IND vs SL: കപില്‍ ദേവിനെ മറികടന്നു, വമ്പന്‍ റെക്കോഡുമായി അശ്വിന്‍, ഇന്ത്യയുടെ 'രണ്ടാമന്‍'

മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും പ്രകടനത്തോടെ കപില്‍ ദേവിന്റെ റെക്കോഡ് മറികടന്ന് ആര്‍ അശ്വിന്‍. മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് കപില്‍ ദേവിനെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തേക്കെത്തിയത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റാണ് കപില്‍ ദേവിന്റെ പേരിലുള്ളത്. 89ാം ടെസ്റ്റ് കളിക്കുന്ന അശ്വിന്റെ പേരില്‍ നിലവില്‍ 435 വിക്കറ്റുകളാണുള്ളത്. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റുമായി അനില്‍ കുംബ്ലെയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇതിനെ അശ്വിന്‍ മറികടക്കാനുള്ള സാധ്യതയുമുണ്ട്.

ഇത് കൂടാതെ സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി (431), രങ്കണ ഹരാത്ത് (433) എന്നിവരുടെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തെയും അശ്വിന്‍ മറികടന്നു. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനിനെ (439) മറികടക്കാനുള്ള അവസരവും അശ്വിന് മുന്നിലുണ്ട്. ശ്രീലങ്കയ്ക്കെതിരേ ഒന്നാം ഇന്നിങ്സില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് ശ്രീലങ്കയ്ക്കെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിലെത്താന്‍ അശ്വിന് സാധിച്ചിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് രണ്ട് പേരുടെയും പേരില്‍ 50 വിക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 74 വിക്കറ്റുമായി അനില്‍ കുംബ്ലെയാണ് തലപ്പത്ത്.

കൂടാതെ ശ്രീലങ്കയ്ക്കെതിരേ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും അശ്വിന് സാധിച്ചിട്ടുണ്ട്. 114 വിക്കറ്റുകളുമായി ഹര്‍ഭജന്‍ സിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 108 വിക്കറ്റുമായി അനില്‍ കുംബ്ലെ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്. 100 വിക്കറ്റുമായി അശ്വിന്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 94 വിക്കറ്റുമായി സഹീര്‍ ഖാന്‍ നാലാം സ്ഥാനത്താണ്.
മത്സരം ആരംഭിക്കുന്നതിന് മുമ്പ് വരെ 88 മത്സരത്തില്‍ നിന്ന് 430 വിക്കറ്റായിരുന്നു അശ്വിന്റെ പേരില്‍ ഉണ്ടായിരുന്നത്. അശ്വിന്റെ 430 വിക്കറ്റുകളില്‍ 300ഉും പിറന്നത് നാട്ടിലാണ്. 35 എവേ മത്സരത്തില്‍ നിന്നാണ് അശ്വിന്‍ 130 വിക്കറ്റുകളും വീഴ്ത്തിയത്. അശ്വിന്റെ ക്യാരം ബോളുകള്‍ ശ്രീലങ്കയെ വട്ടം കറക്കുകയാണ്. പിച്ചില്‍ നല്ല ടേണും ബൗണ്‍സും ലഭിച്ചതോടെ നിലയുറപ്പിക്കാന്‍ ശ്രീലങ്കന്‍ ബാറ്റിങ് നിര പാടുപെടുകയാണ്.
അവസാന സീസണിലെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു അശ്വിന്‍.

കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്തേക്കെത്താനും അശ്വിനായി. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), ജെയിംസ് ആന്‍ഡേഴ്‌സന്‍ (640), അനില്‍ കുംബ്ലെ (619), ഗ്ലെന്‍ മഗ്രാത്ത് (563), സ്റ്റുവര്‍ട്ട് ബ്രോഡ് (537), കോര്‍ട്ട്‌നി വാല്‍ഷ് (519), ഡെയ്ല്‍ സ്‌റ്റെയിന്‍ (439) എന്നിവരാണ് അശ്വിന് മുന്നിലുള്ളത്. ഇതേ ഫോം തുടര്‍ന്നാല്‍ ഇതില്‍ പലരുടെ റെക്കോഡുകളും ഭേദിക്കാന്‍ അശ്വിന് സാധിച്ചേക്കും.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്കടുക്കുകയാണ്. ഇന്ത്യയുടെ 574 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ശ്രീലങ്ക 174 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ശ്രീലങ്കയെ തകര്‍ത്തത്. ആര്‍ അശ്വിനും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സ് ലീഡ് നേടിയതോടെ ശ്രീലങ്കയെ ഇന്ത്യ ഫോളോ ഓണിന് ക്ഷണിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്കയ്ക്ക് 131 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയെക്കാള്‍ 269 റണ്‍സിന് പിന്നിലാണ് ശ്രീലങ്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications