാതെ പുറത്തായ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും വെറും 200 റണ്‍സെടുക്കാനേ ധോണിക്കായുള്ളൂ. 25 ആയിരുന്നു ശരാശരി. ഒരു ഫിഫ്റ്റി പോലും സീസണില്‍ അദ്ദേഹം നേടിയില്ല. ഉയര്‍ന്ന സ്‌കോര്‍ 47 റണ്‍സായിരുന്നു. ഈ സീസണില്‍ അതിനേക്കാള്‍ ദയനീയമാണ് ധോണിയുടെ പ്രകടനം 10 മല്‍സരങ്ങളില്‍ നിന്നും 10.41 ശരാശരിയില്‍ വെറും 52 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 18 റണ്‍സാണ്.
ധോണി ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ളത് രണ്ടു സീസണുകളിലാണ്. 2013ല്‍ നേടിയ 461 റണ്‍സാണ് ഇക്കൂട്ടത്തില്‍ തലപ്പത്ത്. 2018ല്‍ 455ഉം റണ്‍സ് അദ്ദേഹമെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications