വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: കോലിപ്പടയ്ക്ക് പിഴച്ചതെവിടെ? ദൂബെ കളി ഇനിയും പഠിക്കണം

തിരുവനന്തപുരം: ഞായറാഴ്ച്ചത്തെ കളിയില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെയാണ്? കളിയുടെ സമസ്ത മേഖലകളിലും വിന്‍ഡീസിനായിരുന്നു മേല്‍ക്കൈ. ആദ്യം ടോസ് ജയിച്ചു. ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാന്‍ കീറോണ്‍ പൊള്ളാര്‍ഡ് രണ്ടാമതൊന്ന് ആലോചിച്ചില്ല. രാത്രി വൈകുന്തോറും ഈര്‍പ്പം കൂടും; ബാറ്റിങ് എളുപ്പമായിരിക്കുമെന്ന വിന്‍ഡീസ് നായകന്റെ കണക്കുകൂട്ടലുകള്‍ കൃത്യമായി. ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ എട്ടു വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് ജയിച്ചത്.

സാവകാശം കളിച്ചു

ലിന്‍ഡല്‍ സിമ്മണ്‍സും (67*) നിക്കോളാസ് പൂരനും (38*) ചേര്‍ന്ന് സന്ദര്‍ശകരുടെ ജയം അനായാസമാക്കി തോന്നിച്ചു. പതിവില്‍ നിന്നും വിപരീതമായി കൂടുതല്‍ പക്വതയും സമചിത്തതയും ഇന്നലെ വിന്‍ഡീസ് ഇന്നിങ്‌സില്‍ കാണാനായി. വന്നപാടെ നാലുപാടും സിക്‌സ് പായിക്കാനുള്ള തിടുക്കും സന്ദര്‍ശകര്‍ക്കുണ്ടായിരുന്നില്ല. സ്‌കോര്‍ബോര്‍ഡിലെ 170 റണ്‍സ് ലക്ഷ്യത്തിലേക്ക് അവര്‍ സാവകാശം ബാറ്റുവീശി.

യുവതാരങ്ങൾ മെച്ചപ്പെടണം

ഇപ്പുറത്ത് ഇന്ത്യയുടെ കാര്യമെടുത്താലോ, ആദ്യം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. പിന്നെ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും. ഈ കളിയും കൊണ്ട് ഓസ്‌ട്രേലിയക്ക് പറന്നാല്‍ കപ്പടിക്കുമോ എന്ന കാര്യം സംശയം.ഇന്ത്യന്‍ നിരയില്‍ ശിവം ദൂബെയും (54) റിഷഭ് പന്തും (33) ശ്രേയസ് അയ്യറും (10) ഇനിയും മെച്ചപ്പെടണം. മൂന്നാം നമ്പറില്‍ ഇറങ്ങിയ ദൂബെ 30 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് അഭിനന്ദനീയം.

റണ്ണൊഴുക്ക് കുറഞ്ഞു

നാലാം ഓവറില്‍ കെഎല്‍ രാഹുല്‍ (11) പുറത്തായതിന് പിന്നാലെയാണ് ദൂബെ വന്നത്. കോലിയുടെ പരീക്ഷണം. ക്രീസില്‍ എത്തിയ ദൂബെയെ ആക്രമണ ഫീല്‍ഡൊരുക്കി പൊള്ളാര്‍ഡ് വരവേറ്റു. തുടക്കത്തില്‍ തട്ടിയും തടഞ്ഞുമാണ് താരം റണ്‍സ് കണ്ടെത്തിയത്. ഇതിനിടെ റണ്ണൊഴുക്ക് കുറഞ്ഞത് കണ്ട് രോഹിത് ശര്‍മ്മ (15) സാഹസത്തിന് ശ്രമിച്ചു; വിക്കറ്റു കളഞ്ഞു. തുടര്‍ന്നാണ് കോലി ക്രീസില്‍ എത്തുന്നത്.

ആവേശം

ഈ സമയമത്രയും ക്രീസില്‍ 'കാടന്‍' വീശലുകളിലായിരുന്നു ദൂബെ. ഭൂരിഭാഗം ഷോട്ടുകളും ലെഗ്‌സൈഡില്‍ മാത്രം. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ താരം മറന്നു.എന്തായാലും പൊള്ളാര്‍ഡ് എറിഞ്ഞ ഒന്‍പതാം ഓവറില്‍ താരം താളം കണ്ടെത്തി. മൂന്നു സിക്‌സുകളാണ് ആ ഓവറില്‍ പിറന്നത്. ഇതോടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചു. വരുന്ന പന്തെല്ലാം സ്റ്റേഡിയത്തിന് പുറത്തിടാമെന്ന ധൈര്യം ദൂബെയ്ക്കുണ്ടായി.

ദൂബെ പുറത്ത്

ഈ ആവേശത്തിലാണ് ലെഗ് സ്പിന്നര്‍ ഹെയ്ഡന്‍ വാല്‍ഷിനെ തൂക്കിയെറിയാന്‍ ദൂബെ പോയത്. വൈഡ് പോയ പന്തിനെ ഏന്തിവലിഞ്ഞ് വീശുകയായിരുന്നു താരം. സ്പിന്നിനെതിരെ കളിച്ച ഷോട്ട് വായുവില്‍ ഉയര്‍ന്ന് ഷിമ്രോണ്‍ ഹിറ്റ്മയറുടെ കൈകളില്‍ ഭദ്രം. കോലിക്കൊപ്പം പക്വതയോടെ കളിച്ച് ടീമിനെ നല്ലൊരു സ്കോറിലെത്തിക്കേണ്ട അവസരമാണ് ശിവം ദൂബെ നഷ്ടപ്പെടുത്തിയത്. ക്രിക്കറ്റെന്നാല്‍ സിക്‌സടിക്കുക മാത്രമല്ലെന്ന് ദൂബെ തിരിച്ചറിയണം.

Most Read: ഇന്ത്യ vs വിന്‍ഡീസ്: തുണയായത് ആ ഉപദേശം, അത് കോലിയുടേതല്ല... വെളിപ്പെടുത്തി ദുബെ

ശ്രേയസിന്റെ കാര്യം

ശ്രേയസിന്റെ കാര്യവും ഇതുതന്നെ. പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് ശ്രേയസ് അയ്യര്‍ പെട്ടെന്നു മടങ്ങുന്നത്. 17 ആം ഓവറില്‍ ഹെയ്ഡന്‍ വാല്‍ഷ് ശ്രേയസിനെയും തിരിച്ചയച്ചു. വേഗമേറിയ സ്പിന്നിനെതിരെ ഫലപ്രദമായി ഷോട്ടു കളിക്കാന്‍ ശ്രേയസിന് കഴിയാതെ പോകുന്നു. നേരത്തെ, ബംഗ്ലാദേശ് പരമ്പരയിലും സമാന സാഹചര്യങ്ങളിലാണ് ശ്രേയസ് പുറത്തായത്.

പന്തിൽ പ്രതീക്ഷ

പതിവില്‍ നിന്നും വ്യത്യസ്തമായി കളിയുടെ അവസാനം വരെ ക്രീസില്‍ നിലയുറപ്പിക്കുന്ന റിഷഭ് പന്തിനെ ടീം ഇന്ത്യ തിരുവനന്തപുരത്ത് കണ്ടു. ഒരു സിക്‌സും മൂന്നു ഫോറും ഉള്‍പ്പെടെ 33 റണ്‍സും (22 പന്തില്‍ നിന്ന്) താരമെടുത്തിട്ടുണ്ട്. പക്ഷെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കാഞ്ഞതാണ് പന്തിന് സംഭവിച്ച പോരായ്മ. കോലിയും (19) ജഡേജയും (9) മടങ്ങിയ സ്ഥിതിക്ക് പന്തിലായിരുന്നു ടീമിന്റെ പ്രതീക്ഷ മുഴുവന്‍.

നിയന്ത്രണം ഏറ്റെടുത്തില്ല

അവസാന നാല് ഓവറുകളില്‍ 40-45 റണ്‍സെങ്കിലും കൂട്ടിച്ചേര്‍ക്കമായിരുന്നു ഇന്ത്യയ്ക്ക്. പക്ഷെ നേടിയത് 30 റണ്‍സും. തുടക്കത്തിലെ വമ്പനടികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ റിഷഭ് പന്തില്‍ നിന്നും മറ്റൊരു വെടിക്കെട്ട് ആരാധകര്‍ കണ്ടില്ല. ചുരുക്കത്തില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരുടെ മടക്കം ഇന്ത്യയുടെ സ്കോറിങ് വേഗത്തെ സാരമായി ബാധിച്ചു.എതിര്‍ഭാഗത്ത് തുടക്കത്തിലെ പിഴവുകള്‍ തിരുത്തി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കായി.

വിൻഡീസ് ബൌളിങ്

തുടക്കത്തിലെ അച്ചടക്കമില്ലായ്മ രണ്ടാം പകുതിയില്‍ അവര്‍ പരിഹരിച്ചു. ഇതേസമയം, എക്‌സ്ട്രാ വഴങ്ങുന്നതില്‍ സന്ദര്‍ശകര്‍ ഒട്ടും മടികാണിക്കുന്നില്ല. 13 വൈഡ് ഉള്‍പ്പെടെ 18 എക്‌സ്ട്രാ റണ്‍സാണ് സന്ദര്‍ശകര്‍ വിട്ടുകൊടുത്തത്. ടീമിലെ സ്പിന്നര്‍മാരെ വിശ്വസിക്കാന്‍ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് മടികാണിക്കുന്നതും ഞായറാഴ്ച്ചത്തെ മത്സരത്തിലും കണ്ടു. ഖാരി പിയെറിയില്‍ പൊള്ളാര്‍ഡ് കൂടുതല്‍ വിശ്വാസം അര്‍പ്പിക്കണം.

Most Read: ഇന്ത്യ vs വിന്‍ഡീസ്: തോല്‍വിക്കു ഒന്നല്ല, കാരണങ്ങള്‍ രണ്ട്... ചൂണ്ടിക്കാട്ടി കോലി, ടീമിന് വിമര്‍ശനം

ഫീൽഡിങ് പിഴവ്

ഇന്ത്യയുടെ ബൗളിങ് പ്രകടനം വിലയിരുത്തിയാല്‍ വാഷിങ്ടണ്‍ സുന്ദറൊഴികെ കാര്യമായ മികവ് മറ്റാരും പുലര്‍ത്തിയില്ല. രവീന്ദ്ര ജഡേജയ്ക്കും യുസ്‌വേന്ദ്ര ചാഹലിനും വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ അടി ശരിക്കും കിട്ടി. രണ്ടാം ഇന്നിങ്‌സില്‍ ഈര്‍പ്പം കാര്യങ്ങള്‍ ദുഷ്‌കരമാക്കിയെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ കൈകള്‍ ചോരുന്നത് ഒരല്‍പ്പം ഞെട്ടലുളവാക്കുന്നുണ്ട്. ഗ്രൗണ്ടില്‍ യുവതാരങ്ങള്‍ക്ക് പലപ്പോഴും ഊര്‍ജ്ജസ്വലത നഷ്ടപ്പെടുന്നു. എന്തായാലും പോരായ്മകള്‍ പഠിച്ച് ടീം ശക്തമായ തിരിച്ചുവരുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബുധനാഴ്ച്ച വാങ്കഡേയില്‍ നടക്കുന്ന മൂന്നാം ട്വന്റി-20 പരമ്പര വിജയിയെ നിശ്ചയിക്കും.

Story first published: Monday, December 9, 2019, 11:53 [IST]
Other articles published on Dec 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X