കോലിപ്പടയെ കാത്തിരിക്കുന്നത് 'വനവാസം', 150 ദിവസത്തിലേറെ ബന്ധുക്കളെ കാണാനാവില്ല!
നാലു മാസത്തിലേറെയായി കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒടുവില്‍ മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലാണ് ഇന്ത്യന്‍ താരങ്ങളുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. സപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ ഫൈനല്‍ നവംബര്‍ എട്ടിനോ, 10നോ ആയിരിക്കുമെന്നാണ് വിവരം.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത്രയും മാസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചു മടുത്ത താരങ്ങള്‍ എത്രയും വേഗത്തില്‍ ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ തന്നൊയാണ് ആഗ്രഹിക്കുന്നത്. പലരും ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും ദിനങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം ചെലവഴിച്ച താരങ്ങള്‍ക്കു ഇനി വരാനിരിക്കുന്നത് 'വനവാസമാണ്'. 150 ദിവസത്തിലേറെക്കാലം ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കു കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരും.

പരിശീലന ക്യാംപ്
ആഗസ്റ്റ് തുടക്കത്തില്‍ തന്നെ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പരിശീലന ക്യാംപിലൂടെയാണ് ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ ആദ്യമായി പങ്കെടുക്കുക. ഈ ക്യാംപ് അവസാനിക്കുന്നതിനു പിന്നാലെ താരങ്ങള്‍ ഐപിഎല്ലിന്റെ 13ാം സീസണില്‍ കളിക്കുന്നതിനായി യുഎഇയിലേക്കു പറക്കും.
അവിടെ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പമായിരിക്കും താരങ്ങള്‍ തുടര്‍ന്ന് പരിശീലനം നടത്തുക. ആഗസ്റ്റ് രണ്ടാം വാരത്തിന്റെ അവസാനത്തോടെ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം യുഎഇയിലേക്കു തിരിക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.

ഐപിഎല്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയയിലേക്ക്
53 ദിവസമായിരിക്കും ഐപിഎല്ലിന്റെ ദൈര്‍ഘ്യമെന്ന് നേരത്തേ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചിരുന്നു. യാത്രാ, താമസ സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനു വേണ്ടി ഐപിഎല്‍ കഴിഞ്ഞതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ യുഎഇയില്‍ നിന്നു നേരിട്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തിലായി യാത്ര തിരിച്ചേക്കും.
ബിസിസിഐ ഇത്തരമൊരു പ്ലാന്‍ തയ്യാറാക്കിയതോടെ ഐപിഎല്‍ കഴിഞ്ഞാലും ദേശീയ ടീമിന്റെ ഭാഗമായ ഇന്ത്യന്‍ താരങ്ങള്‍ക്കു ബന്ധുക്കളെ കാണാന്‍ കഴിയില്ല. ഐപിഎല്ലില്‍ തങ്ങളുടെ ടീം ഫൈനലിലെത്തിയില്ലെങ്കിലും താരങ്ങളെ ഇന്ത്യയിലേക്കു മടങ്ങാന്‍ അനുവദിക്കില്ല. വൈറസ് ബാധ തടയുന്നതിനായി 'ബയോ ബബിളിനുള്ളില്‍' തന്നെ താരങ്ങളെ നിലനിര്‍ത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്

ഓസ്‌ട്രേലിയന്‍ പര്യടനം
രണ്ടു മാസത്തിലേറെ നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം. നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളുമാണ് കോലിപ്പട ഓസ്‌ട്രേരിയയില്‍ കളിക്കു. ഡിസംബര്‍ മൂന്നിനാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ഏകദിന പരമ്പര ജനുവരി 12നും ആരംഭിക്കും. ജനുവരി 17നാണ് ഏകദിന പരമ്പരയിലെ അവസാന മല്‍സരം. നവംബര്‍ 12ന് ഓസ്‌ട്രേലിയയിലെത്തുന്ന വിരാട് കോലിക്കും സംഘത്തിനും ഇവിടെ 68 ദിവസം ചെലവഴിക്കേണ്ടിവരും.
അതായത് ഓസീസിനെതിരായ അവസാന ഏകദിനം കളിക്കുമ്പോഴേക്കും കോലിയും സംഘവും കുടുംബം വിട്ടിട്ട് 150 ദിവസത്തിലേറെ ആയിട്ടുണ്ടാവും.

ടി20 പരമ്പര
ഇന്ത്യയും ഓസീസും തമ്മില്‍ ഒക്ടോബറില്‍ ടി20 പരമ്പര നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ഈ പരമ്പര ജനുവരിയിലെ ഏകദിന പരമ്പരയ്ക്കു ശേഷം നടത്താന്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ സംഘത്തിന് കൂടുതല്‍ നാള്‍ ഇവിടെ തങ്ങേണ്ടിവരും. സാധാരണ സാഹചര്യങ്ങളില്‍ വിദേശത്തു ടീം പര്യടനം നടത്തുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്കു ഇവിടെയെത്തി ഇവരെ കാണാമായിരുന്നു. എന്നാല്‍ കൊവിഡിന്റെ സാഹചര്യത്തില്‍ ഇതിനു ബിസിസിഐ അനുവദിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications