IPL 2020: ഐപിഎല്‍ അവിടെ നില്‍ക്കട്ടെ! അതിലും വലുത് വരാനിരിക്കുന്നു- ടീം ഇന്ത്യ തയ്യാറെടുപ്പ് തുടങ്ങി
ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണില്‍ പ്ലേഓഫ് പോരാട്ടങ്ങള്‍ ആരംഭിച്ചിരിക്കെ ടീം ഇന്ത്യ മറ്റൊരു ദൗത്യത്തിലാണ്. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനു പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഈ മാസം അവസാനമാരംഭിരിക്കുന്ന ഓസീസിനെതിരേയുള്ള നിശ്ചിത ഓവര്‍, ടെസ്റ്റ് പരമ്പരകളെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ദുബായിലെ ഐസിസി അക്കാദമിയില്‍ ഇന്ത്യന്‍ സംഘത്തിലെ താരങ്ങള്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഓസീസിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനു വേണ്ടിയാണ് താരങ്ങള്‍ പരിശീലനം നടത്തുന്നത്. ടെസ്റ്റ് ടീമില്‍ അംഗങ്ങളായ ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി എന്നിവരെല്ലാം പരിശീലനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിലുണ്ട്. ഡേ- നൈറ്റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലൈറ്റ്‌സിനു കീഴിലും താരങ്ങള്‍ പരിശീലിക്കുന്നുണ്ട്.

പിങ്ക് ബോള്‍ പരിശീലനം
വളരെ കടുപ്പമേറിയ പരമ്പരയാണ് ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ദുബായിലുള്ള താരങ്ങള്‍ സമയം ശരിയായ രീതിയില്‍ ഉപയോഗിക്കാനും ആഗ്രഹിക്കുന്നു. ഇന്നു മുതല്‍ പിങ്ക് ബോള്‍ ഉപയോഗിച്ച് ലൈറ്റ്‌സിനു കീഴില്‍ പരിശീലനം തുടങ്ങുകയാണ്. ഏകദേശം മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാവും പരിശീലന സെഷനെന്നും ഇന്ത്യന്‍ ടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിന് കൊവിഡ്
ഇന്ത്യന്‍ ടീമിന്റെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘു മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കൊപ്പം യുഎഇയിലേക്കു വന്നിട്ടില്ല. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പകരം മറ്റൊരു ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ ശ്രീലങ്കയുടെ നുവാന്‍ സേനെവിരാനെയാണ് ടീമിനൊപ്പമുള്ളത്. മിച്ചെല്‍ സ്റ്റാര്‍ക്കുള്‍പ്പെടുന്ന ഓസീസിന്റെ പേസ് ബൗളിങ് നിരയെ നേരിടാന്‍ താരങ്ങളെ സഹായിക്കുകയാണ് നുവാന്റെ ലക്ഷ്യം.
രഘുവിന്റെ അഭാവത്തില്‍ നുവാനു കീഴിലാണ് പുജാര, വിഹാരി എന്നിവരടക്കമുള്ളവര്‍ പരിശീലിക്കുന്നത്. രഘുവിനെ നഷ്ടമായത് നിര്‍ഭാഗ്യകരമാണ്. പക്ഷെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇടംകൈയനായ സ്റ്റാര്‍ക്ക് ഓസീസ് ബൗളിങിലെ നിര്‍ണായകതാരമായതിനാന്‍ നുവാന്റെ ഇടതുകൈ കൊണ്ടുള്ള ത്രോകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്
നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുമ്പ് ഓസീസുമായി മൂന്നു വീതം മല്‍സരങ്ങളുള്‍പ്പെടുന്ന ഏകദിന, ടി20 പരമ്പരകള്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര.
നിലവില്‍ ഇന്ത്യയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത്. ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തുണ്ട്. അതിനാല്‍ തന്നെ വരാനിരിക്കുന്ന പരമ്പര കൂടുതല്‍ ആവേശകരമാവുമെന്നുറപ്പാണ്. പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് 2021 ജൂണില്‍ ലോര്‍ഡ്‌സ് വേദിയാവുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
ഡിസംബര്‍ 17 നാണ് അഡ്‌ലെയ്ഡ് ഓവലില്‍ ഇന്ത്യ- ഓസീസ് ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. മൂന്നാംടെസ്റ്റ് ജനുവരി ഏഴു മുതല്‍ സിഡ്‌നിയിലും അവസാന ടെസ്റ്റ് 15 മുതല്‍ ഗാബ്ബയിലും നടക്കും.
നവംബര്‍ 12ന് ഇന്ത്യന്‍ ടീം ദുബായില്‍ നിന്നും ഓസീസ് പര്യടനത്തിനായി യാത്ര തിരിക്കും. തുടര്‍ന്നു സിഡ്‌നിയിലെത്തുന്ന സംഘം അവിടെ ക്വാറന്റീനില്‍ കഴിയും. 27നാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications