
1952നു ശേഷം ആദ്യം
ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാം സെഷനില്‍ 36 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 108 റണ്‍സെടുത്തു നില്‍ക്കുകയാണ്. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി രോഹിത് ശര്‍മയും (81) കെഎല്‍ രാഹുലുമാണ് (18) ക്രീസില്‍. ഇതോടെയാണ് ഈ വേദിയില്‍ ഇന്ത്യ ചരിത്രം മാറ്റിയെഴുതിയിരിക്കുന്നത്.
ഈ വേദിയില്‍ 69 വര്‍ഷങ്ങള്‍ക്കു ശേഷം ഓപ്പണിങ് വിക്കറ്റില്‍ 50ന് മുകളില്‍ കൂട്ടിച്ചേര്‍ത്ത ആദ്യ ഇന്ത്യന്‍ ജോടികളായി ഇരുവരും മാറിയിരിക്കുകയാണ്. 1952നു ശേഷം ആദ്യമായിട്ടാണ് ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ഒരു ഓപ്പണിങ് സഖ്യം ഇത്രയും മികച്ച പ്രകടനം നടത്തിയിരിക്കുന്നത്.
ഇതു കൊണ്ടും തീരുന്നില്ല. 2011നു ശേഷം ഏഷ്യക്കു പുറത്ത് ഇതാദ്യമായിട്ടാണ് ഇന്ത്യ ഒരു ടെസ്റ്റില്‍ ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട്് പടുത്തുയര്‍ത്തിയത്.

രോഹിത് മൂന്നാമന്‍
ഈ മല്‍സരത്തില്‍ നേടിയ ഫിഫ്റ്റിയോടെ രോഹിതും എലൈറ്റ് ക്ലബ്ബില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ഓപ്പണര്‍മാരുടെ നിരയില്‍ ഹിറ്റ്മാന്‍ മൂന്നാംസ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. വിവിധ ഫോര്‍മാറ്റുകളിലായി ഇതു 16ാം തവണയാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇന്ത്യയുടെ മറ്റൊരു ഓപ്പണര്‍ക്കും അവകാശശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്.
ടോപ്പ് ഫൈവ് ഓപ്പണര്‍മാരുടെ ലിസ്റ്റെടുത്താല്‍ രോഹിത്തിനെക്കൂടാതെ ഈ ലിസ്റ്റില്‍ ഒരേയൊരു ഇന്ത്യന്‍ ഓപ്പണര്‍ മാത്രമേയുള്ളൂ. അതു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറാണ്. 13 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി അഞ്ചാംസ്ഥാനത്താണ് അദ്ദേഹം.
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍, വെ്സ്റ്റ് ഇന്‍ഡീസിന്റെ തന്നെ മറ്റൊരു ഇതിഹാസമായ ജോര്‍ഡന്‍ ഗ്രീനിഡ്ജ് എന്നിവരാണ് 17 വീതം ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. രോഹിത്തിനു പിറകില്‍ നാലാംസ്ഥാനത്ത് ഓസ്‌ട്രേലിയയുടെ മുന്‍ താരം മാര്‍ക്ക് ടെയ്‌ലറാണ് (14 തവണ).

ഏറ്റവുമുയര്‍ന്ന സ്‌കോര്‍
ഈ ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 80ലെത്തിയപ്പോള്‍ രോഹിത് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുകയും ചെയ്തു. വിദേശത്തു ടെസ്റ്റില്‍ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന നാഴികക്കല്ലാണ് ഹിറ്റ്മാന്‍ പിന്നിട്ടത്. 2015 ആഗസ്റ്റില്‍ കൊളംബോയില്‍ നടന്ന ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ 79 റണ്‍സായിരുന്നു നേരത്തേ വിദേശത്തു ഹിറ്റ്മാന്റെ ടോപ്‌സ്‌കോര്‍. ഇതാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഐതിഹാസിക വേദിയായ ലോര്‍ഡ്‌സില്‍ അദ്ദേഹം തിരുത്തിയിരിക്കുന്നത്.
ടെസ്റ്റ് കരിയറില്‍ ഇതുവരെ ഏഴു സെഞ്ച്വറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇവയെല്ലാം നാട്ടിലാണെന്നതാണ് കൗതുകകരമായ കാര്യം. വിദേശത്തു ഒരിക്കല്‍പ്പോലും മൂന്നക്കമെന്ന മാന്ത്രിക സംഖ്യ അദ്ദേഹം നേടിയിട്ടില്ല.


Click it and Unblock the Notifications











