IND vs SL: ഇപ്പോള്‍ രോഹിത്, അടുത്ത നായകന്‍ ആര്? മൂന്ന് പേരെ പരിഗണിക്കാം, സെലക്ടര്‍ പറയുന്നു

മുംബൈ: വിരാട് കോലിയുടെ പടിയിറക്കത്തിന് ശേഷം ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ആയിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍ പോലെ തന്നെ സീനിയര്‍ താരം രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റിലും ഇനി ഇന്ത്യയെ നയിക്കുക. മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായത് ഇന്ത്യക്ക് ഗുണമാവുമോ ദോഷമാവുമോയെന്നത് ഈ വര്‍ഷം കഴിയുന്നതോടെ അറിയാനാവും. സ്ഥിര നായകനായ ശേഷം നയിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പര അലമാരയിലെത്തിക്കാന്‍ രോഹിത്തിനായിട്ടുണ്ട്.
എന്നാല്‍ 35കാരനായ രോഹിത്തിനെ ഇടക്കിടക്ക് പരിക്ക് വേട്ടയാടുന്നുണ്ട്. അതുകൊണ്ട് തന്നെ ടെസ്റ്റ് നായകനെന്ന നിലയില്‍ രോഹിത്തിനെ പരിഗണിക്കുന്നത് വലിയ ഗുണം ചെയ്യില്ലെന്ന അഭിപ്രായം നിരവധി ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിതാ രോഹിത്തിന് ശേഷം ഇന്ത്യയുടെ അടുത്ത നായകനായി ആര് എത്തുമെന്നതിന് കൃത്യമായ സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ സെലക്ടറായ ചേതന്‍ ശര്‍മ.

മൂന്ന് താരങ്ങളെയാണ് അദ്ദേഹം പ്രധാനമായും ഇന്ത്യയുടെ ഭാവി നായകനായി ഉയര്‍ത്തിക്കാട്ടുന്നത്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരാണവര്‍. ശ്രേയസ് അയ്യരെ നായകനെന്ന നിലയില്‍ ടീം മാനേജ്‌മെന്റ് വലിയ പരിഗണന നല്‍കുന്നില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. 'രോഹിത്തിനെപ്പോലെ പരിചയസമ്പത്തും മികവുമുള്ള താരം ടീമിലുള്ളപ്പോള്‍ സ്വാഭാവികമായും അവന്‍ തന്നെയാവും നായകനാവുക. രോഹിത്തിന് കീഴില്‍ പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരാനാണ് സെലക്ഷന്‍ കമ്മിറ്റി ആഗ്രഹിക്കുന്നത്.

കെ എല്‍ രാഹുലിനെ ദക്ഷിണാഫ്രിക്കയില്‍ നായകനാക്കിയിരുന്നു. ജസ്പ്രീത് ബുംറയായിരുന്നു വൈസ് ക്യാപ്റ്റന്‍. ശ്രീലങ്കന്‍ പരമ്പരയിലും ബുംറയെ വൈസ് ക്യാപ്റ്റനാക്കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ഇവരെല്ലാം നായകനെന്ന നിലയില്‍ മികവ് കാട്ടാന്‍ കഴിവുള്ളവരാണ്. ഇവരെ രോഹിത്തിന് കീഴില്‍ വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അടുത്ത നായകനാരെന്ന് ഇപ്പോള്‍ പറയുക പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഒരാള്‍ ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുമെന്നുറപ്പാണ്'- ചേതന്‍ ശര്‍മ പറഞ്ഞു.

കെ എല്‍ രാഹുലാണ് സീനിയര്‍ എന്ന നിലയില്‍ അടുത്തതായി പരിഗണിക്കപ്പെടുക. എന്നാല്‍ അദ്ദേഹം നായകനെന്ന നിലയില്‍ കാഴ്ചവെച്ച പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായി ഇരുന്നപ്പോഴും ഇന്ത്യന്‍ ടീമിനെ ദക്ഷിണാഫ്രിക്കയില്‍ നയിച്ചപ്പോഴൊന്നും നായകനെന്ന നിലയില്‍ മികച്ച നേതൃത്വ മികവ് കാട്ടാന്‍ രാഹുലിന് സാധിച്ചില്ല. ഈ അവസരത്തില്‍ രാഹുലിനെ ഇന്ത്യ നായകനെന്ന നിലയില്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

റിഷഭ് പന്ത് നായകനെന്ന നിലയില്‍ വളരെ പ്രതീക്ഷ നല്‍കുന്നു. 2020ലെ ഐപിഎല്ലില്‍ ഡല്‍ഹിയുടെ നായകസ്ഥാനത്തേക്കെത്തിയ റിഷഭ് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായ റിഷഭ് സമ്മര്‍ദ്ദ ഘട്ടങ്ങളെ മറികടക്കാന്‍ ധൈര്യം കാട്ടുന്ന താരമാണ്. വിദേശ ടെസ്റ്റ് പരമ്പരകളില്‍ പലവട്ടം റിഷഭ് തന്റെ ബാറ്റിങ് മികവ് തെളിയിച്ചിട്ടുള്ളതാണ്. പരിമിത ഓവറിലും നിര്‍ണ്ണായക താരമായി റിഷഭ് വളര്‍ന്നുവരുന്നു.

ബുംറ ഇന്ത്യയുടെ പേസ് ബൗളിങ് നിരയിലെ വജ്രായുധമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് അദ്ദേഹം. പേസ് ബൗളര്‍മാര്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നത് കുറവാണ്. സ്പിന്നര്‍ അനില്‍ കുംബ്ലെക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ കെല്‍പ്പുള്ള ബൗളറാണ് ബുംറ. നയിക്കാന്‍ അവസരം ലഭിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ബുംറ തുറന്ന് പറയുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ റിഷഭും ബുംറയും ഇന്ത്യയുടെ ഭാവി നായകന്മാരായി എത്താനാണ് സാധ്യത കൂടുതലെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications