Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: രാഹുലിന് സെഞ്ച്വറി, രോഹിത്തും മിന്നി- ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

1

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്കു കുതിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന മികച്ച സ്‌കോറില്‍ നില്‍ക്കുകയാണ്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി കെഎല്‍ രാഹുലും (127) ഒരു റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. 248 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 127 റണ്‍സോടെ രാഹുല്‍ ടീമിന്റെ അമരക്കാരനായി മാറിയത്.

രോഹിത് ശര്‍മയാണ് (83) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഹിറ്റ്മാന്‍ 145 ബോളില്‍ 11 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് 83 റണ്‍സെടുത്തത്. ടെസ്റ്റില്‍ വിദേശത്തു രോഹിത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ക്യാപ്റ്റന്‍ വിരാട് കോലി (42), ചേതേശ്വര്‍ പുജാര (9) എന്നിവരാണ് ആദ്യദിനം പുറത്തായ മറ്റുള്ളവര്‍. രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ കണ്ടു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- രാഹുല്‍ ജോടി 126 റണ്‍സ് നേടിയിരുന്നു. പുജാര പെട്ടെന്നു മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റില്‍ കോലിക്കൊപ്പം വീണ്ടുമൊരു സെഞ്ച്വറി കൂട്ടുകെട്ടിലും രാഹുല്‍ പങ്കാളിയായി. 117 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്.

കോലി തന്റെ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഈ ഇന്നിങ്‌സില്‍ അവസാനിപ്പിക്കുമെന്നു കരുതിയെങ്കിലും അതു സംഭവിച്ചില്ല. കളി തീരാന്‍ അഞ്ചോവര്‍ മാത്രം ശേഷിക്കെ അദ്ദേഹം പുറത്തായി. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ എഡ്ജ് ചെയ്ത കോലിയെ ഫസ്റ്റ് സ്ലിപ്പില്‍ റൂട്ട് പിടികൂടുകയായിരുന്നു. ബോള്‍ പ്രതിരോഘിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് ഔട്ടില്‍ കലാശിച്ചത്. അനായാസം ലീവ് ചെയ്യാമായിരുന്ന ബോളിലാണ് കോലി വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും ഓലി റോബിന്‍സണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

2

ഗംഭീര തുടക്കമാണ് രോഹിത്- രാഹുല്‍ ജോടി ഇന്ത്യക്കു നല്‍കിയത്. വിദേശത്തു കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കുറിച്ച ഹിറ്റ്മാന് പക്ഷെ അതു അര്‍ഹിച്ച സെഞ്ച്വറിയിലെത്തിക്കാനായില്ല. 13 റണ്‍സകലെ അദ്ദേഹത്തിനു പിഴയ്ക്കുകയായിരുന്നു. ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ ബൗള്‍ഡായാണ് രോഹിത് ക്രീസ് വിട്ടത്. 145 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 126 റണ്‍സാണ് രോഹിത്- രോഹിത് സഖ്യം ചേര്‍ന്നെടുത്തത്. 1952നു ശേഷം ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഒന്നാമിന്നിങ്‌സില്‍ 50 പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയത് ഇതാദ്യമായിട്ടാണ്.

കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുന്ന പുജാരയ്ക്കു ഇത്തവണയും കാര്യമായ സംഭാവനയൊന്നും നല്‍കാനായില്ല. രോഹിത് മടങ്ങി അധികം വൈകാതെ പുജാരയും ക്രീസ് വിട്ടു. ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്കു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

ആദ്യ ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യയിറങ്ങിയത്. പരിക്കേറ്റു പിന്‍മാറിയ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ പ്ലെയിങ് ഇലവനിലെത്തി.മറുഭാഗത്ത് ഇംഗ്ലീഷ് ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. സാക്ക് ക്രോളി, സ്റ്റുവര്‍ട്ട് ബ്രോഡ്, ഡാന്‍ ലോറന്‍സ് എന്നിവര്‍ക്കു പകരം ഹസീബ് ഹമീദ്, മാര്‍ക്ക് വുഡ്, മോയിന്‍ അലി എന്നിവര്‍ കളിക്കാനിറങ്ങി.

മഴ വില്ലനായ ആദ്യ ടെസ്റ്റിലെ ക്ഷീണം മായ്ക്കാനുറച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും രണ്ടാമങ്കത്തിനായി ലോര്‍ഡ്‌സിലെത്തിയിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകള്‍ക്കും ഇപ്പോള്‍ മുന്‍തൂക്കമൊന്നും അവകാശപ്പെടാനില്ല. അതുകൊണ്ടു തന്നെ ലോര്‍ഡ്‌സില്‍ വിജയക്കൊടി നാട്ടി പരമ്പരയില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കാനായിരിക്കും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ശ്രമം. പരിക്കിനെ തുടര്‍ന്നു പരിചയസമ്പന്നനായ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഈ പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയത് ഇംഗ്ലണ്ടിനേറ്റ അപ്രതീക്ഷിത പ്രഹരമാണ്.

നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജായിരുന്നു ഒന്നാം ടെസ്റ്റിനു ആതിഥേയത്വം വഹിച്ചത്. ഈ മല്‍സരത്തില്‍ ഇന്ത്യയായിരുന്നു മികച്ച ടീം. കളിയില്‍ ഭൂരിഭാഗവും ഇന്ത്യയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. പക്ഷെ മഴയ്ക്കു മുന്നില്‍ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. അഞ്ചാമത്തെയും അവസാനത്തെയും ദിനമാണ് മഴ ജയം ഇന്ത്യയില്‍ നിന്നും തട്ടിത്തെറിപ്പിച്ചത്. ഒമ്പതു വിക്കറ്റുകള്‍ കൈയിരിക്കെ 157 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. പക്ഷെ നിര്‍ത്താതെ പെയ്യ മഴയെ തുടര്‍ന്നു അവസാന ദിനം ഒരോവര്‍ പോലും കളി നടന്നില്ല. ഒടുവില്‍ ഈ ദിനത്തിലെ മല്‍സരം പൂര്‍ണമായി ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

209 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 52 റണ്‍സെന്ന നിലയിലായിരുന്നു. കെഎല്‍ രാഹുലിനെയായിരുന്നു നഷ്ടമായത്. ജയിക്കാന്‍ വേണ്ടിയിരുന്ന 157 റണ്‍സ് അവസാനദിനം തീര്‍ച്ചയായും നേടാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു കോലിപ്പട. പക്ഷെ മഴ അവസാന ദിനം ഒരോവര്‍ പോലും ബാറ്റ് ചെയ്യാന്‍ ഇന്ത്യയെ അനുവദിച്ചില്ല.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി ലോര്‍ഡ്‌സില്‍ ടെസ്റ്റ് കളിച്ചത്. കൈവിരലിനെ പരിക്കു കാരണം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. ദയനീയ പ്രകടനമായിരുന്നു അന്നു ഇന്ത്യയുടേത്. രണ്ടിന്നിങ്‌സുകളിലും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു 150 റണ്‍സ് പോലും തികയ്ക്കാനായില്ല. ഒന്നാമിന്നിങ്‌സില്‍ 107 റണ്‍സിനു കൂടാരം കയറിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 130 റണ്‍സിനും പുറത്തായി. ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു ഇന്ത്യയുടെ അന്തകനായത്. രണ്ടിന്നിങ്‌സുകളിലുമായി അദ്ദേഹം ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തി.

ബാറ്റിങില്‍ ക്രിസ് വോക്‌സായിരുന്നു ആതിഥേയരുടെ ഹീറോ. കന്നി ടെസ്റ്റ് സെഞ്ച്വറി അദ്ദേഹം ഈ മല്‍സരത്തില്‍ നേടിയിരുന്നു.പുറത്താവാതെ 137 റണ്‍സാണ് വോക്‌സ് അടിച്ചെടുത്തത്. ജോണി ബെയര്‍സ്‌റ്റോയായിരുന്നു (99) മറ്റൊരു പ്രധാന സ്‌കോറര്‍. ഈ ടെസ്റ്റില്‍ ഇന്നിങ്‌സിനും 159 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ കശാപ്പ് ചെയ്തത്. രണ്ടിന്നിങ്‌സുകളിലും ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും 40 റണ്‍സ് പോലുമെടുക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 29ഉം രണ്ടാമിന്നിങ്‌സില്‍ 33ഉം റണ്‍സെടുത്ത ആര്‍ അശ്വിന്‍ മാത്രമേ പൊരുതി നോക്കിയുള്ളൂ.അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്കു ഇത്തവണ കൈവന്നിരിക്കുന്നത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Friday, August 13, 2021, 0:10 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+