ഐപിഎല്ലില്‍ രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയപാതയില്‍ തിരിച്ചെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ 20 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സിഎസ്‌കെ മറികടക്കുകയായിരുന്നു, ഇതോടെ പ്ലേഓഫ് സാധ്യതകള്‍ അവര്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ കൂടുതല്‍ മികച്ച സിഎസ്‌കെ ടീമിനെയായിരിക്കും ആരാധകര്‍ കാണാന്‍ പോവുന്നത്.

കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്ത് പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ ഈ സീസണില്‍ ഇനിയും സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ഗ്രൗണ്ടില്‍ കണ്ടിട്ടില്ല. താരത്തിന്റെ പ്ലെയിങ് ഇലവനിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.
വരാനിരിക്കുന്ന മല്‍സരങ്ങളില്‍ തീര്‍ച്ചയായും താഹിറിനെ ടീമില്‍ കാണാനാവുമെന്ന് വിശ്വനാഥന്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ നാലു വിദേശ താരങ്ങളുടെ ക്വാട്ടയില്‍ രണ്ടു ബാറ്റ്‌സ്മാന്‍മാരും രണ്ടു പേസ് ബൗളര്‍മാരായ ഓള്‍റൗണ്ടര്‍മാരുമാണ് പ്ലെയിങ് ഇലവനിലുള്ളത്. സീസണ്‍ രണ്ടാം പകുതിയിലേക്കു വിക്കറ്റില്‍ നിന്നും കൂടുതല്‍ ടേണ്‍ ലഭിക്കാന്‍ തുടങ്ങിയാല്‍ താഹിര്‍ ടീമില്‍ ഇടം പിടിക്കും. നാലു വിദേശ താരങ്ങളെന്നന നിയന്ത്രണമുള്ളതിനാല്‍ സാഹചര്യത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്യേണ്ടതുണ്ടെന്നും വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ സിഎസ്‌കെ റണ്ണറപ്പാക്കുന്നതില്‍ താഹിര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 26 വിക്കറ്റുകളുമായാണ് അദ്ദേഹം പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായത്. എന്നാല്‍ ഈ സീസണില്‍ സിഎസ്‌കെ എട്ടു മല്‍സരങ്ങളില്‍ കളിച്ചിട്ടും താഹിറിന് ടീമിന് പുറത്താണ് സ്ഥാനം.
സിഎസ്‌കെയ്ക്കു കളിക്കാന്‍ കഴിയാതെ പുറത്തിരിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈദരാബാദിനെതിരേയുള്ള കഴിഞ്ഞ മല്‍സരത്തിനിടെ താഹിര്‍ കമന്റേറ്റര്‍മാരോടു തുറന്നു പറഞ്ഞിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കിലും താന്‍ ഇത് ആസ്വദിക്കുന്നുണ്ട്. ടീം നന്നായി പെര്‍ഫോം ചെയ്താല്‍ ഞാന്‍ ഹാപ്പിയാണ്. അതോടൊപ്പം അവസരത്തിനു വേണ്ടി കാത്തിരിക്കുകയുമാണ്. ലഭിച്ചാല്‍ കളിക്കാന്‍ പൂര്‍ണ സജ്ജനാണ്. ഇന്ത്യയുടെ യുവ പ്രതിഭകള്‍ക്കെതിരേ കളിക്കുകയെന്നത് വെല്ലുവിളിയാണ്. പിച്ചുകള്‍ ഇപ്പോള്‍ സ്പിന്‍ ചെയ്യാന്‍ തുടങ്ങിയതായി കാണാന്‍ കഴിഞ്ഞതായും താഹിര്‍ പറഞ്ഞിരുന്നു.