
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. നാലാംദിനം വെളിച്ചക്കുറവ് കാരണം നേരത്തേ സറ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിനു 181 റണ്‍സെന്ന നിലയിലാണ്. നാലു വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ 154 റണ്‍സിന്റെ ലീഡ് മാത്രമേ ഇന്ത്യക്കുള്ളൂ. ചുരുങ്ങിയത് 250 റണ്‍സിന്റെയെങ്കിലും വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാനായാല്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇംഗ്ലണ്ടിനാണ് ടെസ്റ്റില്‍ മുന്‍തൂക്കമെന്നു ഉറപ്പിച്ചു പറയാനാവും.
മോശം ഫോമിലൂടെ കടന്നുപോവുകയായിരുന്നു രണ്ടു പേരാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകരായി മാറിയത്. 61 റണ്‍സോടെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ പുജാര 45 റണ്‍സിന് പുറത്തായി. 146 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയാണ് രഹാനെ 61 റണ്‍സെടുത്തത്. പുജാര 206 ബോളില്‍ നാലു ബൗണ്ടറികളും പായിച്ചു. കെഎല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), ക്യാപ്റ്റന്‍ വിരാട് കോലി (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. റിഷഭ് പന്തിനോടൊപ്പം (14) ഇഷാന്ത് ശര്‍മയാണ് (4) ക്രീസില്‍.
ഒരു ഘട്ടത്തില്‍ മൂന്നിന് 55 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യയെ കരകയറ്റിയത് രഹാനെ- പുജാര ജോടിയാണ്. 100 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്നുണ്ടാക്കി. എന്നാല്‍ പുജാരയുടെ പുറത്താവല്‍ ഇന്ത്യയുടെ താളംതറ്റിച്ചു. 25 റണ്‍സിനിടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഇതോടെ മൂന്നിന് 154ല്‍ നിന്നും ഇന്ത്യ ആറിന് 175ലേക്കു വീഴുകയും ചെയ്തു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റുകളെടുത്തു.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 364 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് മൂന്നാംദിനം 391 റണ്‍സിന് പുറത്തായി. ഇതോടെ മൂന്നാംദിവസത്തെ കളി അവസാനിക്കുകയും ചെയ്തു. നാലാംദിനം എത്രയും വേഗത്തില്‍ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. തുടര്‍ന്നു വെല്ലുവിളിയുയര്‍ത്തുന്ന ഒരു സ്‌കോര്‍ പടുത്തുകയെന്നതാവും ഇന്ത്യയുടെ പ്ലാന്‍. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (180*) വണ്‍മാന്‍ ഷോയാണ് മല്‍സരത്തില്‍ ഇംഗ്ലണ്ടിനു നിര്‍ണായക ലീഡ് നേടിക്കൊടുത്തത്. 321 ബോളില്‍ 18 ബൗണ്ടറികളോടെയാണ് റൂട്ട് പുറത്താവാതെ 180 റണ്‍സെടുത്തത്.
പരിചയസമ്പന്നായ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലീഷ് നിരയില്‍ മികച്ച പ്രകടനം നടത്തിയ മറ്റൊരാള്‍. ബെയര്‍സ്‌റ്റോ 57 റണ്‍സെടുത്തു മടങ്ങി. ഓപ്പണര്‍ റോറി ബേണ്‍സ് (49), മോയിന്‍ അലി (27), ജോസ് ബട്‌ലര്‍ (23), ഡൊമിനിക്ക് സിബ്ലി (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലു വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചു. ഇഷാന്ത് ശര്‍മ മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിക്കു രണ്ടു വിക്കറ്റ് ലഭിച്ചു. പക്ഷെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തേ മൂന്നു വിക്കറ്റിനു 119 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാംദിനം കളി പുനരാരംഭിച്ചത്. നാലാം വിക്കറ്റില്‍ റൂട്ട്- ബെയര്‍സ്റ്റോ സഖ്യം സെഞ്ച്വറി കൂട്ടുകട്ടിലൂടെ ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചു. 121 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഇംഗ്ലണ്ടിനു ലീഡ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായും ഈ ജോടി തന്നെയായിരുന്നു. റൂട്ട്-ബെയര്‍സ്റ്റോ സഖ്യം ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുക്കുമെന്നിരിക്കെയാണ് സിറാജ് ടീമിനെ രക്ഷിച്ചത്. ബെയര്‍സ്‌റ്റോയെ അദ്ദേഹം നായകന്‍ വിരാട് കോലിക്കു സമ്മാനിച്ചു. 107 ബോളില്‍ ഏഴു ബൗണ്ടറികളടങ്ങിയതായിരുന്നു ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സ്.
അടുത്ത രണ്ടു വിക്കറ്റുകളിലും ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയ റൂട്ട് ഇംഗ്ലണ്ടിനെ ഭദ്രമായ സകോറിലേക്കു നയിച്ചു. അഞ്ചാം വിക്കറ്റില്‍ ജോസ് ബട്‌ലറിനൊപ്പം 54 റണ്‍സാണ് റൂട്ട് നേടിയത്. 42 ബോളില്‍ നാലു ബൗണ്ടറികളോടെ 23 റണ്‍സെടുത്ത ബട്‌ലറിനെ ഇഷാന്ത് ബൗള്‍ഡാക്കി. ഇംഗ്ലണ്ട് അഞ്ചിന് 283. തുടര്‍ന്നു ക്രീസിലെത്തിയത് മറ്റൊരു പരിചയസമ്പന്നനായ മോയിന്‍ അലിയായിരുന്നു. റൂട്ടും അലിയും ചേര്‍ന്ന് 58 റണ്‍സ് നേടി. ഇഷാന്ത് തന്നെയാണ് ഈ കൂട്ടുകെട്ടിനെയും വേര്‍പിരിച്ചത്. 72 ബോളില്‍ നാലു ബൗണ്ടറികളോടെ 27 റണ്‍സെടുത്ത അലിയെ ഇഷാന്തിന്റെ ബൗളിങില്‍ കോലി പിടികൂടി.

സാം കറെനെ ഇഷാന്ത് തൊട്ടടുത്ത ബോളില്‍ തന്നെ പുറത്താക്കി. പുതുതായി ക്രീസിലെത്തിയ കറെനെ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാക്കുകയായിരുന്നു. രോഹിത്താണ് കറെന്റെ ക്യാച്ചെടുത്തത്. ഇംഗ്ലണ്ട് ഏഴിന് 341. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും റൂട്ട് പതറിയില്ല. പുതുതായി വരുന്ന ഓരോരുത്തര്‍ക്കുമൊപ്പം അദ്ദേഹം കൂട്ടുകെട്ടുകളുമായി പൊരുതിക്കൊണ്ടിരുന്നു.
വാലറ്റക്കാരില്‍ നിന്നും കാര്യമായ സംഭാവനയൊന്നും ലഭിച്ചില്ലെങ്കിലും റൂട്ട് ഇംഗ്ലണ്ടിനു നേടിക്കൊടുത്തു. അവാനത്തെ മൂന്നു വിക്കറ്റുകള്‍ വീഴുന്നതിനിടെ 50 റണ്‍സ് കൂടി ഇംഗ്ലണ്ട് അടിച്ചെടുത്തു. ഇതില്‍ ഏറിയ പങ്കും റൂട്ടിന്റെ വകയായിരുന്നു. ഓലി റോബിന്‍സണ്‍ (6), മാര്‍ക്ക് വുഡ് (5), ജെയിംസ് ആന്‍ഡേഴ്‌സന്‍ (0) എന്നീ മൂന്നു പേരും കൂടിയെടുതത്തത് 11 റണ്‍സ് മാത്രമായിരുന്നു. ഒടുവില്‍ 400 റണ്‍സിന് ഒമ്പത് റണ്‍സ് മാത്രമകലെ ഇംഗ്ലണ്ട് ഓള്‍ഔട്ടായി.
ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 350ന് മുകളില്‍ സ്്‌കോര്‍ ചെയ്യാന്‍ സഹായിച്ചത് ഓപ്പണര്‍മായാ കെഎല്‍ രാഹുലും രോഹിത് ശര്‍മയുമായിരുന്നു. രാഹുല്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അമരക്കാരനായപ്പോള്‍ രോഹിത് സെഞ്ച്വറിക്ക് 17 റണ്‍സകലെ പുറത്തായി. 250 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 129 റണ്‍സാണ് അദ്ദേഹമെടുത്തത്. ലോര്‍ഡ്‌സില്‍ 1990നു ശേഷം ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഒരു ഓപ്പണറുടെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്. രോഹിത് 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 83 റണ്‍സെടുത്തു മടങ്ങി. ക്യാപ്റ്റന്‍ വിരാട് കോലി (42), രവീന്ദ്ര ജഡേജ (40), റിഷഭ് പന്ത് (37) എന്നിവരാണ് ഇന്ത്യയുട മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ കൊയ്തു. 29 ഓവറില്‍ ഏഴു മെയ്ഡനടക്കം 62 റണ്‍സ് വിട്ടുകൊടുക്കാണ് ആന്‍ഡേഴ്‌സന്‍ അഞ്ചു പേരെ പുറത്താക്കിയത്. ഓലി റോബിന്‍സണും മാര്‍ക്ക് വുഡും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.