
ലോര്‍ഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അടുത്തടുത്ത ബോളില്‍ രണ്ടു വിക്കറ്റുകളുമായി മിന്നിയിരിക്കുകയാണ് യുവ പേസര്‍ മുഹമ്മദ് സിറാജ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 364 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയപ്പോഴായിരുന്നു തുടക്കത്തില്‍ സിറാജിലൂടെ ഇംഗ്ലണ്ടിനു ഇരട്ടപ്രഹരമേറ്റത്. ഓപ്പണര്‍ ഡൊമിനിക്ക് സിബ്ലി, പരമ്പരയിലെ ആദ്യ മല്‍സരത്തിനിറങ്ങിയ ഹസീബ് ഹമീദ് എന്നിവരെയായിരുന്നു സിറാജ് ഒരേ ഓവറിലെ അടുത്തടുത്ത ബോളുകളില്‍ പുറത്താക്കിയത്. സിബ്ലിക്കു 11 റണ്‍സാണ് നേടാനായതെങ്കില്‍ ഹസീബ് ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സിനു മറുപടിയില്‍ ഇംഗ്ലണ്ട് വളരെ ശ്രദ്ധയോടെയാണ് ആരംഭിച്ചത്. ക്രീസില്‍ ക്ഷമയോടെ പിടിച്ചുനില്‍ക്കാന്‍ മാത്രമായിരുന്നു ഓപ്പണര്‍മാരായ റോറി ബേണ്‍സും സിബ്ലിയും ശ്രമിച്ചത്. 14 ഓവര്‍ വരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. ചായക്കു പിരിയുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 23 റണ്‍സെടുത്തിരുന്നു. ബ്രേക്കിനു ശേഷമുള്ള ആദ്യ ഓവര്‍ സിറാജിനാണ് കോലി നല്‍കിയത്. ഇതോടെ കളിയാകെ മാറുകയും ചെയ്തു. ഇന്നിങ്‌സില്‍ പേസറുടെ രണ്ടാമത്തെ ഓവറായിരുന്നു ഇത്.

ആദ്യ ബോള്‍ നേരിട്ടത് സിബ്ലിയായിരുന്നു. റണ്ണൊന്നുമില്ല. അടുത്ത ബോളില്‍ സിബ്ലിയെ പുറത്താക്കി സിറാജ് ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കി. ലെഗ്‌സൈഡിലേക്കു പോയ ബോളില്‍ സിബ്ലി ഫ്‌ളിക്കിനു ശ്രമിക്കുകയായിരുന്നു. പക്ഷെ സ്‌ക്വയറില്‍ കെഎല്‍ രാഹുല്‍ തക്കം പാര്‍ത്തുനില്‍ക്കുന്നുണ്ടായിരുന്നു. വലത്തോട്ടാഞ്ഞ് രാഹുല്‍ ഈ ബോളിനെ കൈയ്ക്കുള്ളിലാക്കി. സിറാജിനെ സംബന്ധിച്ച ലക്കി വിക്കറ്റായിരുന്നു ഇതെന്നു പറയാം.
തുടര്‍ന്നു ക്രീസിലെത്തിയത് ഹസീബ്. നേരത്തേ ഇന്ത്യയുമായുള്ള സന്നാഹ മല്‍സരത്തില്‍ കൗണ്ടി ഇലവനു വേണ്ടി സെഞ്ച്വറി നേടിയ താരമായിരുന്നു അദ്ദേഹം. ഇതാണ് ഹസീബിന് ഈ ടെസ്റ്റില്‍ സ്ഥാനം നേടിക്കൊടുത്തത്. പക്ഷെ ഹസീബിന് ക്രീസിലെത്തിയതു മാത്രമേ ഓര്‍മുണ്ടായിരുന്നുള്ളൂ. വന്നതുപോലെ തന്നെ അദ്ദേഹത്തിനു മടങ്ങേണ്ടിയും വന്നു. സിറാജിന്റെ ഫുള്‍ ലെങ്ത് ബോള്‍ ഓഫ് സ്റ്റംപിന് പാകമായിരുന്നു. അല്‍പ്പം മുന്നോട്ടാഞ്ഞ് ഹസീബ് ഇതിനെ പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും ടൈമിങ് പിഴച്ചു. ഫലമാവട്ടെ ക്ലീന്‍ ബൗള്‍ഡ്. ഇംഗ്ലണ്ട് രണ്ടിന് 23. തൊട്ടടുത്തത് ഹാട്രിക് ബോളായിരുന്നു. ക്യാപ്റ്റന്‍ ജോ റൂട്ടായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഈ ബോളും ഫുള്‍ ലെങ്ത്തായിരുന്നു. ബാക്ക്ഫൂട്ടില്‍ ഇതു പ്രതിരോധിച്ച റൂട്ട് സിറാജിന് ഹാട്രിക്ക് നിഷേധിക്കുകയും ചെയ്തു. ഈ ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദേഹം രണ്ടു പേരെ പുറത്താക്കിയത്.
ഈ പ്രഹരത്തില്‍ നിന്നും പക്ഷെ ഇംഗ്ലണ്ട് കരകയറി. മൂന്നാം വിക്കറ്റില്‍ റോറി ബേണ്‍സ്- നായകന്‍ ജോ റൂട്ട് എന്നിവര്‍ ചേര്‍ന്നു ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നു. 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 100 കടക്കുകയും ചെയ്തു. ഫിഫ്ഫ്റ്റിക്കു ഒരു റണ്‍സകലെ ബേണ്‍സിനെ മുഹമ്മദ് ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെയാണ് ഇന്ത്യ ഈ കൂട്ടുകെട്ട് തകര്‍ത്തത്. രണ്ടാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മുന്നു വിക്കറ്റിനു 119 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 245 റണ്‍സ് കൂടി വേണം.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 364 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മയുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 129 റണ്‍സോടെ രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായപ്പോള്‍ 83 റണ്‍സുമായി രോഹിത് മികച്ച പിന്തുണയേകി. 250 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സെങ്കില്‍ രോഹിത് 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു.