INDvENG: കോലിയാണ് ശരി, അശ്വിനെ ഒഴിവാക്കിയതില്‍ തെറ്റില്ല!- കാരണങ്ങളറിയാം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു ടെസ്റ്റുകളിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതെ പോയ താരമാണ് പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇപ്പോള്‍ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിലും അശ്വിനെ പുറത്തിരുത്തിയതിന്റെ പേരില്‍ നായകന്‍ വിരാട് കോലിയും ടീം മാനേജ്‌മെന്റും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമായിരുന്നു കോലിക്കു നേരെ ഉയര്‍ന്നത്. കോലി രാജിവയ്ക്കണമെന്നും ടീമില്‍ നിന്നും പുറത്താക്കണമെന്നും വരെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.
പരമ്പരയിലുടനീളം ഒരേ ടീം കോമ്പിനേഷനാണ് ഇതുവരെ ഇന്ത്യ പരീക്ഷിച്ചത്. പേസും ബൗണ്‍സുമുള്ള സാഹചര്യങ്ങളായതിനാല്‍ തന്നെ നാലു പേസര്‍മാരെയും ഒരു സ്പിന്നറെയും ഇന്ത്യ കളിപ്പിക്കുകയും ചെയ്തു. അശ്വിനു പകരം ഏക സ്പിന്നറായി ടീമിലെത്തിയത് ഓള്‍റൗണ്ടറും സൂപ്പര്‍ ഫീല്‍ഡറുമായ രവീന്ദ്ര ജഡേജയായിരുന്നു. അശ്വിനെ പുറത്തിരുത്തിയ കോലിയുടെ തീരുമാനം ശരിയാണെന്നു പറഞ്ഞാല്‍ അതു പലരുടെയും നെറ്റി ചുളിക്കുമെന്നുറപ്പാണ്. എന്നാല്‍ കോലി ചെയ്തതാണ് ശരിയെന്നതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.

ജഡേജ അഞ്ചാം നമ്പറില്‍
ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ കോലി സുപ്രധാന പരീക്ഷണം നടത്തിയിരുന്നു. മോശം ഫോമിലുള്ള വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയ്ക്കു പകരം ജഡേജയെ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തുവെന്നതായിരുന്നു ഇത്. അശ്വിനെ പുറത്തിരുത്തി ജഡേജയെ കളിപ്പിക്കാനുള്ള തന്റെ തീരുമാനം തന്നെയാണ് ശരിയെന്നു കാണിക്കാന്‍ കോലിയുടെ അവസാനത്തെ ശ്രമമാണ് ഇതെന്നായിരുന്നു ഈ നീക്കത്തെക്കുറിച്ച് ചിലര്‍ ചൂണ്ടിക്കാട്ടിയത്.
പക്ഷെ കോലിയുടെ ഈ നീക്ക തന്നെയാണ് ശരി. കാരണം പരമ്പരയില്‍ രഹാനെയേക്കാള്‍ കൂടുതല്‍ സമയം ക്രീസില്‍ ചെലവിട്ടത് ജഡേജയാണ്. രഹാനെയെക്കാള്‍ കൂടുതല്‍ റണ്‍സെടുത്തതും ശരാശരിയുള്ളതും ജഡ്ഡുവിന് തന്നെ. ജഡേജയുടെ ബാറ്റിങില്‍ കോലിക്കുള്ള വിശ്വാസവും അഞ്ചാം നമ്പറില്‍ രഹാനെയെ പഴയതു പോലെ ആശ്രയിക്കാന്‍ കഴിയില്ലെന്നുമുള്ള സൂചന കൂടിയാണ് കോലി ഇതിലൂടെ നല്‍കിയത്.

അശ്വിന്റെ വില്ലന്‍ ജഡ്ഡുവല്ല
അശ്വിനു ഈ പരമ്പരയില്‍ ഇനിയും അവസരം ലഭിക്കാതെ പോയതില്‍ വില്ലനാവുന്നത് ജഡേജയാണെന്നു പറയാന്‍ കഴിയില്ല. സ്പിന്നറെന്ന നിലയില്‍ ജഡ്ഡുവിനേക്കാള്‍ വളരെയേറെ മുന്നില്‍ തന്നെയാണ് അശ്വിനെന്നതില്‍ സംശയമില്ല. പക്ഷെ ടീമിലെ നാലാം പേസറേക്കാള്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്താന്‍ അശ്വിനു കഴിയുമോയെന്നതാണ് ചോദ്യം. ഇല്ലെന്നതാവും പലരുടെയും മറുപടി. അപ്പോള്‍ ടീമിലേക്കു അദ്ദേഹത്തിന്റെ വഴിയടക്കുന്നത് ജഡേജയെല്ല, നാലു പേസര്‍മാരെന്ന ഗെയിം പ്ലാനാണ്.

ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍
ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയ്ക്കു മുമ്പ് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ത്യ ഇവിടെ കളിച്ചിരുന്നു. ന്യൂസിലാന്‍ഡായിരുന്നു എതതിരാളികള്‍. ഈ മല്‍സരത്തില്‍ മൂന്നു പേസര്‍മാരും രണ്ടു സ്പിന്നറുമെന്നതായിരുന്നു ഇന്ത്യയുടെ കോമ്പിനേഷന്‍. അശ്വിനും ജഡേജയുമായിരുന്നു സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കിയത്. മറുഭാഗത്ത് കിവീസ് ടീമില്‍ അഞ്ചു പേരും പേസര്‍മാരായിരുന്നു. അവരുടെ പ്ലാന്‍ വിജയം കാണുകയും ചെയ്തു. അശ്വിന്‍ ഫൈനലില്‍ മികച്ച ബൗളിങ് കാഴ്ചവച്ചെങ്കിലും പ്രതീക്ഷിച്ചതു പോലെ വിക്കറ്റ് ലഭിച്ചില്ല. ഇതോടെ ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷനെതിരേ വിമര്‍ശനമുയരുകയും ചെയ്തു. പേസ് ബൗളിങിനെ തുണയ്ക്കുന്ന സാഹചര്യമായിട്ടും ഇന്ത്യ എന്തുകൊണ്ട് രണ്ടു സ്പിന്നര്‍മാരെ കളിപ്പിച്ചുവെന്നതായിരുന്നു പലരുമുന്നയിച്ച ചോദ്യം.
ടെസ്റ്റ് പരമ്പരയില്‍ നാലു ടെസ്റ്റുകളില്‍ മൂന്നിലും ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങായിരുന്നു തിരഞ്ഞെടുത്തത്. പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതാണെന്നതിനു ഇതിനേക്കാള്‍ വലിയ തെളിവില്ല. ഈ കാരണം കൊണ്ടു തന്നൈയാണ് കോലി വീണ്ടും 4-1 എന്ന ബൗളിങ് കോമ്പിനേഷന്‍ തന്നെ ആവര്‍ത്തിക്കുന്നത്.

പേസര്‍മാരുടെ പ്രകടനം
പരമ്പരയില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ മിന്നുന്ന പ്രകടനവും കോലിയെ നാലു പേരെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. നാലു ഫാസ്റ്റ് ബൗളര്‍മാരും ഒരുപോലെ മികച്ച പ്രകടനമാണ് പരമ്പരയില്‍ ഇതുവരെ നടത്തിയത്. ജസ്പ്രീത് ബുംറ 16 വിക്കറ്റുകളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ മുഹമ്മദ് സിറാജ് 14ഉം മുഹമ്മദ് ഷമി 11ഉം വിക്കറ്റുകളെടുത്തിട്ടുണ്ട്. ശര്‍ദ്ദുല്‍ ടാക്കൂര്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ അഞ്ചു വിക്കറ്റുകള്‍ വീതവുമെടുത്തു. രവീന്ദ്ര ജഡേജയ്ക്കു നാലു ടെസ്റ്റുകളില്‍ നിന്നും വീഴ്ത്താനായത് നാലു വിക്കറ്റുകളായിരുന്നു.
മൂന്നു പേസര്‍മാരുമായി ഇറങ്ങിയാല്‍ ഇവരിലൊരാള്‍ക്കു മോശം ദിവസമാണെങ്കില്‍ മറ്റു രണ്ടു പേരുടെയും ഉത്തരവാദിത്വം വര്‍ധിക്കും. എന്നാല്‍ നാലു ഫാസ്റ്റ് ബൗളര്‍മാരുണ്ടെങ്കില്‍ ഒരാള്‍ ഫോമൗട്ടായാലും മൂന്നു പേര്‍ ഇതു നികത്താന്‍ ഉണ്ടാവുമെന്നതും കോലിയെ അശ്വിനെ പുറത്തിരുത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ്.
സാഹചര്യങ്ങള്‍ ഏറെ അനുകൂലമായതിനാല്‍ തന്നെ ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്കു നിരന്തരം വെല്ലുവിളിയുയര്‍ത്താന്‍ ഇടതടവില്ലാത്ത പേസാക്രമണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. പേസും സ്പിന്നും മാറി മാറി പരീക്ഷിച്ചാല്‍ ഇവിടുത്തെ പിച്ചില്‍# അതു വേണ്ടത്ര ഇംപാക്ടും സൃഷ്ടിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications