Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിയന്ത്രണം വിട്ട് ധോണി പൊട്ടിത്തെറിച്ചു! സംഭവിച്ചതെന്ത്? തന്നോട് പറഞ്ഞത് വെളിപ്പെടുത്തി കുല്‍ദീപ്

മുംബൈ: ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ വളരെ അപൂര്‍വ്വമായി മാത്രമേ ക്ഷുഭിതമായി ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ടാവുകയുള്ളൂ. സന്തോഷവും ദേഷ്യവുമൊന്നും അധികം പുറത്ത് പ്രകടിപ്പിക്കാത്ത ചുരുക്കം ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ ചുരുക്കം ചില അവസരങ്ങളില്‍ ധോണിയുടെ നിയന്ത്രണം വിട്ടിട്ടുണ്ടെന്നത് സത്യമാണ്. ഒരു തവണ ഇതിനു ഇരയാവേണ്ടി വന്ന താരമാണ് യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ്.

2017 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20 മല്‍സരത്തിനിടെയായിരുന്നു ഇത്. ഇന്ത്യയുടെ ബൗളിങിനിടെയായിരുന്നു സംഭവം. കുല്‍ദീപ് ബൗള്‍ ചെയ്യവെയായിരുന്നു ധോണിയുടെ രോക്ഷപ്രകടനം. ഈ സംഭവത്തെക്കുറിച്ച് ഒരു ചാറ്റ് ഷോയില്‍ എല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ്.

കുപിതനാവാന്‍ കാരണം

ഇന്‍ഡോറിലെ ബൗണ്ടറി മറ്റു ഗ്രൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതായിരുന്നു. താന്‍ ബൗള്‍ ചെയ്യവെ കുശാല്‍ പെരേരയായിരുന്നു അന്ന് സ്‌ട്രൈക്ക് നേരിട്ടത്. കവറിലൂടെ കുശാല്‍ ബൗണ്ടറി നേടി. ഫീല്‍ഡിങില്‍ മാറ്റം വരുത്താന്‍ വിക്കറ്റിനു പിറകില്‍ നിന്നും ധോണി വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശം താന്‍ കേട്ടില്ലെന്നു നടിച്ചു. തൊട്ടടുത്ത പന്തിലും കുശാല്‍ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കണ്ടെത്തി. ഇതോടെയാണ് ധോണിയുടെ സകല നിയന്ത്രണങ്ങളും വിട്ടതെന്നു 24കാരനായ കുശാല്‍ വ്യക്തമാക്കി.

പറഞ്ഞത് ഇങ്ങനെ...

കുപിതനായി തന്റെ അടുത്തേക്ക് വന്ന് ധോണി ശകാരിക്കുകയായിരുന്നു. ഞാനെന്താ വിഡ്ഢിയാണോ? 300ല്‍ കൂടുതല്‍ ഏകദിന മല്‍സരങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്നും ധോണി തന്നോടു രോഷത്തോടെ പറയുകയായിരുന്നുവെന്ന് കുല്‍ദീപ് വെളിപ്പെടുത്തി. അന്ന് ധോണിയുടെ ഈ രോഷം കണ്ടപ്പോള്‍ ശരിക്കും ഭയന്നു പോയതായും താരം വ്യക്തമാക്കി.
അന്നത്തെ മല്‍സരത്തില്‍ ധോണിയുടെ നിര്‍ദേശത്തെ തുടര്‍ന്നു ഫീല്‍ഡിങില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ കുല്‍ദീപിനു വിക്കറ്റ് ലഭിച്ചിരുന്നു. നാലോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത സ്പിന്നര്‍ മൂന്നു വിക്കറ്റുകളാണ് നേടിയത്. മല്‍സരത്തില്‍ ഇന്ത്യ 88 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കിയിരുന്നു.

20 വര്‍ഷത്തിനു ശേഷം

ധോണിയുടെ ഈ ശകാരം ശരിക്കും അസ്വസ്ഥനാക്കിയിരുന്നു. മല്‍സരശേഷം ടീം ബസ്സില്‍ യാത്ര ചെയ്യവെ താന്‍ ധോണിയുടെ അരികിലേക്കു പോയി സംസാരിച്ചു. മുമ്പ് എപ്പോഴെങ്കിലും ഇതുപോലെ ക്ഷൂഭിതനായിട്ടുണ്ടോയെന്നായിരുന്നു അദ്ദേഹത്തോടു ചോദിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് തനിക്കു ദേഷ്യം വന്നതെന്നായിരുന്നു ധോണിയുടെ മറുപടിയെന്നും കുല്‍ദീപ് പറഞ്ഞു. എങ്കിലും ധോണിയുമായി നല്ല സൗഹൃദമാണ് ഇപ്പോഴും തനിക്കുള്ളതെന്നും ടീമിലെ അടുത്ത രണ്ടു കൂട്ടുകാര്‍ ധോണിയും ശിഖര്‍ ധവാനുമാണെന്നും കുല്‍ദീപ് വ്യക്തമാക്കി.

Story first published: Friday, April 17, 2020, 17:39 [IST]
Other articles published on Apr 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+