IPL 2021: ജഡേജയല്ല, ധോണി വരുമെന്ന് എനിക്കുറപ്പായിരുന്നു- ക്വാളിഫയറിനെക്കുറിച്ച് പോണ്ടിങ്
ഐപിഎല്ലിലെ ക്വാളിഫയര്‍ വണ്ണില്‍ തങ്ങള്‍ക്കെതിരേ മികച്ച ഫിനിഷിങിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഫൈനലിലേക്കു നയിച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയെ പുകഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വിക്കറ്റിന്റെ ജയത്തോടെ ചെന്നൈ ഫൈനലിലേക്കു മുന്നേറിയത്.
173 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ചെന്നൈ 19.4 ഓവറില്‍ ആറു വിക്കറ്റിനു ലക്ഷ്യം കാണുകയായിരുന്നു. റുതുരാജ് ഗെയ്ക്വാദ് (70), റോബിന്‍ ഉത്തപ്പ (63) എന്നിവര്‍ ജയത്തിനു അടിത്തറയിട്ടപ്പോള്‍ മികച്ച ഫിനിഷിങിലൂടെ ധോണി ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. ധോണി ആറാമനായി ക്രീസിലെത്തുമ്പോള്‍ ചെന്നൈയ്ക്കു ജയിക്കാന്‍ 11 ബോളില്‍ 24 റണ്‍സ് വേണ്ടിയിരുന്നു. ആറു ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 18 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം ടീമിനു ജയവും ഫൈനല്‍ ബെര്‍ത്തും നേടിക്കൊടുക്കുകയായിരുന്നു.

ധോണി വരുമെന്ന് ഉറപ്പായിരുന്നു
എംഎസ് ധോണി എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊരാളാണ്. ക്വാളിഫയര്‍ വണ്ണില്‍ ചെന്നൈയുടെ റണ്‍ചേസിനിടെ അവര്‍ക്കു വേണ്ടി മല്‍സരം ഫിനിഷ് ചെയ്യാന്‍ ആരായിരിക്കും എത്തുകയെന്ന് ഞങ്ങള്‍ ഡഗൗട്ടില്‍ വച്ച് സംസാരിച്ചിരുന്നു. രവീന്ദ്ര ജഡേജയായിരിക്കുമോ അതോ ക്യാപ്്റ്റന്‍ ധോണി തന്നെ വരുമോയെന്നായിരുന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍ ധോണി തന്നെ അടുത്തതായി എത്തുമെന്ന് എനിക്കുറപ്പായിരുന്നു, ഞാനത് പറയുകയും ചെയ്തുവെന്നും പോണ്ടിങ് വെളിപ്പെടുത്തി.

എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാള്‍
ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായിരിക്കും എംഎസ് ധോണി ഓര്‍മിക്കപ്പെടുകയെന്നാണ് ഞാന്‍ കരുതുന്നത്. ധോണിക്കെതിരേ ഞങ്ങളുടെ ബൗളര്‍മാര്‍ക്കു പ്രതീക്ഷിച്ചതു പോലെ പ്ലാന്‍ ചെയ്തത് നടപ്പാക്കാന്‍ സാധിച്ചില്ല. പ്ലാനിങ് പാളിയാല്‍ ധോണിക്കെതിരേ അതിനു വലിയ വില തന്നെ നല്‍കേണ്ടി വരും. ഏറെക്കാലമായി ധോണി അതു ചെയ്തു കൊണ്ടിരിക്കുന്നതുമാണ്.
ധോണിക്കെതിരേ ബൗള്‍ ചെയ്യാന്‍ ഉദ്ദേശിച്ചയിടത്തല്ല ഞങ്ങളുടെ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഇത് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തുവെന്നും പോണ്ടിങ് വിലയിരുത്തി.

ചെന്നൈയുടെ ഒമ്പതാം ഫൈനല്‍
ഇതു ഒമ്പതാം തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നത്. 2019ലായിരുന്നു ധോണിയും സംഘവും അവസാനമായി ഫൈനലില്‍ കളിച്ചത്. അന്നു മുംബൈ ഇന്ത്യന്‍സിനോടു അവര്‍ ഒരു റണ്ണിനു തോല്‍ക്കുകയായിരുന്നു.
2020ല്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ ചെന്നൈ ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫിലും ഫൈനലിലുമെത്തിയാണ് ഈ നാണക്കേടിനു പ്രായശ്ചിത്തം ചെയ്തതത്. ഡല്‍ഹിക്കെതിരായ ചെന്നൈയുടെ വിജയത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2019നു ശേഷം ആദ്യമായിട്ടാണ് ഡല്‍ഹിക്കെതിരേ സിഎസ്‌കെ വെന്നിക്കൊടി പാറിച്ചത്. ഈ സീസണില്‍ ലീഗ് ഘട്ടത്തില്‍ രണ്ടു പാദങ്ങളിലും റിഷഭ് പന്തിന്റെ ഡല്‍ഹി ചെന്നൈയെ തകര്‍ത്തുവിട്ടിരുന്നു.

ചെന്നൈയുടെ റണ്‍ചേസ്
ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹിക്കെതിരേ ചെന്നൈയ്ക്കായിരുന്നു ടോസ്. ധോണി ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 172 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ ഡല്‍ഹി പടുത്തുയര്‍ത്തി. പൃഥ്വി ഷാ (60), ക്യാപ്റ്റന്‍ റിഷഭ് (51*) എന്നിവരുടെ ഫിഫ്റ്റികളായിരുന്നു ഡിസിക്കു കരുത്തായത്. 34 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് പൃഥ്വി ടീമിന്റെ ടോപ്‌സ്‌കോററായത്. റിഷഭാവട്ടെ 35 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ഷിംറോണ്‍ ഹെറ്റ്‌മെയറാണ് (37) മറ്റൊരു പ്രധാന സ്‌കോറര്‍.
മറുപടി ബാറ്റിങില്‍ ചെന്നൈ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. റുതുരാജ് ഗെയ്ക്വാദും (70) റോബിന്‍ ഉത്തപ്പയും (63) ചെന്നൈയ്ക്കായി ഫിഫ്റ്റി നേടി. 50 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് റുതുരാജ് ടോപ്‌സ്‌കോററായത്. ഉത്തപ്പ 44 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications