INDvENG: ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് രണ്ടു പോസിറ്റിവുകള്‍! അവര്‍ കലക്കി- ചോപ്ര പറയുന്നു

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടു പോസിറ്റീവുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്തിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.
272 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു ലോര്‍ഡ്‌സില്‍ ഇന്ത്യ നല്‍കിയത്.
പക്ഷെ കളി തീരാന്‍ എട്ടോവറുകള്‍ മാത്രം ബാക്കിനില്‍ക്കെ വെറും 120 റണ്‍സിന് ആതിഥേയര്‍ പുറത്താവുകയായിരുന്നു. നാലു വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ചേര്‍ന്നായിരുന്നു ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. ആദ്യ ഇന്നിങ്‌സിലും നാലു വിക്കറ്റുകള്‍ നേടിയ സിറാജ് രണ്ടിന്നിങ്‌സുകളിലായി പിഴുതത് എട്ടു വിക്കറ്റുകളായിരുന്നു.

സിറാജും ഇഷാന്തും
പേസര്‍മാരായ മുഹമ്മദ് സിറാജും ഇഷാന്ത് ശര്‍മയുമാണ് ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടു പോസിറ്റീവുകളെന്നു ചോപ്ര വിലയിരുത്തി. രണ്ടു പേരുടെയും പ്രകടനം അവിസ്മരണീയമായിരുന്നു. ഇന്ത്യന്‍ ബൗളിങ് യൂണിറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ, അനുഭവസമ്പത്ത് കുറഞ്ഞ താരമായിട്ടും രണ്ടിന്നിങ്‌സുകളിലും നാലു വിക്കറ്റുകള്‍ വീതം സിറാജ് വീഴ്ത്തി. തികഞ്ഞ സ്പിരിറ്റോടെയായിരുന്നു താരം ബൗള്‍ ചെയ്തതെന്നും ഇതിനു വിക്കറ്റുകള്‍ ലഭിച്ചതായും ചോപ്ര പറഞ്ഞു.

ഹാട്രിക്കിനരികിലെത്തി
ടെസ്റ്റില്‍ രണ്ടു തവണ സിറാജ് ഹാട്രിക്കിന് അരികിലെത്തിയിരുന്നു. വളരെ പെട്ടെന്നായിരുന്നു അദ്ദേഹം വിക്കറ്റുകളെടുത്തു കൊണ്ടിരുന്നത്. എന്തെങ്കിലും സംഭവിപ്പിക്കാനുള്ള കഴിവാണ് സിറാജിനെ സ്‌പെഷ്യലാക്കുന്നത്. രണ്ടാമത്തേത് എല്ലായ്‌പ്പോഴും എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുന്നുവെന്നതാണ്. ബൗള്‍ ചെയ്യാന്‍ എപ്പോള്‍ ബോള്‍ കൈയിലെടുത്താലും എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് തോന്നിക്കുന്ന ബൗളറാണ് സിറാജെന്നും ചോപ്ര നിരീക്ഷിച്ചു.
ഈ പരമ്പരയിലെ ആദ്യ ടെസ്റ്റിലും സിറാജ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിക്കഴിഞ്ഞു.

ഇഷാന്തും മിന്നിച്ചു
ഇന്ത്യന്‍ പേസ് ബൗളിങ് നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള ഇഷാന്തും തകര്‍പ്പന്‍ പ്രകടനമായിരുന്നു പുറത്തെടുത്തത്. സിറാജിനെക്കൂടാതെ ഇന്ത്യയുടെ ഏറ്റവും വലിയ മറ്റൊരു പോസിറ്റീവ് ഇഷാന്താണ്. സിറാജുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റൊരു ധ്രുവത്തിലുള്ള താരമാണ് ഇഷാന്തെന്നു പറയാം. പ്രായവും മല്‍സരപരിചയവുമാണ് രണ്ടു പേരെയും വേറിട്ടുനിര്‍ത്തുന്നത്. ആശ്ചര്യപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇഷാന്തിന്റേത്. വീണ്ടും വീണ്ടും നാലാം ബൗളറെന്ന നിലയില്‍ അദ്ദേഹത്തെ അവതരിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ ആദ്യ ഇന്നിങ്‌സില്‍ ഇഷാന്ത് ന്യൂബോളറായിരുന്നുവെന്നും ചോപ്ര വിലയിരുത്തി.

നിര്‍ണായക വിക്കറ്റുകള്‍
രണ്ടിന്നിങ്‌സുകളിലും നിര്‍ണായക വിക്കറ്റുകളെടുക്കാന്‍ ഇഷാന്തിനു കഴിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം ജോസ് ബട്‌ലറെ ബൗള്‍ഡാക്കിയിരുന്നു. പിന്നീട് രണ്ടു ബോളുകളില്‍ രണ്ടു വിക്കറ്റുകളും ഇഷാന്ത് വീഴ്ത്തി (മോയിന്‍ അലി, സാം കറെന്‍). കറെന്‍ രണ്ടിന്നിങ്‌സുകളിലും ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ ആദ്യത്തേത് ഇഷാന്തിനായിരുന്നു. രണ്ടാമിന്നിങ്‌സിലു ചില പ്രധാനപ്പെട്ട വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയതായും ചോപ്ര അഭിപ്രായപ്പെട്ടു.

കൈഫിന്റെ അഭിനന്ദനം
ലോര്‍ഡ്‌സ് ടെസ്റ്റിനു ശേഷം സിറാജിനെ ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്‌സ്മാനും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫ് അഭിനന്ദിച്ചിരുന്നു. നിന്റെ അബ്ബയുടെ സ്വപ്‌നം നീ പൂര്‍ത്തീകരിച്ചു. ടീമിനു വേണ്ടി നീ തലയുയര്‍ത്തി നില്‍ക്കുകയും ചെയ്തു. ആളുകള്‍ ജീവിതകാലം മുഴുവനെടുത്താണ് ഇവ സാധിച്ചെടുക്കുന്നത്. പക്ഷെ മാസങ്ങള്‍ക്കകം നീയിത് യാഥാര്‍ഥ്യമാക്കിയെടുത്തു. ചിരിച്ചു കൊണ്ടിരിക്കൂ മുഹമ്മദ് സിറാജ്. നിന്റെ നിഷ്‌കളങ്കത ഒരിക്കലും നഷ്ടപ്പെടുത്തരുത്, അഭിനന്ദനങ്ങള്‍. എന്തൊരു പെര്‍ഫോമന്‍സായിരുന്നു അത് എന്നായിരുന്നു കൈഫ് ട്വീറ്റ് ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications