IND vs SA: ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡിതാ, നിരാശപ്പെടുത്താത്തത് അഞ്ച് പേര്‍, മറ്റുള്ളവരെല്ലാം ദുരന്തം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലൊരു ടെസ്റ്റ് പരമ്പരയെന്ന ഇന്ത്യയുടെ മോഹം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം. ഇത്തവണ ഗംഭീരമായി തുടങ്ങിയിട്ടും പരമ്പര നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്കായില്ല. സെഞ്ച്വൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ടെസ്റ്റ് ഇന്ത്യയുടെ ഭാഗ്യ മൈതാനമായ ജോഹാനാസ്ബര്‍ഗിലായിരുന്നെങ്കിലും ദക്ഷിണാഫ്രിക്ക ജയത്തോടെ പരമ്പരയിലൊപ്പമെത്തി. കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റിലും ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നതോടെ ഇന്ത്യ പരമ്പര കൈവിടുകയായിരുന്നു.
ഇതുവരെയുള്ള ദക്ഷിണാഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും ദുര്‍ബലമെന്ന് വിളിക്കാവുന്ന ടീമിനെ ലഭിച്ചിട്ടും ഇന്ത്യക്ക് പരമ്പര നേടാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. സ്വപ്‌ന തുല്യമായ തുടക്കത്തെ മുതലാക്കാന്‍ ടീമിനായില്ല. ഇന്ത്യയെ സംബന്ധിച്ച് വലിയ പാഠമാണ് ഈ തോല്‍വി. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും മിന്നല്‍ പ്രകടനം നടത്തിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക ബാലികേറാ മലയായി തുടരുന്നു. ഈ പരമ്പരക്ക് ശേഷം വലിയ പൊളിച്ചെഴുത്ത് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്.
ദക്ഷിണാഫ്രിക്കയില്‍ അവസാന രണ്ട് ടെസ്റ്റിലും ഇന്ത്യ പൂര്‍ണ്ണമായി കളി മറന്നതോടെ വലിയ നാണക്കേട് തന്നെയാണ് നേരിടേണ്ടി വന്നിട്ടുള്ളത്. എന്തായാലും പരമ്പരയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തി റിപ്പോര്‍ട്ട് കാര്‍ഡ് പരിശോധിക്കാം. ഇന്ത്യയുടെ നാല് പേര്‍ മാത്രം അല്‍പ്പം ഭേദപ്പെട്ട് നിന്നപ്പോള്‍ ബാക്കിയുള്ളവരെല്ലാം വലിയ ദുരന്തമായി മാറി. റിപ്പോര്‍ട്ട് കാര്‍ഡ് വിശദമായി ഇതാ.

വിരാട് കോലി - കെ എല്‍ രാഹുല്‍
ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഭേദപ്പെട്ട പ്രകടനം നടത്തിയെന്ന് മാത്രമെ പറയാനാവൂ. പരിക്കിനെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റ് അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു. കേപ്ടൗണില്‍ ആദ്യ ഇന്നിങ്‌സില്‍ 79 റണ്‍സുമായി ഇന്ത്യയുടെ രക്ഷകനായ കോലിക്ക് രണ്ടാം ഇന്നിങ്‌സില്‍ 29 റണ്‍സ് നേടാനെ സാധിച്ചുള്ളു. പ്രതീക്ഷക്കൊത്ത ബാറ്റിങ് സെഞ്ച്വൂറിയനിലും കോലി കാഴ്ചവെച്ചില്ല. അതുകൊണ്ട് തന്നെ തന്നെ 10ല്‍ 7.5 ആണ് കോലിക്ക് നല്‍കാവുന്ന റേറ്റിങ്.
കെ എല്‍ രാഹുല്‍ അവസാന രണ്ട് ടെസ്റ്റിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ആദ്യ ടെസ്റ്റിലെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 123 റണ്‍സുമായി തിളങ്ങിയ രാഹുലാണ് ആദ്യ മത്സരത്തില്‍ താരമായതും. തമ്മില്‍ ഭേദം എന്നതിനാല്‍ത്തന്നെ 10ല്‍ എട്ട് റേറ്റിങ് രാഹുലിന് നല്‍കാന്‍ സാധിക്കും. രണ്ടാം ടെസ്റ്റില്‍ കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് രാഹുലായിരുന്നു.

മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ
വിദേശത്ത് താന്‍ എത്രത്തോളം ദുരന്തമാണെന്ന് മായങ്ക് അഗര്‍വാള്‍ ഒരിക്കല്‍ക്കൂടി തുറന്ന് കാട്ടി. ക്ഷമയില്ലാത്ത ബാറ്റിങ് പ്രകടനമാണ് അദ്ദേഹം നടത്തിയത്. ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ സെഞ്ച്വറി നേടിയത്തിയ മായങ്കിന് ഇതേ ടെക്‌നിക്കുകൊണ്ട് ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാനായില്ല. സെഞ്ച്വൂറിയനിലെ 60 റണ്‍സ് പ്രകടനം മാറ്റിനിര്‍ത്തിയാല്‍ 4, 26,23, 15, 7 എന്നിങ്ങനെയായിരുന്നു മായങ്കിന്റെ സ്‌കോര്‍. 10ല്‍ അഞ്ചാണ് മായങ്കിന്റെ റേറ്റിങ്.
ഇന്ത്യയുടെ സീനിയര്‍ താരം ചേതേശ്വര്‍ പുജാര ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും തീര്‍ത്തും നിരാശപ്പെടുത്തി. കേപ്ടൗണില്‍ നിര്‍ണ്ണായക സമയത്ത് ഡീന്‍ എല്‍ഗറിന്റെയും കീഗന്‍ പീറ്റേഴ്‌സണിന്റെയും ക്യാച്ചുകള്‍ പുജാര നഷ്ടപ്പെടുത്തിയത് മത്സരഫലത്തെ കാര്യമായി ബാധിച്ചു. രണ്ടാം ടെസ്റ്റില്‍ 53 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റ് പ്രകടനങ്ങളെല്ലാം മോശം. ആറ് ഇന്നിങ്‌സില്‍ നിന്ന് 124 റണ്‍സാണ് പുജാരക്ക് നേടാനായത്. 10ല്‍ 3 ആണ് പുജാരയുടെ റേറ്റിങ്.
അജിന്‍ക്യ രഹാനെയും സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ജോഹാനസ്ബര്‍ഗിലെ രണ്ടാം ഇന്നിങ്‌സിലെ അര്‍ധ സെഞ്ച്വറി പ്രകടനം മാത്രമാണ് അല്‍പ്പം ആശ്വസിക്കാനുള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 22.66 ആണ് ശരാശരി. 9, 1, 0, 58, 48, 20 എന്നിങ്ങനെയായിരുന്നു രഹാനെയുടെ പ്രകടനം. ഇനിയൊരു അവസരം രഹാനെക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. 10ല്‍ 3 ആണ് രഹാനെയുടെ റേറ്റിങ്.

ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍
രണ്ടാം മത്സരത്തില്‍ വിരാട് കോലിക്ക് പകരം ഹനുമ വിഹാരിക്കാണ് അവസരം ലഭിച്ചത്. ഭേദപ്പെട്ട പ്രകടനം തന്നെ നടത്തിയ വിഹാരി രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ നിന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ടീമിന് പുറത്തായി. അടുത്ത പരമ്പര മുതല്‍ രഹാനെക്ക് പകരക്കാരനായി വിഹാരി ഇന്ത്യന്‍ ടീമിലുണ്ടാവാനാണ് സാധ്യത. 10ല്‍ 6 ആണ് വിഹാരിയുടെ റേറ്റിങ്.
റിഷഭ് പന്താണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. കേപ്ടൗണില്‍ ഇന്ത്യക്കായി സെഞ്ച്വറി പ്രകടനം നടത്താന്‍ റിഷഭിനായി. വന്‍ തകര്‍ച്ചയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ടീമിലെ നാണക്കേടില്‍ നിന്ന് കരകയറ്റിയത് റിഷഭായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും വലിയ പ്രകടനം നടത്താനായില്ലെങ്കിലും ഭേദപ്പെട്ട് നിക്കാന്‍ അദ്ദേഹത്തിനായി. 13 ക്യാച്ചുകളുമായി സ്റ്റംപിന് പിന്നിലും റിഷഭ് തിളങ്ങി. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏഷ്യയിലെ ആദ്യത്തെ വിക്കറ്റ് കീപ്പറാവാനും റിഷഭിനായി. 10ല്‍ 8 ആണ് റിഷഭിന്റെ റേറ്റിങ്.
ആര്‍ അശ്വിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ പരമ്പരയായിരുന്നു ഇത്. പൊതുവേ സ്പിന്നര്‍മാര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ വലിയ റോളില്ല. ആറ് ഇന്നിങ്‌സില്‍ നിന്ന് 14 ശരാശരിയില്‍ 89 റണ്‍സാണ് അശ്വിന്‍ നേടാനായത്. വീഴ്ത്തിയത് മൂന്ന് വിക്കറ്റും. 64.1 ഓവറാണ് മൂന്ന് ടെസ്റ്റില്‍ നിന്ന് അശ്വിനെറിഞ്ഞത്. 10ല്‍ 4 ആണ് റേറ്റിങ്.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാക്കൂര്‍
ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ കേപ്ടൗണില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ മികവിനൊത്ത് ഉയരാനായില്ല. മൂന്ന് മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം. ഭേദപ്പെട്ട പ്രകടനം നടത്തിയ ബുംറക്ക് 10ല്‍ 7 ആണ് റേറ്റിങ്. ബുംറയില്‍ നിന്ന് ഇതിലും മികച്ച പ്രകടനം ഇന്ത്യ പ്രതീക്ഷിച്ചിരുന്നുവെന്നതാണ് വസ്തുത.
മുഹമ്മദ് ഷമി സ്ഥിരതയോടെ ഇന്ത്യക്കായി തിളങ്ങാനായി. മൂന്ന് മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് അദ്ദേഹം പിഴുതത്. ഇന്ത്യന്‍ പേസര്‍മാരില്‍ ദക്ഷിണാഫ്രിക്കയെ ഏറ്റവും പ്രയാസപ്പെടുത്തിയത് ഷമിയാണെന്ന് തന്നെ പറയാം. 44 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഷമിക്കായി. 10ല്‍ 8 റേറ്റിങ്ങാണ് ഷമിക്ക് നല്‍കാന്‍ സാധിക്കുന്നത്.
ശര്‍ദുല്‍ ഠാക്കൂര്‍ ജോഹാനസ്ബര്‍ഗില്‍ ഏഴ് വിക്കറ്റ് പ്രകടനം നടത്തിയെങ്കിലും ഓള്‍റൗണ്ടറെന്ന നിലയില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. മൂന്ന് മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹത്തിന് നേടാനായത്. എന്നാല്‍ ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ ശര്‍ദുലിന് സാധിച്ചില്ല. ബൗളിങ്ങില്‍ ഭേദപ്പെട്ട് നിന്നതിനാല്‍ 10ല്‍ 7 റേറ്റിങ് നല്‍കാം. അവസാന മത്സരം മാത്രം കളിച്ച പേസര്‍ ഉമേഷ് യാദവിന് 10ല്‍ 3 റേറ്റിങ്ങും നല്‍കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications