
ടീച്ചറെ പിന്നിലാക്കിയ വിദ്യാര്‍ഥി
കരിയറിന്റെ തുടക്കകാലത്ത് റിഷഭ് പന്തിന്റെ വഴികാട്ടിയും ആരാധനാപാത്രവുമായിരുന്നു എംഎസ് ധോണി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ദേശീയ ടീമിലേക്കു വന്ന താരം കൂടിയാണ് റിഷഭ്. പക്ഷെ ഇപ്പോള്‍ റിഷഭ് വളരെയേറെ മെച്ചപ്പെട്ടതായി സെവാഗ് ചൂണ്ടിക്കാട്ടി.
വാര്‍ എന്ന ബോളിവുഡ് സിനിമയില്‍ ടൈഗര്‍ ഷ്‌റോഫിനെക്കുറിച്ചുള്ള ഋത്വിക് റോഷന്റെ ഡയലോഗാണ് ധോണിയെയും റിഷഭിനെയും താരതമ്യം ചെയ്യാന്‍ സെവാഗ് ഉപയോഗിച്ചത്. ഒരിക്കല്‍ അവന്‍ എന്റെ വിദ്യാര്‍ഥിയായിരുന്നു, പക്ഷെ ഇപ്പോള്‍ അവന്‍ ടീച്ചറേക്കാള്‍ മുന്നിലെത്തിയിരിക്കുകയാണ് എന്ന ഡയലോഗായിരിക്കും ധോണിയുടെ മനസ്സിലുണ്ടാവുകയെന്നു സെവാഗ് അഭിപ്രായപ്പെട്ടു.

മുന്‍തൂക്കം സിഎസ്‌കെയ്ക്കാവും
ഇന്നു നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടത്തില്‍ മുന്‍തൂക്കം ചെന്നൈയ്ക്കായിരിക്കുമെന്നാണ് സെവാഗിന്റെ അഭിപ്രായം. ധോണിയുടെ വലിയ അനുഭവസമ്പത്ത് തന്നെയാണ് സിഎസ്‌കെയ്ക്കു മുതല്‍ക്കൂട്ടാവുകയെന്നും സെവാഗ് നിരീക്ഷിച്ചു.
ഈ സീസണില്‍ സിഎസ്‌കെയും ഡിസിയും തമ്മിലുള്ള രണ്ടാമത്തെ പോരാട്ടം കൂടിയാണിത്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ സിഎസ്‌കെയെ ഡിസി ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു. ഇരുടീമുകളുടെയും സീസണിലെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. അന്നത്തെ തോല്‍വിക്കു പകരം ചോദിക്കാനുറച്ചാവും ധോണിയും സംഘവും ഇന്നിറങ്ങുന്നത്.

ധവാനിലേറി ഡിസി
ആദ്യപാദത്തില്‍ വലിയ ടോട്ടല്‍ നേടിയിട്ടും ഇതു പ്രതിരോധിക്കാനാവാതെയാണ് ഡിസിക്കെതിരേ ചെന്നൈ തോല്‍വിയിലേക്കു വീണത്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴു വിക്കറ്റിന് 188 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടിയിരുന്നു. സുരേഷ് റെയ്‌ന (54), മോയിന്‍ അലി (36), സാം കറെന്‍ (34*) എന്നിവരുടെ മികച്ച ബാറ്റിങായിരുന്നു സിഎസ്‌കെയ്ക്കു കരുത്തായത്.
പക്ഷെ ഡിസിക്കു ഈ സ്‌കോര്‍ വെല്ലുവിളിയായില്ല. 18.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യം കാണുകയായിരുന്നു. ശിഖര്‍ ധവാന്‍ (84), പൃഥ്വി ഷാ (72) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളാണ് സിഎസ്‌കെയുടെ വിജയത്തിനു അടിത്തറയിട്ടത്. ധവാന്‍ 54 ബോളില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ പൃഥ്വി 38 ബോളിലാണ് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 72 റണ്‍സ് വാരിക്കൂട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ ധവാന്‍- പൃഥ്വി ജോടി 138 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ ഡിസി വിജയമുറപ്പിച്ചിരുന്നു.

ഇന്നത്തെ മല്‍സരത്തിലെ സാധ്യതാ ഇലവന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജോഷ് ഹേസല്‍വുഡ്, സാം കറെന്‍, ദീപക് ചാഹര്‍.


Click it and Unblock the Notifications












