ടി20 പരമ്പര: ടീം ഇന്ത്യക്ക് ആഹ്ലാദിക്കാം, തലവേദനയായി ഒന്ന് മാത്രം... പകരം ആരൊക്കെ?
പ്രൊവിഡന്‍സ്: ആധികാരിക പ്രകടനത്തോടെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയത്. ചൊവ്വാഴ്ച നടന്ന അവസാന മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോകകപ്പിനു ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ സമ്പൂര്‍ണ വിജയം കൊയ്യാനായത് വിരാട് കോലിക്കും സംഘത്തിനും ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്.
ടി20 പരമ്പരയില്‍ ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്ന കാര്യങ്ങള്‍ മാത്രമല്ല, ആശങ്കയുണ്ടാക്കുന്ന ഒന്ന് കൂടിയുണ്ട്. ഇവ എന്തൊക്കെയെന്നു നോക്കാം.

ടി20യില്‍ ഇവര്‍ മതിയോ?
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ജോടികളിലൊന്നാണ് ശിഖര്‍ ധവാനും രോഹിത് ശര്‍മയും. ലോകകപ്പിനിടെ പരിക്കേറ്റു പിന്‍മാറിയ ധവാന്‍ ആദ്യമായി കളിച്ച പരമ്പര കൂടിയായിരുന്നു ഇത്. എന്നാല്‍ തന്റെ പഴയ ഫോമിലെത്താന്‍ അദ്ദേഹം പാടുപെടുന്നതാണ് കണ്ടത്.
രോഹിത് മികച്ച പ്രകടനം നടത്തിയെങ്കിലും ടി20യില്‍ ഇനിയും ഈ സഖ്യം തന്നെ മതിയോയെന്ന് ആലോചിക്കേണ്ട സമയമായിരിക്കുന്നു. രോഹിത്തിനും ധവാനും ക്രീസില്‍ നിലയുറപ്പിക്കാന്‍ സമയം ആവശ്യമാണ്. എന്നാല്‍ ആദ്യ പന്ത് മുതല്‍ എതിര്‍ ബൗളര്‍മാരെ ആക്രമിച്ചു കളിക്കുന്ന ഓപ്പണര്‍മാരെയാണ് ടി20യില്‍ വേണ്ടത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ പുതിയ ഓപ്പണിങ് സഖ്യത്തെ പരീക്ഷിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ഇനിയുള്ള ടി20 മല്‍സരങ്ങള്‍.

പ്രതീക്ഷ കാത്ത പേസര്‍മാര്‍
ഇന്ത്യയുടെ പേസ് ബൗളിങ് വിഭാഗം ഇപ്പോഴും കരുത്തുറ്റതാണെന്നു വിന്‍ഡീസിനെതിരായ പരമ്പരയില്‍ തെളിഞ്ഞു. അരങ്ങേറ്റക്കാരന്‍ നവ്ദീപ് സെയ്‌നിയും ദീപക് ചഹറുമെല്ലാം പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് പരമ്പരയില്‍ നടത്തിയത്. പേസ് ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്ന ജസ്പ്രീത് ബുംറയുടെ അഭാവം നികത്താന്‍ യുവ താരങ്ങള്‍ക്കു കഴിഞ്ഞുവെന്നത് ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.

സ്ഥാനമുറപ്പിച്ച് ക്രുനാല്‍ പാണ്ഡ്യ
ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് താനെന്ന് ഈ പരമ്പരയിലൂടെ ക്രുനാല്‍ പാണ്ഡ്യ അടിവരയിട്ടു. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം കൈക്കലാക്കിയാണ് ക്രുനാല്‍ വീണ്ടും ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറിയത്. ബൗളിങില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തിയ താരം വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുക തന്നെ ചെയ്തു.
അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ തനിക്കു അര്‍ഹതയുണ്ടെന്ന് വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ ക്രുനാല്‍ തെളിയിക്കുകയായിരുന്നു. ഇനിയുള്ള ടി20 പരമ്പരകളിലും തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications