ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ ക്യാച്ച് ചെയ്തായിരുന്നു ധോണിയുടെ സെഞ്ച്വറി നേട്ടം.

കൡയുടെ 18ാം ഓവറിലായിരുന്നു ധോണിയെ തേടി റെക്കോര്‍ഡെത്തിയത്. ശര്‍ദ്ദുല്‍ താക്കൂര്‍ എറിഞ്ഞ ആദ്യ പന്തില്‍ അപകടകാരിയായ നിക്കോളാസ് പുരാനെ രവീന്ദ്ര ജഡേജ ക്യാച്ച് ചെയ്തു മടക്കി. തൊട്ടടുത്ത പന്തില്‍ രാഹുലിനെയും മടക്കി സിഎസ്‌കെ പഞ്ചാബിനെ സ്തബ്ധരാക്കി. വൈഡാവേണ്ടിയിരുന്ന പന്തിലേക്ക് രാഹുല്‍ ബാറ്റ് നീട്ടി ഷോട്ടിനു ശ്രമിച്ചെങ്കിലും അരികില്‍ തട്ടിത്തെറിച്ച പന്ത് ധോണി വലതു വശത്തേക്കു ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു.
ഐപിഎല്ലില്‍ ക്യാച്ചുകളുടെ എണ്ണത്തില്‍ ആദ്യമായി സെഞ്ച്വറി തികച്ചത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികാണ്. ഡികെയുടെ അക്കൗണ്ടില്‍ 103 ക്യാച്ചുകളാണുള്ളത്. ധോണിയും കാര്‍ത്തികും തമ്മില്‍ വെറും മൂന്നു ക്യാച്ചുകളുടെ മാത്രം വ്യത്യാസമാണുള്ളതിനാല്‍ ഒന്നാംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം മുറുകുമെന്നുറപ്പാണ്.
അതേസമയം, ചെന്നൈക്കെതിരേ ടോസ് ലഭിച്ച പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ കളി കെട്ടഴിച്ച രാഹുലിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റിന് 178 റണ്‍സ് നേടി. 52 പന്തല്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 63 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. നിക്കോളാസ് പുരാനാണ് (33) മറ്റൊരു പ്രധാന സ്‌കോറര്‍. വെറും 17 പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണ് പുരാന്‍ 33 റണ്‍സെടുത്തത്. മന്‍ദീപ് സിങ് (27), മായങ്ക് അഗര്‍വാള്‍ (26) എന്നിവര്‍ മോശമല്ലാത്ത പ്രകടനം നടത്തി.