അമ്പമ്പോ ചഹര്‍... ടി20 റാങ്കിങില്‍ റോക്കറ്റ് കുതിപ്പ്, ഒറ്റയടിക്ക് 88 പേരെ പിന്നിലാക്കി!!
ദുബായ്: ബംഗ്ലാദേശിനെതിരേ നടന്ന ടി20 പരമ്പരയിലെ മാജിക്കല്‍ ബൗളിങ് പ്രകടനത്തോടെ വന്‍ കുതിപ്പാണ് ഇന്ത്യയുടെ യുവ പേസര്‍ ദീപക് ചഹര്‍ ഐസിസി റാങ്കിങില്‍ നടത്തിയിരിക്കുന്നത്. ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ താരം വലിയ മുന്നേറ്റമുണ്ടാക്കി.
മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ എട്ടു വിക്കറ്റുകള്‍ ചഹര്‍ കൊയ്തിരുന്നു. ഇവരില്‍ ആറും മൂന്നാമത്തെയും അവസാനത്തെയും ടി20യിലായിരുന്നു. വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്ത ചഹര്‍ ലോക റെക്കോര്‍ഡും കുറിച്ചിരുന്നു. മാത്രമല്ല ടി20യില്‍ ഇന്ത്യയുടെ ആദ്യത്തെ ഹാട്രിക് ഹീറോയായും താരം മാറിയിരുന്നു. ബംഗ്ലദേളിനെതിരേയുള്ള പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസും ചഹറായിരുന്നു.

88 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി
പുതിയ ടി20 റാങ്കിങില്‍ 88 സ്ഥാനങ്ങളാണ് ചഹര്‍ മെച്ചപ്പെടുത്തിയിരിക്കുന്നത്. പുതിയ റാങ്കിങ് പ്രകാരം 42ാം സ്ഥാനം താരം പിടിച്ചെടുത്തു കഴിഞ്ഞു. ടി20 റാങ്കിങില്‍ മുന്‍നിര പിടിച്ചടക്കിയത് സ്പിന്നര്‍മാരാണ്. ആദ്യ അഞ്ചു സ്ഥാനക്കാരും സ്പിന്നര്‍മാരാണെന്നതാണ് ശ്രദ്ധേയം.
അഫ്ഗാനിസ്താന്‍ നായകന്‍ റാഷിദ് ഖാനാണ് തലപ്പത്ത്. ന്യൂസിലാന്‍ഡ് പേസര്‍ മിച്ചെല്‍ സാന്റ്‌നര്‍, പാകിസ്‌കാന്റെ ഇമാദ് വസീം, ഓസ്‌ട്രേലിയയുടെ ആദം സാംപ, പാകിസ്താന്റെ ഷദാബ് ഖാന്‍ എന്നിവരാണ് രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.

രോഹിതും രാഹുലും
ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ ഒരു താരം പോലും ടോപ്പ് ഫൈവില്‍ ഇത്തവണയുമില്ല. എന്നാല്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. ടി20 നായകന്‍ രോഹിത് ശര്‍മയും ലോകേഷ് രാഹുലുമാണ് ഏഴും എട്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. രോഹിത് ഏഴാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തുകയായിരുന്നു.
പാക് നായകന്‍ ബാബര്‍ അസം 876 റേറ്റിങുമായി ഒന്നാംസ്ഥാനം നിലനിര്‍ത്തി. തൊട്ടു താഴെയുള്ള ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് 807 റേറ്റിങാണുള്ളത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍, ന്യൂസിലാന്‍ഡിന്റെ കോളിന്‍ മണ്‍റോ, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരാണ് മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

ഇന്ത്യ അഞ്ചാമത് തന്നെ
ബംഗ്ലാദേശിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര 2-1നു കൈക്കലാക്കിയെങ്കിലും ടീമുകളുടെ റാങ്കിങില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തു തന്നെ തുടരുകയാണ്. നാലാംസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയേക്കാള്‍ രണ്ടു റേറ്റിങ് മാത്രം പിറകിലാണ് ഇന്ത്യ.
270 റേറ്റിങുമായി പാകിസ്താന്‍ തന്നെ പട്ടികയില്‍ ഒന്നാംസ്ഥാനത്തു തുടരുകയാണ്. ഒരു റേറ്റിങ് മാത്രം പിന്നിലായി ഓസ്‌ട്രേലിയ തൊട്ടരികിലുണ്ട്. ഇംഗ്ലണ്ടാണ് മൂന്നാംസ്ഥാനത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications