IPL 2020: ഡല്‍ഹി സൂക്ഷിച്ചോ! ധോണിയുടെ ഈ സര്‍പ്രൈസുകള്‍ നിങ്ങളെ വീഴ്ത്തിയേക്കും
ഷാര്‍ജ: ഐപിഎല്ലില്‍ ഇന്നു രാത്രി നടക്കാനിരിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിര്‍ണായകമാണ്. നില മെച്ചപ്പെടുത്തി പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സിഎസ്‌കെ ഈ മല്‍സരം ജയിക്കേണ്ടതുണ്ട്. നിലവില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും അഞ്ചു തോല്‍വിയുമടക്കം ആറു പോയിന്റോടെ സിഎസ്‌കെ ആറാംസ്ഥാനത്താണ്.
മറുഭാഗത്ത് ഒന്നാംസ്ഥാനത്തിനു വേണ്ടി ഡല്‍ഹിയും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ പിടിവലി തുടരുകയാണ്. വെള്ളിയാഴ്ച നടന്ന കളിയില്‍ കൊല്‍ക്കത്തയെ തകര്‍ത്തുവിട്ടതോടെ അവര്‍ ഡല്‍ഹിയെ പിന്തള്ളി വീണ്ടും ഒന്നാമതെത്തിയിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ട്രിക്കുകള്‍ ഡല്‍ഹിയെ വീഴ്ത്തിയേക്കും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

കറെന്‍ വീണ്ടും ഓപ്പണ്‍ ചെയ്‌തേക്കും
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ സിഎസ്‌കെ ജയിച്ച കഴിഞ്ഞ മല്‍സരത്തില്‍ ധോണിയുടെ സര്‍പ്രൈസ് നീക്കം എല്ലാവരെയും ഞെട്ടിച്ചിരുന്നു. സ്ഥിരം ഓപ്പണര്‍ ഷെയ്ന്‍ വാട്‌സനെ മൂന്നാംസ്ഥാനത്തേക്കു മാറ്റി പകരം യുവ ഓള്‍റൗണ്ടര്‍ സാം കറെനെയാണ് അദ്ദേഹം ഫാഫ് ഡുപ്ലെസിക്കൊപ്പം ഓപ്പണറാക്കിയത്.
കറെനെ ഓപ്പണറാക്കിയ ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. 21 പന്തില്‍ 31 റണ്‍സെടുത്ത താരം സിഎസ്‌കെയ്ക്കു മോശമല്ലാത്ത തുടക്കം നല്‍കുന്നതില്‍ നിര്‍ണായക പങ്കുംവഹിച്ചു. മൂന്നോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റെടുത്ത കറെന്‍ ബൗളിങിലും തിളങ്ങി. ഡല്‍ഹിക്കെതിരേയും കറെനെ തന്നെ ധോണി ഓപ്പണിങ് ഏല്‍പ്പിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

താഹിര്‍ ടീമിലെത്തിയേക്കും
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനായിരുന്നു. 26 വിക്കറ്റുകളായിരുന്നു അദ്ദേഹം കൊയ്തത്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ നടന്ന എട്ടു മല്‍സരങ്ങളിലും താരത്തിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിട്ടില്ല. യുഎഇയിലെ പിച്ചുകളില്‍ നിന്നും കൂടുതല്‍ ടേണ്‍ ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കെ താഹിറിനെ ഡല്‍ഹിക്കെതിരേ ധോണി തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലെസി, സാം കറെന്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരാണ് സിഎസ്‌കെ ടീമിലെ വിദേശ താരങ്ങള്‍. താഹിര്‍ പ്ലെയിങ് ഇലവനിലെത്തിയാല്‍ ഇവരിലൊരാളെ സിഎസ്‌കെയ്ക്കു പുറത്തിരുത്തേണ്ടി വരും. അത് ആരായിരിക്കുമെന്ന് കണ്ടു തന്നെ അറിയണം.

ധോണിക്ക് പ്രൊമോഷന്‍
ബാറ്റിങ് എളുപ്പമുള്ള, വലിപ്പവും കുറഞ്ഞ ഷാര്‍ജയിലാണ് ഡല്‍ഹിക്കെതിരായ മല്‍സരമെന്നതതിനാല്‍ ധോണി ബാറ്റിങില്‍ സ്വയം പ്രൊമോട്ട് ചെയ്ത് മുന്നിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഈ സീസണില്‍ കൃത്യമായ ഒരു ബാറ്റിങ് പൊസിഷന്‍ അദ്ദേഹത്തിനു സിഎസ്‌കെ ടീമില്‍ ഇല്ല. ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഏഴാം നമ്പറില്‍ കളിച്ചതിന്റെ പേരില്‍ ധോണി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
സിക്‌സര്‍ നേടാനുള്ള മികവിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലാത്തതിനാല്‍ ധോണി ഡല്‍ഹിക്കെതിരേ ബാറ്റിങില്‍ നേരത്തേ ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹൈദരാബാദിനെതിരായ അവസാന കളിയില്‍ അദ്ദേഹം മോശമല്ലാത്ത ബാറ്റിങ് കാഴ്ചവച്ചിരുന്നു. ഷാര്‍ജയില്‍ ധോണി നേരത്തേയിറങ്ങിയാല്‍ അത് സിഎസ്‌കെ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications