IPL 2020: കോലിയെ കളിയാക്കിയിട്ടു കാര്യമില്ല, ദുബായില്‍ ആര്‍ക്കും ക്യാച്ച് മിസ്സാവും! കാരണമറിയാം
ഐപിഎല്ലില്‍ ഫീല്‍ഡര്‍മാരുടെ ഉറക്കം കെടുത്തുന്ന വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. കൈക്കുമ്പിളില്‍ വീണ ക്യാച്ചുകള്‍ പോലും താരങ്ങള്‍ ഇവിടെ കൈവിടുന്നത് പതിവായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ കൈകള്‍ പോലും ഇവിടെ ചോര്‍ന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ കെഎല്‍ രാഹുലിന്റെ രണ്ടു സിംപിള്‍ ക്യാച്ചുകളായിരുന്നു കോലി കൈവിട്ടത്. ഇതിന്റെ പേരില്‍ ഏറെ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം അദ്ദേഹം നേരിടുകയും ചെയ്തിരുന്നു. സിഎസ്‌കെയുടെ സൂപ്പര്‍ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജയും ഇവിടെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ ഏകദേശം 15 ക്യാച്ചുകളെങ്കിലും വിവിധ മാച്ചുകളിലായി താരങ്ങള്‍ പാഴാക്കിയിട്ടുണ്ട്.
ഏറ്റവും അവസാനമായി തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം മാര്‍ക്കസ് സ്റ്റോയ്‌സിനിന്റെ ക്യാച്ച് ആര്‍സിബിയുടെ യുസ്വേന്ദ്ര ചഹലും പാഴാക്കിയിരുന്നു. സാധാരണായി ക്യാച്ചുകള്‍ അങ്ങനെ മിസ്സാവാത്ത താരമാണ് ചഹല്‍. എന്തുകൊണ്ടാണ് ഹൈ ബോളുകില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഫീല്‍ഡര്‍ക്കു പിഴയ്ക്കുന്നത്. ഇതിന്റെ കാരണം ഒന്നു പരിശോധിക്കാം.

ലൈറ്റിങ് സംവിധാനം
താരങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരങ്ങളിലൊന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ലൈറ്റിങ് സംവിധാനമാണ്. ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കു മാത്രമല്ല ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കും പ്രശസ്തമായ വേദി കൂടിയാണ് ഈ സ്‌റ്റേഡിയം. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാദങ്ങളിലായുള്ള മറ്റു സ്‌റ്റേഡിയങ്ങളിലേതു പോലെ ഫ്‌ളഡ് ലിറ്റ് ടവറുകള്‍ ഇവിടെയില്ല. പകരം സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയുടെ അരികില്‍ ചുറ്റിലുമായി 350 ലൈറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതാണ് രാത്രി കാല മല്‍സരങ്ങള്‍ക്കു പ്രകാശം ചൊരിയുന്നത്.
ഡേ-നൈറ്റ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ ഈ പ്രകാശമാണ് താരങ്ങള്‍ക്കു ഹൈ ബോള്‍ ക്യാച്ചുകളെടുക്കാന്‍ വില്ലനായി മാറുന്നത്. ആകാശത്തേക്കുയര്‍ന്നു കഴിഞ്ഞാല്‍ പ്രകാശത്തിലെ ഈ പ്രത്യേകത കാരണം അല്‍പ്പ നിമിഷത്തേക്ക് പന്ത് കാണാന്‍ ഫീല്‍ഡര്‍ക്കു കഴിയില്ല. അത് താഴെയെത്തുമ്പോഴേക്കും ഫീല്‍ഡറുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയും ചെയ്യുന്നു. സാധാരണ രീതിയിലുള്ള ഫ്‌ളഡ്‌ലിറ്റ് ടവറുകളുള്ള സ്റ്റേഡിയങ്ങളില്‍ ഈ പ്രശ്‌നം താരങ്ങള്‍ക്കു നേരിടാറില്ല.

ചഹലിന്റെ വാക്കുകള്‍
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ദുബായ് സ്റ്റേഡിയത്തില്‍ കൃത്രിമ വെളിച്ചത്തില്‍ ക്യാച്ചെടുക്കുന്നതിന്റെ വെല്ലുവിളിയെക്കുറിച്ച് ആര്‍സിബി സ്പിന്നര്‍ ചഹല്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ചിലപ്പോള്‍ ക്യാച്ചെടുക്കുക വളരെ ബുദ്ധിമുട്ടാണ്. പരിശീലനത്തിനിടെ പോലും ചിലപ്പോള്‍ ക്യാച്ചെടുക്കാനുള്ള ശ്രമം പാളിപ്പോവാറുണ്ട്. മറ്റു ഗ്രൗണ്ടുകളെ അപേക്ഷിച്ച് ഇവിടെ ക്യാച്ചിങ് കുറച്ച് ബുദ്ധിമുട്ടാണെന്നായിരുന്നു ചഹല്‍ വ്യക്തമാക്കിയത്.

ക്യാച്ചിങ് ദുഷ്‌കരമെന്ന് ശ്രേയസ് അയ്യര്‍
ദുബായില്‍ ക്യാച്ചിങ് വളരെ ദുഷ്‌കരമാണെന്നു ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അഭിപ്രായപ്പെട്ടിരുന്നു. ക്യാച്ചിങിന് അത്ര അനുകൂലമായ സാഹചര്യമല്ല ദുബായിലേത്. അതുകൊണ്ടു തന്നെ ഫീല്‍ഡര്‍മാര്‍ക്കു താന്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കും. ഇവിടുത്തെ ലൈറ്റിങ് സംവിധാനമാണ് ഇതിനു കാരണം. ചില സമയങ്ങളില്‍ ക്യാച്ചെടുക്കുമ്പോഴുള്ള ഫീല്‍ഡറുടെ കണക്കുകൂട്ടല്‍ തെറ്റിപ്പോവുകയും ചെയ്യുന്നതായി ശ്രേയസ് ചൂണ്ടിക്കാട്ടി.
നിങ്ങള്‍ ക്യാച്ചിനു വേണ്ടി കഠിനമായി ശ്രമിക്കും, പന്ത് വളരെ വേഗത്തിലായിരിക്കും താഴേക്കു വരുന്നത്. അപ്പോള്‍ അത് പിടിക്കാന്‍ എവിടെയാണ് നിലയുറപ്പിക്കേണ്ടതെന്ന് നിങ്ങള്‍ക്കു ഉറപ്പുണ്ടാവില്ലെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരശേഷം ശ്രേയസ് വ്യക്തമാക്കിയിരുന്നു.

നീണ്ട ബ്രേക്കും മഞ്ഞുവീഴ്ചയും
ദുബായ് സ്റ്റേഡിയത്തിലെ ലൈറ്റിങ് ക്രമീകരണം കാരണം ഉയരത്തില്‍ നിന്നും പന്ത് താഴേക്കു പതിക്കുമ്പോള്‍ അതിന്റെ വേഗം കൃത്യമായി മനസ്സിലാക്കാന്‍ ഫീല്‍ഡര്‍ക്കു സാധിക്കുന്നില്ലെന്നാണ് പല താരങ്ങളും കോച്ചുമാരും തുറന്നു പറഞ്ഞിരിക്കുന്നത്.
ലൈറ്റിങ് പ്രശ്‌നത്തെക്കൂടാതെ കൊവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ ആറു മാസമായി പരിശീലനം മുടങ്ങിയതും രാത്രിയിലെ മഞ്ഞുമെല്ലാം ക്യാച്ച് നഷ്ടപ്പെടുത്താനുള്ള മറ്റു കാരങ്ങളായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രാത്രിയിലെ മഞ്ഞുവീഴ്ച കാരണം കൈകളില്‍ ഈര്‍പ്പമുണ്ടാവുന്നതിനാലും പന്ത് വഴുതിപ്പോവുന്നുണ്ടെന്നു ചിലര്‍ അഭിപ്രായപ്പെട്ടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications