അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് ടീമിനെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം കിരീട വിജയം. തന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് മുംബൈ ടീമിനെ വോന്‍ പ്രശംസ കൊണ്ടു മൂടിയത്.

മഹത്തായ ഐപിഎല്‍... ലോകത്തിലെ മികച്ച ടീം വിജയിച്ചിരിക്കുന്നു. ഇങ്ങനെയൊരു പരീക്ഷണ കാലത്ത് അസാധാരണ പ്രകടനം നടത്തിയ മുഴുവന്‍ താരങ്ങളും ക്രെഡിറ്റ് അര്‍ഹിക്കുന്നു. ഐപിഎല്ലാണ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണമെന്റെന്നു ഒരു സംശയവുമില്ലാതെ തന്നെ പറയാന്‍ കഴിയുമെന്ന് വോന്‍ ട്വിറ്ററില്‍ കുറിച്ചു. മുംബൈ ഇന്ത്യന്‍സ് ടീമിന് ടി20 ലോകകപ്പ് നേടാന്‍ സാധിക്കുമെന്നു താന്‍ കരുതുന്നതായി മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് മുംബൈ അഞ്ചാം കിരീടമെന്ന തങ്ങളുടെ ലക്ഷ്യം കൈവരിച്ചത്. ഫൈനലില്‍ ഡല്‍ഹിക്കെതിരേ കിരീട ഫേവറിറ്റുകളും അവര്‍ തന്നെയായിരുന്നു. ബാറ്റിങിലും ബൗളിങിലുമെല്ലാം വളരെ സന്തുലിതമായ ടീം കൂടിയായ മുംബൈയ്ക്കു ഒരു വീക്ക്‌നെസും ഉണ്ടായിരുന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ടീമെന്ന നേട്ടവും ഇത്തവണ മുംബൈയെ തേടിയെത്തി. മാത്രമല്ല റണ്‍ചേസിലൂടെ മുംബൈ കപ്പടിക്കുന്നതും ഇതാദ്യമായാണ്. നേരത്തേയുള്ള മുംബൈയുടെ നാലു കിരീട വിജയങ്ങളും ആദ്യം ബാറ്റ് ചെയ്ത ശേഷമായിരുന്നു. 2010ലായിരുന്നു മുംബൈ ആദ്യമായി ഫൈനലില്‍ റണ്‍ചേസ് നടത്തിയത്. അന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അവര്‍ തോല്‍ക്കുകയും ചെയ്തു.
രോഹിത്തിന് കീഴില്‍ മുംബൈയുടെ അഞ്ചാം കിരീടവിജയമായിരുന്നു ഇത്. ഏറ്റവുമധികം തവണ ട്രോഫികള്‍ ഏറ്റുവാങ്ങിയ ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്. 2013, 15, 17, 19 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ നേരത്തേയുള്ള കിരീടവിജയങ്ങള്‍. മൂന്നു കിരീടങ്ങളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്.