ബെംഗളൂരു: ഐ പി എല്‍ ഒമ്പതാം സീസണ് വേണ്ടിയുള്ള താരലേലം ഫെബ്രുവരി ആറിന് ബെംഗളൂരുവില്‍ നടക്കും. ഇത്തവണ 700 ലധികം താരങ്ങളാണ് ലേലത്തിനെത്തുക. പുതുതായി എത്തിയ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സും രാജ്‌കോട്ടും അടക്കം എട്ട് ടീമുകളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. പുതിയ രണ്ട് ടീമുകള്‍ക്കും അഞ്ച് കളിക്കാര്‍ വീതമേ ആയിട്ടുള്ളൂ, ഇരുപതോളം കളിക്കാരാണ് ഓരോ ടീമിലും വേണ്ടത്.
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കയ്യൊഴിഞ്ഞ സൂപ്പര്‍ താരം യുവരാജ് സിംഗ് ആണ് ലേലത്തിലെ ശ്രദ്ധാകേന്ദ്രം. 2015 ലെ ലേലത്തില്‍ 16 കോടിയാണ് യുവരാജിന് കിട്ടിയത്. അതിന് മുമ്പത്തെ വര്‍ഷം 14 കോടി മുടക്കി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് യുവിയെ വാങ്ങി. പ്രതീക്ഷിച്ച പ്രകടനമൊന്നും പുറത്തെടുക്കുന്നില്ലെങ്കിലും യുവരാജിന് വില കുറയുന്ന പ്രശ്‌നമില്ല. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിലംഗമാണ് യുവി. 2 കോടി രൂപയാണ് യുവരാജിന് ഇത്തവണ അടിസ്ഥാന വില.

ബാംഗ്ലൂര്‍ ടീം ഒഴിവാക്കിയ ദിനേശ് കാര്‍ത്തിക്, രാജസ്ഥാന്‍ ടീമിലുണ്ടായിരുന്ന സ്റ്റുവര്‍ട്ട് ബിന്നി, ഷെയ്ന്‍ വാട്‌സന്‍, കെവിന്‍ പീറ്റേഴ്‌സന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കും അടിസ്ഥാന വില 2 കോടിയാണ്. ഇവരടക്കം 146 അന്താരാഷ്ട്ര താരങ്ങളാണ് ഐ പി എല്‍ ലേലത്തിന് എത്തുന്നത്. ഇതില്‍ 25 പേര്‍ ഇന്ത്യക്കാരാണ്. ലേലത്തില്‍ പങ്കെടുക്കാനുളള താരങ്ങളുടെ അന്തിമ പട്ടിക ജനുവരി 25 ന് ബി സി സി ഐ പുറത്തുവിടും.
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനാണ് ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്. 36.85 കോടി രൂപ. മുംബൈ ഇന്ത്യന്‍സിന്റെ പക്കല്‍ 14.4 കോടി രൂപ മാത്രമേ ബാക്കിയുള്ളൂ. ബാംഗ്ലൂര്‍ 21 കോടി, കൊല്‍ക്കത്ത 17 കോടി, പഞ്ചാബ് 23 കോടി, ഹൈദരാബാദ് 30 കോടി, പുനെ 27 കോടി, രാജ്‌കോട്ട് 27 കോടി എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ ബാലന്‍സ്.