
ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ഫിനിഷിങ് മിടുക്ക് ഇനിയൊരിക്കലും കാണാന്‍ കഴിഞ്ഞേക്കില്ലയെന്ന ആരാധകരുടെ നിരാശ ഇപ്പോള്‍ മാറിക്കാണും. കാരണം കഴിഞ്ഞ സീസണ്‍ മുതല്‍ ബാറ്റിങില്‍ പഴയ ടച്ച് ന്ഷ്ടമായ ധോണിയെയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹം മികച്ച ചില ഷോട്ടുകള്‍ മിക്ക മല്‍സരങ്ങളിലും കളിച്ചെങ്കിലും അവയ്ക്കു പക്ഷെ പ്രതീക്ഷിച്ച ഫലം നേടാനായില്ല. പലപ്പോഴും ബൗണ്ടറി ലൈനിന് അരികെ ധോണി ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഇതോടെ ഇനിയൊരിക്കകലും ധോണിയില്‍ നിന്നും പഴയതു പോലെയൊരു ഫിനിഷിങ് കാണില്ലെന്നു ആരാധകര്‍ ഭയപ്പെടുകയും ചെയ്തു.
പക്ഷെ പഴയ ഫിനിഷിങിന്റെ ഒരു അംശം ഇപ്പോഴും തന്റെ രക്തത്തില്‍ ബാക്കിയുണ്ടെന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നിങ്‌സില്‍ അദ്ദേഹം കാണിച്ചുതന്നു. ടീമിന്റെ വിജയമുറപ്പിച്ച കൂറ്റന്‍ സിക്‌സറിലൂടെയായിരുന്നു ഇത്. കാരണം ഒരു ഘട്ടത്തില്‍ സിഎസ്‌കെ അനായാസം ജയിക്കുമെന്നു കരുതിയെങ്കിലും അടുപ്പിച്ച് ചില വിക്കറ്റുകള്‍ വീണതോടെ കളി അവസാന ഓവറിലേക്കു നീളുകയായിരുന്നു.
അവസാന ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് ബൗണ്ടറി മാത്രമായിരുന്നു. സിദ്ധാര്‍ഥ് കൗളായിരുന്നു ബൗളര്‍. ധോണിയും അമ്പാട്ടി റായുഡുവുമായിരുന്നു ക്രീസില്‍. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ ഇരുവരും ചേര്‍ന്ന് 13 റണ്‍സെടുത്തിരുന്നു. റായുഡു ഒരു സിക്‌സറടിച്ചപ്പോള്‍ ധോണി ബൗണ്ടറിയും പായിച്ചിരുന്നു.

20ാം ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് റായുഡുവാണ്. ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ അടുത്ത ബോള്‍ സ്വീപ്പര്‍ കവറിലേക്കു പായിച്ച് റായുഡു സിംഗിളെടുത്തു. മൂന്നാമത്തെ ബോളില്‍ റണ്ണില്ല. പുള്‍ ഷോട്ടിനായിരുന്നു ധോണിയുടെ ശ്രമം. പക്ഷെ ടൈമിങ് പാളിയപ്പോള്‍ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡറുടെ കൈകളില്‍ അവസാനിച്ചു. സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടത് മൂന്നു ബോളില്‍ മൂന്നു റണ്‍സ്.
നാലാമത്തെ ബോളിനു മുമ്പ് ധോണിയെ കുരുക്കാന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ കൗളിനൊപ്പ്ം ചേര്‍ന്ന് തന്ത്രങ്ങള്‍ മെനയുന്നു. സിഎസ്‌കെ ആരാധകരുടെ ചങ്കിടിപ്പ് കൂടിയ നിമിഷങ്ങള്‍. കാരണം ധോണിയുടെ ബാറ്റിങില്‍ ആര്‍ക്കും വലിയ പ്രതീക്ഷ ഇപ്പോഴില്ലായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ടീമിന്റെ വിജയ റണ്‍സ് കുറിക്കാന്‍ കഴിയുമോയെന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. നാലാം ബോളില്‍ ധോണി പുറത്തായാല്‍ സിഎസ്‌കെയ്ക്കു അവസാന രണ്ടു ബോളില്‍ മൂന്നു റണ്‍സ് വേണ്ടി വരും. അപ്പോള്‍ മല്‍സരം എങ്ങോട്ടും മാറിയേക്കാം.

നാലാമത്തെ ബോളെറിയാന്‍ കൗള്‍ ഓടിയടുക്കുന്നു. പിച്ച് ചെയ്ത് ഉയര്‍ന്ന ബോള്‍ ധോണിക്കു ഷോട്ട് കളിക്കാന്‍ പാകത്തില്‍, പൊടുന്നനെ അദ്ദേഹം മുഴുവന്‍ കരുത്തുമെടുത്ത് ആഞ്ഞ് വീശുന്നു, ബോള്‍ ആകാശത്തേക്ക്, ക്യാച്ചാവുമോയെന്നു ആദ്യം പലരും സംശയിച്ചു. പക്ഷെ ഒരു വെടിച്ചില്ല് കണക്കെ അത് സ്റ്റേഡിയത്തിനു മുകളിലൂടെ പറന്നുപോയി. ധോണിക്കു ഒരു കുലുക്കവുമില്ല. വളരെ കൂളായി അദ്ദേഹം നോണ്‍ സ്‌ട്രൈക്കറായ റായുഡുവിനൊപ്പം മുഷ്ടി ചുരുട്ടി ആഹ്ലാദം പങ്കിട്ടപ്പോള്‍ ധോണി ആരാധകര്‍ ആഹ്ലാദത്തിന്റെ പരകോടിയിലായിരുന്നു. കാരണം വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനമായ ഒരുപാട് ഫിനിഷിങുകള്‍ നടത്തിയിട്ടുള്ള ധോണിയെ തിരിച്ചുകിട്ടിയതിന്റെ ത്രില്ലിലും ആഹ്ലാദത്തിലുമായിരുന്നു എല്ലാവരും. 11 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 14 റണ്‍സാണ് അദ്ദേഹം നേടിയത്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ സമാനമായ പ്രകടനങ്ങള്‍ തന്നില്‍ നിന്നു പ്രതീക്ഷിക്കാമെന്ന് ധോണി സൂചനയും നല്‍കിയിരിക്കുകയാണ്.
സിഎസ്‌കെ പ്ലേഓഫില്‍
ഹൈദരാബാദിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ച് ചെന്നൈ പ്ലേഓഫില്‍ കടക്കുകയും ചെയ്തു. ഈ സീസണില്‍ പ്ലേഓഫിലെത്തിയ ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് ധോണിപ്പട. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഏഴു വിക്കറ്റിന് 134 റണ്‍സാണ് നേടാനായത്. മറുപടിയില്‍ 19.4 ഓവറില്‍ നാലു വിക്കറ്റിന് സിഎസ്‌കെ ലക്ഷ്യത്തിലെത്തി. റുതുരാജ് ഗെയ്ക്വാദും (45) ഫഫ് ഡുപ്ലെസിയുമാണ് (41) സിഎസ്‌കെയുടെ വിജയത്തിനു അടിത്തറയിട്ടത്.