കുട്ടിക്കാലത്ത് പേസര്‍! ബാറ്റിങിലേക്കു മാറാന്‍ കാരണം വെളിപ്പെടുത്തി യുവരാജ്
മികച്ചൊരു പേസ് ബൗളറാവാനാണ് താന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ പിന്നീട് താന്‍ ബാറ്റിങിലേക്കു മാറുകയായിരുന്നുവെന്നും വെളിപ്പെടുത്തി ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് താരത്തിന്റെ സ്ഥാനം. 2007ലെ പ്രഥമ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ചാംപ്യന്മാരായപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊന്ന് കൂടിയായിരുന്നു യുവി.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നറായിരുന്ന അദ്ദേഹം തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയായിരുന്നു. പാര്‍ട്ട് ടൈം ബൗളറായും തിളങ്ങിയ യുവി ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാനും മിടുക്കനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് യുവി ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.

കരിയര്‍ മാറ്റിയ ഇന്നിങ്‌സ്
ഏകദേശം 12 വയസ്സ് വരെ താന്‍ ഫാസ്റ്റ് ബൗളറായാണ് കളിച്ചിരുന്നതെന്നു യുവി പറയുന്നു. മികച്ചൊരു പേസറായി മാറുകയാണ് അന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കുട്ടിക്കാലത്ത് കളിച്ച ഒരു മല്‍സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് ബാറ്റിങിലെ കഴിവ് തിരിച്ചറിഞ്ഞതെന്നു അദ്ദേഹം വെളിപ്പെടുത്തി.
ഒരു സിക്‌സര്‍ പോലും നേടാതെയാണ് അന്നു യുവി 90 റണ്‍സ് വരെയെത്തിയത്. എന്നാല്‍ പിന്നീട് രണ്ടു സിക്‌സറുകള്‍ പായിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. മികച്ചൊരു ബാറ്റ്‌സ്മാന്‍ തന്റെയുള്ളിലുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അന്നാണെന്നു യുവി വ്യക്തമാക്കി.

ശ്രദ്ധിച്ചത് ബൗളിങില്‍ മാത്രം
പലാമിലെ ബിഷന്‍ സിങ് ബേദിയുടെ ക്യാംപിലായിരുന്നു അന്നു താനെന്നു യുവി വെളിപ്പെടുത്തി. 11-12 വയസ്സായിരുന്നു അന്നു പ്രായം. ആ സമയത്തു ഞാനൊരു പേസറായിരുന്നു. ആറാം നമ്പറില്‍ ടീമിനായി ബാറ്റ് ചെയ്യാനിറങ്ങിയത് ഇപ്പോഴും ഓര്‍മയുണ്ട്. ഈ മല്‍സരത്തില്‍ സെഞ്ച്വറിയും നേടി.
ഒരു സിക്‌സര്‍ പോലുമില്ലാതെയാണ് സ്‌കോര്‍ 90ലെത്തിച്ചത്. അപ്പോഴാണ് ഇടംകൈയന്‍ സ്പിന്നര്‍ ബൗള്‍ ചെയ്യാനെത്തിയത്. അംഗാദ് ബേദിയായിരുന്നു അതെന്നാണ് ഓര്‍മ. അവനെതിരേ രണ്ടു സിക്‌സറുകള്‍ ഞാന്‍ നേടി. 11-12 വയസ്സുള്ളപ്പോള്‍ നിങ്ങള്‍ക്കു അത്രയും കരുത്തുണ്ടാവണമെന്നില്ലെന്നും യുവി വിശദമാക്കി.

ഫാസ്റ്റ് ബൗളിങ് ഉപേക്ഷിക്കാന്‍ കാരണം
അന്നത്തെ ഇന്നിങ്‌സിനു ശേഷമാണ് ബാറ്റ് ചെയ്യാനും കഴിയുമെന്ന് തിരിച്ചറിഞ്ഞത്. ഫാസ്റ്റ് ബൗളറായ ഓള്‍റൗണ്ടറായി മാറാനാണ് ഇതിനു ശേഷം ആഗ്രഹിച്ചത്. എന്നാല്‍ പുറംവേദന കാരണം ഫാസ്റ്റ് ബൗളിങ് ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ സ്പിന്‍ ബൗളിങിലേക്കു മാറുകയായിരുന്നു.
സെഞ്ച്വറി നേടിയ അന്നത്തെ ഇന്നിങ്‌സിനിടെ തന്റെ ബാറ്റ് പൊട്ടുക പോലും ചെയ്തിരുന്നു. അന്ന് അങ്ങനെ സംഭവിച്ചതില്‍ സന്തോഷമുണ്ട്. കാരണം അങ്ങനെ നടന്നില്ലായിരുന്നെങ്കില്‍ ബാറ്റിങിലെ തന്റെ കഴിവ് തിരിച്ചറിയാന്‍ സാധിക്കില്ലായിരുന്നുവെന്നും യുവി കൂട്ടിച്ചേര്‍ത്തു.

നിരവധി റെക്കോര്‍ഡുകള്‍
ഒരുപിടി മികച്ച റെക്കോര്‍ഡുകള്‍ കുറിച്ചാണ് യുവി ക്രിക്കറ്റിനോടു വിട പറഞ്ഞത്. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു. 362 റണ്‍സും 25 വിക്കറ്റുകളും യുവി ടൂര്‍ണമെന്റില്‍ നേടിയിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പറത്തി യുവി ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു.
ഇന്ത്യക്കു വേണ്ടി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടി20കളും കളിച്ചിട്ടുള്ള യുവി യഥാക്രമം 1900, 8701, 1177 റണ്‍സും നേടി. മൂന്നു ഫോര്‍മാറ്റുകളിലുമായി 148 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications