ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍. ഐസിസിയുടെ പുതിയ റാങ്കിങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അദ്ദേഹം മൂന്നാംറാങ്കിലേക്കുയര്‍ന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് രാഹുലിന്റെ മുന്നേറ്റം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും റാങ്കിങില്‍ സ്ഥാനം മെച്ചപ്പെടുത്തി. നേരത്തേ ഒമ്പതാംസ്ഥാനത്തായിരുന്ന അദ്ദേഹം ഒരു സ്ഥാനം കയറി എട്ടാമെത്തിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍ താരം ഹസ്‌റത്തുള്ള സസായിയെയാണ് കോലി പിന്തള്ളിയത്. രാഹുലു ും കോലിയും തങ്ങളുടെ സ്ഥാനങ്ങളില്‍ ഒരു മാറ്റം വരുത്തിയതൊഴിച്ചാല്‍ ആദ്യപത്തിലെ മറ്റുള്ളവര്‍ക്കൊന്നും ഇളക്കം തട്ടിയിട്ടില്ല.
ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ ഡേവിഡ് മലാന്‍ തന്നെ ഒന്നാംറാങ്കില്‍ തുടരുകയാണ്. 915 റേറ്റിങ് പോയിന്റ് അദ്ദേഹത്തിനുണ്ട്. ദീര്‍ഘകാലം ഒന്നാംസ്ഥാനമലങ്കരിച്ച പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമാണ് രണ്ടാംസ്ഥാനത്ത്. 871 പോയിന്റ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 816 പോയിന്റുമായാണ് രാഹുല്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. തൊട്ടുതാഴെയുള്ള ഫിഞ്ചിന് 808 പോയിന്റുണ്ട്.
ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (744), ന്യൂസിലാന്‍ഡിന്റെ കോളിന്‍ മണ്‍റോ (739), ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍ (701), വിരാട് കോലി (697), ഹസ്‌റത്തുള്ള സസായ് (676), ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ (662) എന്നിവരാണ് 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
ഓസ്‌ട്രേലിയക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ രാഹുലിന് 81 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. കോലിയാവട്ടെ 134 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡായിരുന്നു പരമ്പരയിലെ ടോപ്‌സ്‌കോറര്‍. രണ്ടു ഫിഫ്റ്റികളടക്കം താരം 145 റണ്‍സ് അടിച്ചെടുത്തിരുന്നു.
അതേസമയം, ടി20 ടീമുകളുടെ റാങ്കിങില്‍ ഇന്ത്യ മൂന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം ഇന്ത്യയുടെ റേറ്റിങ് പോയിന്റ് മെച്ചപ്പെടുത്തിയെങ്കിലും സ്ഥാനത്തില്‍ പ്രതിഫലിച്ചില്ല. 268 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ട് (275), ഓസ്‌ട്രേലിയ (272) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.