ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ഹിറ്റ്'വുമണ്‍', കുറിച്ചത് പുതിയ റെക്കോര്‍ഡ്... കോലിക്കൊപ്പം ജെമീമ റോഡ്രിഗസ്

ഗയാന: വനിതകളുടെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ജയത്തോടെ തുടക്കം കുറിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യ. ഇതുവരെ ലോകകപ്പില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഇന്ത്യ സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാപ്റ്റന്‍സിയില്‍ കന്നിക്കിരീടം സ്വന്തമാക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ആദ്യ കളിയില്‍ ഹര്‍മന്‍പ്രീത് സെഞ്ച്വറിയുമായി പട നയിച്ചതോടെയാണ് ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു മികച്ച ജയം സമ്മാനിച്ചത്.
കിവീസിനെതിരായ സെഞ്ച്വറി നേട്ടത്തോടെ പുതിയ ചില റെക്കോര്‍ഡുകള്‍ കൂടി ഹര്‍മന്‍പ്രീത് കുറിച്ചിരുന്നു. മല്‍സരത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ആദ്യ സെഞ്ച്വറി
വനിതകളുടെ ട്വന്റി20യില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനാണ് ഹര്‍മന്‍പ്രീത് അര്‍ഹയായത്. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് പുറത്താവാതെ നേടിയ 97 റണ്‍സെന്ന റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് പഴങ്കഥയാക്കിയത്.
ഇതു മാത്രമല്ല ട്വന്റി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് ഹര്‍മന്‍പ്രീത് നേടിയത്. 77 റണ്‍സെന്ന തന്റെ തന്നെ റെക്കോര്‍ഡ് താരം തിരുത്തിയെഴുതുകയായിരുന്നു.

അരങ്ങേറ്റത്തില്‍ ഫിഫ്റ്റി
ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസിന്റെ ലോകകപ്പ് അരങ്ങേറ്റമായിരുന്നു ന്യൂസിലാന്‍ഡിനെതിരായ മല്‍സരം. 59 റണ്‍സുമായി അരങ്ങേറ്റം ഗംഭീരമാക്കാനും ജെമീമയ്ക്കു സാധിച്ചു. 45 പന്തുകളില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
വിരാട് കോലിക്കു ശേഷം ലോകകപ്പിലെ കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനാണ് ജെമീമ അവകാശിയായത്.
മൂന്നു താരങ്ങള്‍ മാത്രം
വനിതകളുടെ ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് ഹര്‍മന്‍പ്രീത് കൗര്‍. നേരത്തേ ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്, വെസ്റ്റ് ഇന്‍ഡീസിന്റെ ദിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവര്‍ മാത്രമേ ലോകകപ്പില്‍ മൂന്നക്ക സ്‌കോര്‍ നേടിയിട്ടുള്ളൂ.
കിവീസിനെതിരേ 49 പന്തുകളിലായിരുന്നു ഹര്‍മന്‍പ്രീതിന്റെ സെഞ്ച്വറി. വനിതാ ടി20യിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണിത്.

ഒമ്പതാമത്തെ മികച്ച സ്‌കോര്‍
ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ നേടിയ 194 റണ്‍സെന്നത് വനിതാ ട്വന്റി20 ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന ഒമ്പതാമത്തെ ടീം ടോട്ടല്‍ കൂടിയാണിത്. ടി20യില്‍ ഇന്ത്യന്‍ വനിതാ ടീമിന്റ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍ കൂടിയാണിത്. നാലു വിക്കറ്റിന് 198 റണ്‍സെന്നതാണ് ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications