
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. സണ്‍റൈസേഴ്‌സസ് ഹൈദരാബാദിനെതിരായ കളിയില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് അദ്ദേഹം. സിഎസ്‌കെയ്ക്കു വേണ്ടി 100 ക്യാച്ചുകളെന്ന റെക്കോര്‍ഡിനാണ് ധോണി അവകാശിയായത്. ഇതോടെ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി 100 ക്യാച്ചുകളെടുത്ത ആദ്യ താരമായി അദ്ദേഹം മാറുകയും ചെയ്തു.
എസ്ആര്‍എച്ചിനെതിരായ കളിയില്‍ മൂന്നു ക്യാച്ചുകളാണ് ധോണിയെടുത്തത്. ഓപ്പണര്‍മാരായ ജാസണ്‍ റോയ്, വൃധിമാന്‍ സാഹ, പ്രിയം ഗാര്‍ഗ് എന്നിവരെയാണ് അദ്ദേഹം പിടികൂടിയത്. ജോഷ് ഹേസല്‍വുഡ്, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ തുടങ്ങിയ വ്യത്യസ്ത ബൗളര്‍മാരുടെ ഓവറുകളിലായിരുന്നു ഇത്.
ദിവസങ്ങള്‍ക്കു മുമ്പ് ക്യാച്ചിങില്‍ മറ്റൊരു റെക്കോര്‍ഡ് ധോണി തന്റെ പേരിലാക്കിയിരുന്നു. ഐപിഎല്ലില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറായാണ് അദ്ദേഹം മാറിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ സിഎസ്‌കെ അവസാന ബോളില്‍ ജയിച്ച മല്‍സരത്തില്‍ രണ്ടു ക്യാച്ചുകളെടുത്തതോടെയായിരുന്നു ധോണി ചരിത്രം കുറിച്ചത്. 115 ക്യാച്ചുകളെന്ന കെകെആറിന്റെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ റെക്കോര്‍ഡ് അദ്ദേഹം 116 ആയി തിരുത്തുകയായിരുന്നു. ഇന്ന് ഹൈദരാബാദിനെതിരേ മൂന്നു ക്യാച്ചുകള്‍ കൂടിയെടുത്തതോടെ ധോണി ഇതു 119 ആയി മെച്ചപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

ധോണിയുടെ ബാറ്റിങിലേക്കു വന്നാല്‍ കഴിഞ്ഞ സീസണിനു പിന്നാലെ ഇത്തവണയും നിരാശാജനകമായ ഫോം തുടരുകയാണ്. ബാറ്റിങില്‍ പഴയ ടച്ച് നഷ്ടമായ അദ്ദേഹം പലപ്പോഴും ഒരു ക്ലൂ പോലുമില്ലാതെ കളിച്ചാണ് വിക്കറ്റ് വലിച്ചെറിയുന്നത്. 11 മല്‍സരങ്ങളില്‍ ഏഴ് ഇന്നിങ്‌സുകളിലാണ് ധോണി ബാറ്റ് ചെയ്തത്. ഇതില്‍ നിന്നും അദ്ദേഹത്തിനു വെറും 52 റണ്‍സ് മാത്രമേ എടുക്കാനായിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 18 റണ്‍സാണ്. ആറു ബൗണ്ടറികളും ഒരു സിക്‌സറും മാത്രമേ 11 ഇന്നവിങ്‌സുകളില്‍ ധോണിക്കു പായിക്കാനായിട്ടുള്ളൂ.
കഴിഞ്ഞ സീസണിലും ധോണിക്കു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. 14 മല്‍സരങ്ങളില്‍ നിന്നും 200 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 47 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണിലും ഒരു ഫിഫ്റ്റി പോലും തികയ്ക്കാനാവാതെ തലകുനിച്ചാണ് ധോണി മടങ്ങിയത്. ഈ സീസണിലും അദ്ദേഹം ഇതാവര്‍ത്തിക്കുകയാണ്. ഒരുപക്ഷെ കഴിഞ്ഞ സീസണില്‍ നേടിയ 200 റണ്‍സില്‍പ്പോലും ധോണി ഇത്തവണയെത്തുമോയെന്ന കാര്യം സംശയമാണ്.
സിഎസ്‌കെയ്ക്കു 135 റണ്‍സ് വിജയലക്ഷ്യം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരാ യ കളിയില്‍ 135 റണ്‍സാണ് സിസ്‌കെയുടെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 134 റണ്‍സാണ് നേടിയത്. എസ്ആര്‍എച്ച് നിരയില്‍ ആരും ഫിഫ്റ്റി തികച്ചില്ല. 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 46 ബോളില്‍ രണ്ടു സിക്‌സറുരകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്.
അഭിഷേക് ശര്‍മയും അബ്ദുള്‍ സമദും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. റാഷിദ് ഖാന്‍ (17*), കെയ്ന്‍ വില്ല്യംസണ്‍ (11) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സിഎസ്‌കെയ്ക്കു വേണ്ടി ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡും വിന്‍ഡീസ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ രണ്ടു വിക്കറ്റുകളുമെടുത്തു.
ചെന്നൈ പോയിന്റ് പട്ടികയില്‍ തലപ്പത്താണെങ്കില്‍ ഹൈദരാബാദ് അവസാന സ്ഥാനക്കാരാണ്. ഈ കളിയില്‍ ജയിച്ചാല്‍ സിഎസ്‌കെ ഇത്തവണ പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി മാറും. അതോടൊപ്പം എസ്ആര്‍എച്ച് പ്ലേഓഫിലെത്താതെ മടങ്ങിയ ആദ്യ ടീമുമായി തീരും.