For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇന്ത്യക്കു മേല്‍ക്കൈ, 364നു മറുപടിയില്‍ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ വീണു

ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 364 റണ്‍സെടുത്തിരുന്നു

1

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 364 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നിന് 119 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 245 റണ്‍സ് കൂടി വേണം. ക്യാപ്റ്റന്‍ ജോ റൂട്ടിനോടൊപ്പം (48) ജോണി ബെയര്‍സ്‌റ്റോയാണ് (6) ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (49), ഡൊമിനിക്ക് സിബ്ലി (11), ഹസീബ് ഹമീദ് (0) എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ മുഹമ്മദ് ഷമിക്കു ഒരു വിക്കറ്റും ലഭിച്ചു.

ഇംഗ്ലണ്ടിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ചായക്കു പിരിയുമ്പോള്‍ വിക്കറ്റ് പോവാതെ 23 റണ്‍സായിരുന്നു അവര്‍ നേടിയത്. എന്നാല്‍ ബ്രേക്കിനു ശേഷമുള്ള ആദ്യ ഓവറില്‍ സിറാജ് ഇംഗ്ലണ്ടിനു ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഒരേ ഓവറിലെ അടുത്തടുത്ത ബോളില്‍ സിബ്ലി, ഹസീബ് എന്നിവരെ അദ്ദേഹം പുറത്താക്കുകയായിരുന്നു. സിബ്ലിയെ കെഎല്‍ രാഹുല്‍ പിടികൂടിയപ്പോള്‍ പുതുതായി ക്രീസിലെത്തിയ ഹസീബിനെ സിറാജ് ആദ്യ ബോള്‍ തന്നെ ബള്‍ഡാക്കി. മൂന്നാം വിക്കറ്റില്‍ ബേണ്‍സ്-റൂട്ട് സഖ്യമാണ് 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ഈ സഖ്യം ഇന്ത്യക്കു ഭീഷണിയായി കരുത്താര്‍ജിക്കവെ ഷമി ടീമിനു ബ്രേക്കത്രൂ നല്‍കുകയായിരുന്നു. ഫിഫ്റ്റിക്കു ഒരു റണ്‍സകലെ ബേണ്‍സിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കി.

2

നേരത്തേ ഇന്ത്യയെ 400 തികയ്ക്കാന്‍ ഇംഗ്ലണ്ട് അനുവദിച്ചില്ല. രണ്ടാംദിനം രണ്ടാം സെഷനില്‍ 364 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടായി. അഞ്ചു വിക്കറ്റുകളെടുത്ത ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ വന്‍ ടോട്ടല്‍ നേടുന്നതില്‍ നിന്നു തടഞ്ഞത്. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍ (129), രോഹിത് ശര്‍മ (83) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. മറ്റാരും തന്നെ അര്‍ധസെഞ്ച്വറി തികച്ചില്ല. ക്യാപ്റ്റന്‍ വിരാട് കോലി (42), രവീന്ദ്ര ജഡേജ (40), റിഷഭ് പന്ത് (37) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ബാക്കിയുള്ളവരൊന്നും രണ്ടക്കം കടന്നില്ല. 29 ഓവറില്‍ ഏഴു മെയ്ഡനുകളടക്കം 62 റണ്‍സ് വിട്ടുകൊടുത്താണ് ആന്‍ഡേഴ്‌സന്‍ അഞ്ചു പേരെ പുറത്താക്കിയത്. ഓലി റോബിന്‍സണും മാര്‍ക്ക് വുഡും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

നാലിന് 276 റണ്‍സെന്ന നിലയില്‍ രണ്ടാംദിനമിറങ്ങിയ ഇന്ത്യ 400ന് മുകളില്‍ സ്‌കോര്‍ ലക്ഷ്യമിട്ടിരുന്നു. പക്ഷെ 88 റണ്‍സ് കൂടി നേടുമ്പോഴേക്കും ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് കളിയിലേക്കു തിരിച്ചവരികയായിരുന്നു. ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു രണ്ടു റണ്‍സ് കൂടി നേടുമ്പോഴേക്കും സെഞ്ച്വറിവീരനായ കെഎല്‍ രാഹുലിനെ നഷ്ടമായി. ഓലി റോബിന്‍സണിന്റെ ബൗളിങില്‍ അദ്ദേഹം സിബ്ലിക്കു അനായാസ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. തലേദിവസത്തെ സ്‌കോറിലേക്കു രണ്ടു റണ്‍സ് മാത്രമാണ് രാഹുലിന് കൂട്ടിച്ചേര്‍ക്കാനായത്. അജിങ്ക്യ രഹാനെ ഒരിക്കല്‍ക്കൂടി ദുരന്തമായി മാറി. 23 ബോളില്‍ നിന്നും ഒരു റണ്‍സ് മാത്രമെടുത്ത് രഹാനെ മടങ്ങി. ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു വിക്കറ്റ്. ഇതോടെ ഇന്ത്യ അഞ്ചിന് 278.

3

പിന്നീട് മികച്ചൊരു കൂട്ടുകെട്ട് കണ്ടു. റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്നായിരുന്നു ഇത്. 49 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. അഗ്രവീസ് ശൈലിയില്‍ ബാറ്റ് ചെയ്ത റിഷഭ് പുറത്തായതോടെ ഈ സഖ്യം വേര്‍പിരിയുകയായിരുന്നു. 58 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറികളോടെ 37 റണ്‍സെടുത്ത റിഷഭിനെ മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ച് ചെയ്യുകയായിരുന്നു. മുഹമ്മദ് ഷമി വന്നതും പോയതും പെട്ടെന്നായിരുന്നു. രണ്ടാമത്തെ ബോളില്‍ അക്കൗണ്ട് തുറക്കും മുമ്പ് ഷമിയെ മോയിന്‍ അലി പുറത്താക്കി. റോറി ബേണ്‍സ് ക്യാച്ചെടുക്കുകയായിരുന്നു.

ടോസ് കൈവിട്ടതൊഴിച്ചാല്‍ ആദ്യദിനം ഇന്ത്യക്കു അവകാശപ്പെട്ടതായിരുന്നു. മൂന്നു വിക്കറ്റിനു 276 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചു. കെഎല്‍ രാഹുലിന്റെ അപരാജിത സെഞ്ച്വറിയും രോഹിത് ശര്‍മയുടെ ഉജ്ജ്വല ഫിഫ്റ്റിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. ഒന്നാംദിനം രോഹിത് (83), നായകന്‍ വിരാട് കോലി (42), ചേതേശ്വര്‍ പുജാര (9) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യക്കു നഷ്ടമായത്. പുജാര പതിവുതെറ്റിക്കാതെ നേരത്തേ തന്നെ മടങ്ങിയപ്പോള്‍ മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും കോലി അതു മുതലെടുക്കാനാവാതെ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ആദ്യദിനത്തിലെ കളി തീരാന്‍ കുറച്ചു ഓവറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അദ്ദേഹം പുറത്തായത്.

4

തകര്‍പ്പന്‍ തുടക്കമായിരുന്നു രോഹിത്- രഹുല്‍ ജോടി ഇന്ത്യക്കു നല്‍കിയത്. മഴയും പിച്ചിലെ ഈര്‍പ്പവും കാരണം വളരെ ശ്രദ്ധിച്ചായിരുന്നു ഇരുവരും തുടങ്ങിയത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ പരമാവധി നേരം പിടിച്ചുനിന്ന് സാഹചര്യവുമായി പൊരുത്തപ്പെടാനാണ് ഇരുവരും ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ലഞ്ച് ബ്രേക്ക് വരെ ഡിഫന്‍സീവ് ശൈലിയായിരുന്നു രോഹിത്തും രാഹുലും സ്വീകരിച്ചത്. രണ്ടാം സെഷനില്‍ രോഹിത് തന്റെ സ്ഥിരം അഗ്രസീവ് രീതിയിലേക്കു മാറി. അപ്പോഴും മറുഭാഗത്ത് രാഹുല്‍ പതിഞ്ഞ താളത്തില്‍ തന്നെ ബാറ്റിങ് തുടര്‍ന്നു.

ഒന്നം വിക്കറ്റില്‍ 126 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. 1952നു ശേഷം ഇതാദമയായിട്ടാണ് ലോര്‍ഡ്‌സില്‍ ഇന്ത്യ ടെസ്റ്റില്‍ ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. രാഹിത് അര്‍ഹിച്ച സെഞ്ച്വറി ലോര്‍ഡ്‌സില്‍ കുറിക്കുമെന്നിരിക്കെയായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യത്തെ പ്രഹരം. 83 റണ്‍സെടുത്തു നില്‍ക്കെ പരിചയസമ്പന്നനായ ജെയിംസ് ആന്‍ഡേഴ്‌സന്‍ രോഹിത്തിനെ ബൗള്‍ഡാക്കി. 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വിദേശത്തു ടെസ്റ്റില്‍ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് അദ്ദേഹം കുറിച്ചത്. 2015ല്‍ ശ്രീലങ്കയില്‍ നേടിയ 79 റണ്‍സായിരുന്നു നേരത്തേയുള്ള ഉയര്‍ന്ന സ്‌കോര്‍. ഇതാണ് രോഹിത് ലോര്‍ഡ്‌സില്‍ തിരുത്തിയത്.

പുജാരയ്ക്കു അധികം ആയുസ്സുണ്ടായില്ല. ഒമ്പത് റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ ജോണി ബെയര്‍സ്‌റ്റോ പിടികൂടുകയായിരുന്നു. ഇന്ത്യ രണ്ടിന് 150. പിന്നീടെത്തിയ കോലിയെ കൂട്ടുപിടിച്ച് രാഹുല്‍ വീണ്ടുമൊരു സെഞ്ച്വറി കൂട്ടുകെട്ട് കൂടിയുണ്ടാക്കി ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. 117 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. പക്ഷെ കോലിയെ പുറത്താക്കി ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഓലി റോബിന്‍സണിനായിരുന്നു വിക്കറ്റ്. ഓഫ്സ്റ്റംപിനു പുറത്തുകൂടെ പോയ ബോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച കോലിക്കു പിഴച്ചു. എഡ്ജ് ചെയ്ത ബോള്‍ സ്ലിപ്പില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പിടികൂടുകായായിരുന്നു.

ടോസിനു ശേഷം റൂട്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ കളിച്ചത്. പരിക്കേറ്റു പിന്‍മാറിയ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം ഇഷാന്ത് ശര്‍മ ടീമിലേക്കു വന്നു. എന്നാല്‍ പരിചയസമ്പന്നായ സ്പിന്നര്‍ ആര്‍ അശ്വിനെ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഇന്ത്യ പുറത്തിരുത്തുകയായിരുന്നു. അതേസമയം, ഇംഗ്ലണ്ട് ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. സാക്ക് ക്രോളി, സ്റ്റുവര്‍ട്ട് ബ്രോഡ്, ഡാന്‍ ലോറന്‍സ് എന്നിവര്‍ക്കു പകരം ഹസീബ് ഹമീദ്, മാര്‍ക്ക് വുഡ്, മോയിന്‍ അലി എന്നിവര്‍ പ്ലെയിങ് ഇലവനിലേക്കു വന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Friday, August 13, 2021, 23:37 [IST]
Other articles published on Aug 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+