INDvENG: രഹാനെയെ രക്ഷിക്കാന്‍ ശാസ്ത്രിക്കേ കഴിയൂ, വഴി ഉപദേശിച്ച് മുന്‍ സ്പിന്നര്‍
കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോവുന്ന ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയെ തിരിച്ചുകൊണ്ടു വരാന്‍ മാര്‍ഗം ഉപദേശിച്ച് മുന്‍ സ്പിന്നര്‍ മനീന്ദര്‍ സിങ്. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും രഹാനെ ടീമിലുണ്ടായിരുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 19 ശരാശശരിയില്‍ 95 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നേടിയ 61 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ മറ്റു ഇന്നിങ്‌സുകളിലെല്ലാം രഹാനെ നിറംമങ്ങി.
ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും പരാജയപ്പെട്ട ലീഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിനു 20 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സില്‍ 18ഉം രണ്ടാമിന്നിങ്‌സില്‍ 10ഉം റണ്‍സാണ് രഹാനെയ്ക്കു നേടാന്‍ കഴിഞ്ഞത്.

ശാസ്ത്രി സംസാരിക്കണം
ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി രഹാനെയുമായി വ്യക്തിപരമായി സംസാരിക്കണമെന്നും എത്ര മികച്ച ബാറ്റ്‌സ്മാനാണ് താരത്തെ ഓര്‍മിപ്പിക്കണമെന്നും മനീന്ദര്‍ ആവശ്യപ്പെട്ടു. ശാസ്ത്രി തീര്‍ച്ചയായും ബാറ്റിങ് പ്രകടനത്തെക്കുറിച്ച് രഹാനെയുമായി സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ശാസ്ത്രി നന്നായി പ്രചോദിപ്പിക്കാന്‍ കഴിവുള്ള വ്യക്തിയാണ്. ഈ ഇന്ത്യന്‍ ടീമിനെ അദ്ദേഹം വളരെ നന്നായി പ്രചോദിപ്പിക്കുന്നുണ്ട്. ഇതാണ് ശാസ്ത്രി കോച്ചായി വന്ന ശേഷം ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഇത്രയുമധികം മെച്ചപ്പെടാനുള്ള കാരണമെന്നും മനീന്ദര്‍ വിശദമാക്കി.

രഹാനെയുടെ അനുഭവസമ്പത്ത്
രഹാനെയുടെ കാര്യത്തില്‍ ശാസ്ത്രി അത്ര ഇടപെടല്‍ നടത്തുകയോ പ്രചോദനം നല്‍കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടാവില്ലെന്നാണ് എനിക്കു തോന്നുന്നത്. കാരണം 80ന് മുകളില്‍ ടെസ്റ്റുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് രഹാനെയ്ക്കുണ്ട്. എന്നാല്‍ രഹാനെ 80ല്‍ കൂടുതല്‍ ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ എന്താണ് ചെയ്യേണ്ടതെന്നു നല്ല ബോധ്യമുണ്ടാവുമെന്നും ശാസ്ത്രി ചിന്തിക്കരുത്. വലിയ താരങ്ങള്‍ക്കു പോലും ചില സമയങ്ങളില്‍ പ്രചോദനം വേണ്ടി വരുമെന്നും മനീന്ദര്‍ വ്യക്തമാക്കി.

രഹാനെയ്ക്കു പ്രചോദനമേകണം
രഹാനെയ്‌ക്കൊപ്പം തീര്‍ച്ചയായും ശാസ്ത്രി ഇരിക്കുകയും സംസാരിക്കുകയും വേണം. ആവശ്യമെങ്കില്‍ ഒരു ഡിന്നറിന് അദ്ദേഹത്തെ കൂട്ടി പോവാം, അല്ലെങ്കില്‍ തനിച്ച് സംസാരിക്കാന്‍ മറ്റെന്തെങ്കിലും വഴി ആലോചിക്കാം. മുമ്പ് ഇത്തരം മോശം സമയത്തെ മറികടന്ന് നിങ്ങള്‍ തിരിച്ചുവന്നിട്ടുണ്ടെന്നു രഹാനെയോടു ശാസ്ത്രി പറയണം, ഇതിനും അതിനു സാധിക്കുമെന്ന് അദ്ദേഹത്തിനു ആത്മവിശ്വാസവും നല്‍കണം. ഇതു വളരെ പോസിറ്റിവായ ചിന്താഗതിയോടെ ബാറ്റിങിന് ഇറങ്ങാന്‍ രഹാനെയെ സഹായിക്കും. എല്ലാ കോച്ചുമാരും മുന്‍കൈയെടുക്കേണ്ട ഒരു കാര്യമാണിതെന്നും മനീന്ദര്‍ വിശദീകരിച്ചു.

പിഴയ്ക്കുന്നതെവിടെ?
അജിങ്ക്യ രഹാനെയ്ക്കു എപ്പോഴും അസ്ഥിരതയാണ്, ഇതു എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇന്ത്യന്‍ പിച്ചുകളിലേതിനേക്കാള്‍ കൂടുതല്‍ ശരാശരി അദ്ദേഹത്തിനു വിദേശത്താണുള്ളത്. എല്ലായ്‌പ്പോഴും വിദേശ പിച്ചുകളില്‍ രഹാനെ റണ്ണെടുക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന് എവിടെയാണ് പിഴയ്ക്കുന്നതെന്നറിയില്ല. എങ്കിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും രഹാനെയെ ഒഴിവാക്കുന്നതു പോലെയുള്ള കാര്യങ്ങളും സംഭവിക്കില്ലെന്നാണ് കരുതുന്നത്. ബാറ്റിങ് ലൈനപ്പിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമെന്ന് തോന്നുന്നില്ലെന്നും മനീന്ദര്‍ വ്യക്തമാക്കി.

അടുത്ത ടെസ്റ്റിലെ മാറ്റം
ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടാവാനാണ് സാധ്യതയെന്നു മനീന്ദര്‍ പറയുന്നു. ഇന്ത്യന്‍ ടീമില്‍ ഒന്നിലേറെ മാറ്റങ്ങളൊന്നും അടുത്ത ടെസ്റ്റില്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പേസര്‍ ഇഷാന്ത് ശര്‍മ ഒരുപക്ഷെ ടീമിനു പുറത്തുപോയേക്കും. പകരം ഒരു സ്പിന്നറോ അല്ലെങ്കില്‍ ശര്‍ദ്ദുല്‍ ടാക്കൂറോ ടീമിലേക്കു വരികയും ചെയ്യും. ഈയൊരു മാറ്റമേ ഞാന്‍ അടുത്ത ടെസ്റ്റില്‍ പ്രതീക്ഷിക്കുന്നുള്ളൂ. രഹാനെ ടീമില്‍ തന്നെ തുടരുമെന്നും മനീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications