കറാച്ചി: ഐസിസിയുടെ ടി20 ലോകകപ്പില്‍ തനിക്കു ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടി വരിക ഇന്ത്യയുടെ രണ്ടു സൂപ്പര്‍ താരങ്ങളില്‍ നിന്നായിരിക്കുമെന്ന് പാകിസ്താന്റെ പുതിയ പേസ് കണ്ടുപിടുത്തമായ ഹാരിസ് റൗഫ്. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ബിഗ് ബാഷ് ടി20 ലീഗില്‍ മിന്നുന്ന പ്രകടനം നടത്തിന്റെ ആത്മവിശ്വാസത്തിലാണ് റൗഫ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓപ്പണര്‍ രോഹിത് ശര്‍മയുമായിരിക്കും ടി20 ലോകകപ്പില്‍ തനിക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുകയെന്ന് റൗഫ് പറയുന്നു. കോലി, രോഹിത് എന്നിവരെപ്പോലുള്ള ലോകോത്തര താരങ്ങള്‍ക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ അത് തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പേസര്‍ വ്യക്തമാക്കി.

ബിഗ് ബാഷ് ലീഗില്‍ നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞതിനാല്‍ ഓസ്‌ട്രേലിയ തന്നെ വേദിയാവുന്ന ലോകകപ്പിലും ഇതേ മികവ് പുറത്തെടുക്കാമെന്ന പ്രതീക്ഷയുണ്ട്. എതിര്‍ ബാറ്റ്‌സ്മാന് ഒരിക്കലും തന്റെ മേല്‍ ആധിപത്യം നേടാന്‍ അനുവദിക്കാറില്ലെന്നും ഇതാണ് ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതെന്നും റൗഫ് പറഞ്ഞു. ബിഗ് ബാഷ് ലീഗില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ പിടിച്ചുനിര്‍ത്താന്‍ പേസര്‍ക്കായിരുന്നു.
ലോകകപ്പ് വളരെ കടുപ്പമേറിയ ടൂര്‍ണമെന്റാണ്. ഓരോ രാജ്യത്തെയും ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ തന്നെ എതിര്‍ ടീമുകള്‍ കരുത്തരായിരിക്കും. എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയും ബൗള്‍ ചെയ്യുക കടുപ്പമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 താരങ്ങളിലേക്കു വരുമ്പോള്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുക കോലി, രോഹിത് എന്നിവരില്‍ നിന്നായിരിക്കുമെന്ന് റൗഫ് പറയുന്നു.

ഇവരെപ്പോലുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ നന്നായി പന്തെറിയാനായാല്‍ അത് തന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തും. ലോകകപ്പില്‍ അവസരം ലഭിച്ചാല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നുറപ്പുണ്ട്. എതിര്‍ ബാറ്റ്‌സ്മാനെ തനിക്കു മേല്‍ ആധിപത്യം നേടാന്‍ അനുവദിക്കാതിരിക്കുകയാണ് തന്റെ തന്ത്രമെന്നും റൗഫ് വിശദമാക്കി. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനു വേണ്ടിയാണ് റൗഫ് കളിച്ചത്. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത നാലാമത്തെ ബൗളറായിരുന്നു താരം. 10 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകള്‍ റൗഫ് വീഴ്ത്തിയിരുന്നു. ഈ പ്രകടനം പേസര്‍ക്കു ആദ്യമായി ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്തിരുന്നു.