ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നര്‍ പിയൂഷ് ചൗള മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ളത്. കാരണം സിഎസ്‌കെ ബൗളര്‍മാരില്‍ ഇതുപോലെ തല്ലുവാങ്ങിയ മറ്റൊരു ബൗളര്‍ ഈ കളിയില്‍ ഇല്ല. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തിലൂടെയായിരുന്നു തന്റെ പുതിയ ടീമായ സിഎസ്‌കെയ്ക്കു വേണ്ടി ചൗളയുടെ അരങ്ങേറ്റം. മികച്ച ബൗളിങിലൂടെ താരം തുടക്കം മികച്ചതാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാമത്തെ കളിയില്‍ വന്‍ ദുരന്തമാണ് മുന്‍ കെകെആര്‍ സ്പിന്നറെ കാത്തിരുന്നത്.

രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ അമ്മാനമാടിയ ചൗളയ്ക്കു സമൂഹമാധ്യമങ്ങള്‍ നിറയെ ട്രോളുകളാണ്. മലയാളി താരം സഞ്ജു സാംസണില്‍ നിന്നായിരുന്നു ചൗള കൂടുതല്‍ തല്ലുവാങ്ങിയത്. ചൗളയുടെ ഒരോവറില്‍ മാത്രം മലയാളി വിക്കറ്റ് കീപ്പര്‍ മൂന്നു സിക്‌സറുകള്‍ പറത്തിയിരുന്നു. കളിയില്‍ നാലോവറില്‍ ചൗള വഴങ്ങിയത് 55 റണ്‍സായിരുന്നു. ആറു സിക്‌സറും ഒരു ബൗണ്ടറിയും ഇതില്‍പ്പെടുന്നു. 13.75 ഇക്കോണമി റേറ്റിറിലായിരുന്നു ഇത്. സിഎസ്‌കെ ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയാണ് (നാലോവറില്‍ 56 റണ്‍സ്) കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തതെങ്കിലും ട്രോളിന് ഇരയായത് ചൗളയായിരുന്നുവെന്നു മാത്രം.
എന്തൊരു ഇന്നിങ്‌സായിരുന്നു പിയൂഷ് ചൗളയുടേത്, വെറും 24 പന്തില്‍ 55 റണ്‍സ് എന്നായിരുന്നു ട്വിറ്ററിലൂടെ ഒരു ട്രോള്‍. ചൗളയ്ക്കു അര്‍ഹിച്ച അര്‍ധസെഞ്ച്വറി, വെറും 24 പന്തില്‍ എന്നായിരുന്നു മറ്റൊരു പരിഹാസം.
ചൗളയെ ആദ്യ പന്ത് മുതല്‍ രാജസ്ഥാന്‍ താരങ്ങളായ സഞ്ജുവും സ്മിത്തും നിലം തൊടീച്ചില്ല. ആദ്യ രണ്ടോവറില്‍ മാത്രം സ്പിന്നര്‍ വിട്ടുകൊടുത്തത് 47 റണ്‍സായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യ രണ്ടോവറില്‍ മാത്രം 46 റണ്‍സില്‍ അധികം വഴങ്ങിയ രണ്ടാമത്തെ ബൗളറായി ചൗള മാറുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ വാരിക്കൂട്ടിയത് ഏഴു വിക്കറ്റിന് 216 റണ്‍സായിരുന്നു. 34 പന്തുകളില്‍ നിന്നും ഒമ്പത് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 74 റണ്‍സ് അടിച്ചെടുത്ത സഞ്ജുവാണ് ടോപ്‌സ്‌കോറര്‍. നായകന്‍ സ്മിത്ത് 47 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 69 റണ്‍സെടുത്തു. എട്ടു പന്തില്‍ നാലു സിക്‌സറുകളോടെ 27 റണ്‍സ് നേടിയ പേസര്‍ ജോഫ്ര ആര്‍ച്ചറും രാജസ്ഥാനെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.