2021ല്‍ ടീം ഇന്ത്യക്കു നോണ്‍ സ്‌റ്റോപ്പ് ക്രിക്കറ്റ്- കോലിപ്പട കളിച്ചു കുഴങ്ങും! ഷെഡ്യൂള്‍ പുറത്ത്
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം വേണ്ടത്ര അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കാനാവാത്തതിന്റെ ക്ഷീണം 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തീര്‍ക്കും. ഈവ വര്‍ഷം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ചില പരമ്പരകള്‍ കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തിരുന്നു.
അടുത്ത വര്‍ഷം ഇന്ത്യയെ കാത്തിരിക്കുന്നത് നോണ്‍ സ്‌റ്റോപ്പ് ക്രിക്കറ്റ് മല്‍സരങ്ങളാണ്. വിരാട് കോലിയും സംഘവും കളിച്ചു കുഴങ്ങുമെന്നുറപ്പാണ്. 2021ല്‍ ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് അടക്കമുള്ള വമ്പന്‍ ടൂര്‍ണമെന്റുകളും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഇന്ത്യയുടെ ഷെഡ്യൂള്‍ എങ്ങനെയാണെന്നു പരിശോധിക്കാം.

ഇംഗ്ലണ്ട് ഇന്ത്യയിലെത്തും (ജനുവരി-മാര്‍ച്ച്)
ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പരമ്പര കളിക്കാനെത്തും. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് ടീം നാട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയായിരിക്കും ഇംഗ്ലണ്ട് ടീമിന്റെ വരവ്.
രണ്ടു മാസം നീളുന്ന പര്യടനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ നാലു വീതം ടെസ്റ്റുകളും ഏകദിനങ്ങളും ടി20കളും കളിക്കും.

ഐപിഎല്‍ (മാര്‍ച്ച്- മേയ്)
ഇംഗ്ലണ്ട് ടീം തിരികെ പോയതിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. മാര്‍ച്ച് അവസാനം തുടങ്ങുന്ന ഐപിഎല്ലിന്റെ ഫൈനല്‍ മേയിലായിരിക്കും.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്ലിനു വേദിയായത് യുഎഇയാണെങ്കിലും 2021ലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്താനാണ് ബിസിസിഐയുടെ നീക്കം.

ശ്രീലങ്കന്‍ പര്യടനം, ഏഷ്യാ കപ്പ്
ഐപിഎല്ലിനു ശേഷം ഇന്ത്യ ശ്രീലങ്കയിലേക്കു പറക്കും. ജൂണിലായിരിക്കും ഇത്. മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമായിരിക്കും ഇന്ത്യ ലങ്കയില്‍ കളിക്കുക.
ഈ പരമ്പരകള്‍ കഴിഞ്ഞാലും ടീം ലങ്കയില്‍ തുടരും.
ലങ്ക വേദിയാവുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ കൂടി കളിച്ച ശേഷമായിരിക്കും വിരാട് കോലിയും സംഘവും തിരികെ വരുന്നത്.

സിംബാബ്‌വെ പര്യടനം
ജൂലൈയില്‍ ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ പര്യടനം നടത്തും. മൂന്നു ഏകദിനങ്ങളാണ് ഇന്ത്യ അവിടെ കളിക്കുക. ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പെടെ സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കി പുതിയൊരു നിരയെ ഇന്ത്യ സിംബാ ബ്‌വെയിലേക്കു അയക്കാനാണ് സാധ്യത.

ഇംഗ്ലണ്ട് പര്യടനം
ജൂലൈ അവസാനത്തോടെ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നുണ്ട്. രണ്ടു മാസം ദൈര്‍ഘ്യമുള്ള പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകള്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കും.

ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തും
ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലേക്കു പരമ്പര കളിക്കാനെത്തും. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമുള്‍പ്പെടുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം. ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് ഇന്ത്യ ഈ പരമ്പരയെ നോക്കിക്കാണുന്നത്.

ഐസിസി ടി20 ലോകകപ്പ്
2021ല്‍ ഇന്ത്യയ്ക്കു മുന്നിലുള്ള ഏറ്റവും വലിയ ടൂര്‍ണമെന്റ് ഐസിസിയുടെ ടി20 ലോകകപ്പാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യ തന്നെയാണ് ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നത്. ആതിഥേയരെന്ന മുന്‍തൂക്കം മുതലെടുത്ത് രണ്ടാം ലോകകിരീടമുയര്‍ത്താനായിരിക്കും ഇന്ത്യയുടെ ശ്രമം.

ന്യൂസിലാന്‍ഡ് ഇന്ത്യയിലേക്ക്
ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡ് ടീം ഇന്ത്യയില്‍ പര്യടനം നടത്തും. രണ്ടു ടെസ്റ്റുകളും മൂന്ന് ടി20കളുമാണ് ഇരുടീമുകളും കളിക്കുക. നവംബറില്‍ തുടങ്ങുന്ന പരമ്പര ഡിസംബര്‍ മധ്യത്തോടെ അവസാനിക്കും.

ദക്ഷിണാഫ്രിക്കയിലേക്കു പറക്കും
2021ല്‍ ഇന്ത്യയുടെ അവാനത്തെ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. ഡിസംബര്‍ അവസാനത്തോടെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തും. മൂന്നു വീതം ടെസ്റ്റുകളും ടി20കളുമുള്‍പ്പെടുന്നതാണ് പരമ്പര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications