
ഇന്ത്യക്കെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ട് താരങ്ങള്‍ പന്ത് ചുരണ്ടലിനു ശ്രമിച്ചതുമായി വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. രണ്ടാം സെഷനില്‍ അജിങ്ക്യ രഹാനെ- ചേതേശ്വര്‍ പുജാര ജോടി മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കവെയാണ് സ്‌പൈക്കുള്ള ഷൂസ് കൊണ്ട് ഇംഗ്ലീഷ് താരങ്ങള്‍ ബോളില്‍ അമര്‍ത്തി ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബോളില്‍ കേട്പാടുകള്‍ വരുത്താന്‍ ഇടയാക്കുന്ന കാര്യമാണിത്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് പന്ത് ചുരണ്ടലിനു ശ്രമിച്ചുവെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടെയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇംഗ്ലീഷ് താരങ്ങളുടെ ഈ പ്രവര്‍ത്തിയെ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. മുമ്പും വളരെ രസകരമായ പ്രതികരണങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഈ പതിവ് വീരു ഇപ്പോഴും തെറ്റിച്ചിട്ടില്ല. ഇതെന്താണ് നടക്കുന്നത്. ഇത് പന്ത് ചുരണ്ടലാണോ അല്ലെങ്കില്‍ ഇംഗ്ലണ്ട് കൊവിഡ് പ്രതിരോധ നടപടികളെടുക്കുകയാണോയെന്നായിരുന്നു ചിരിക്കുന്ന ഇമോജിയോടു കൂടി സെവാഗ് ട്വിറ്ററിലൂടെ ട്രോളിയത്.

അതേസമയം, ബോളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു താന്‍ കരുതുന്നില്ലെന്നായിരുന്നു ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. പരിക്കു കാരണം പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയ താരമാണ് അദ്ദേഹം. ആദ്യ ടെസ്റ്റില്‍ ബ്രോഡ് ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. മനപ്പൂര്‍വ്വമാണ് ഇംഗ്ലീഷ് താരങ്ങള്‍ ഇതു ചെയ്തതെങ്കില്‍ മാച്ച് റഫറിയോ, അംപയര്‍മാരോ ഇടപെട്ട് ഈ ബോള്‍ മാറ്റില്ലേയെന്നായിരുന്നു ബ്രോഡിനോടു ഒരു യൂസറുടെ ചോദ്യം. ഇതിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ബോളില്‍ കേടുപാടുണ്ടോയെന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. സിക്‌സറിനു ശേഷം ബോള്‍ സ്റ്റാന്‍ഡ്‌സില്‍ പതിച്ചാവും ഇതു തന്നെയാണ് ചെയ്യാറുള്ളത്. ബോള്‍ പ്രത്യേകിച്ചും അടയാങ്ങളേ കേടുപാടുകളോയില്ലെങ്കില്‍ അത് എന്തിനു മാറ്റണമെന്നും ബ്രോഡ് ചോദിച്ചു.
സംഭവത്തില്‍ സ്വന്തം ടീമംഗങ്ങളെ ബ്രോഡ് ന്യായീകരിക്കുകയും ചെയ്തു. കളിക്കാര്‍ മനപ്പൂര്‍വ്വമല്ല ഇതു ചെയ്തിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മുഴുവനായി പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ഇംഗ്ലണ്ടിനാണ് ഇപ്പോള്‍ മുന്‍തൂക്കം. നാലാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് കുറച്ചു നേരത്തേ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റിന് 181 റണ്‍സെടുത്തിട്ടുണ്ട്. റിഷഭ് പന്താണ് ക്രീസിലുളള ഏക അംഗീകൃത ബാറ്റ്‌സ്മാന്‍. 14 റണ്‍സാണ് റിഷഭ് നേടിയത്. ഇഷാന്ത് ശര്‍മ നാലു റണ്‍സുമായി ഒപ്പമുണ്ട്. നാലു വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 154 റണ്‍സിന്റെ ചെറിയ ലീഡ് മാത്രമേയുള്ളൂ.
കെഎല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പുജാര (45), നായകന്‍ വിരാട് കോലി (20), അജിങ്ക്യ രഹാനെ (61), രവീന്ദ്ര ജഡേജ (3) എന്നിവരാണ് പുറത്തായത്. 146 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ നേടിയാണ് രഹാനെ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. പുജാര 206 ബോളില്‍ നാലു ബൗണ്ടറികള്‍ നേടി. ഒരു ഘട്ടത്തില്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 55 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ പുജാര- രഹാനെ ജോടി 100 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.