
ക്രിക്കറ്റിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ ഒരു ഓപ്പണര്‍ മൂന്നക്കമെന്ന മാന്ത്രികസംഖ്യയില്‍ തൊട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കെഎല്‍ രാഹുലാണ് ഏതൊരു ബാറ്റ്‌സ്മാനും കൊതിക്കുനന്ന ഈ നേട്ടം കുറിച്ചിരിക്കുന്നത്. ആദ്യദിനം തന്നെയാണ് രാഹുല്‍ സെഞ്ച്വറി ക്ലബ്ബില്‍ അംഗമായിരിക്കുന്നത്.
ലോര്‍ഡ്‌സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ മൂന്നാമത്തെ മാത്രം ഓപ്പണര്‍ കൂടിയാണ് രാഹുല്‍. വിനു മങ്കാദ്, നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ രവി ശാസ്ത്രി എന്നിവര്‍ മാത്രമേ നേരത്തേ ഇവിടെ സെഞ്ച്വറി നേടിയിട്ടുള്ളൂ. 1952ലായിരുന്നു മങ്കാദ് ഈ നേട്ടം കൊയ്ത ആദ്യത്തെ ഇന്ത്യന്‍ ഓപ്പണറായി മാറിയത്. അന്നു അദ്ദേഹം നേടിയ 184 റണ്‍സ് ഇപ്പോഴും റെക്കോര്‍ഡായി നില്‍ക്കുകയും ചെയ്യുന്നു. മറ്റൊരു ഇന്ത്യന്‍ ഓപ്പണറുടെ സെഞ്ച്വറിക്കു വേണ്ടി ലോര്‍ഡ്‌സിനു പിന്നീട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ 1990ല്‍ ശാസ്ത്രിയാണ് ഈ കാത്തിരിപ്പിനു അറുതിയിട്ടത്. അന്നു അദ്ദേഹം നേടിയത് 100 റണ്‍സായിരുന്നു.
ഒടുവില്‍ മൂന്നാമത്തെ സെഞ്ച്വറിക്കു വേണ്ടിയുള്ള 31 വര്‍ഷം നീണ്ട കാത്തിരിപ്പ് രാഹുലിലൂടെ അവസാനിച്ചിരിക്കുകയാണ്. 212 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം ചരിത്രനേട്ടത്തിലെത്തിയത്. വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കെ പേസര്‍ മാര്‍ക്ക് വുഡിനെതിരേ തേര്‍ഡ് മാനിലൂടെ ബൗണ്ടറി നേടി രാഹുല്‍ സെഞ്ച്വറി ക്ലബ്ബില്‍ തന്റെ പേരും കൂടി ചേര്‍ക്കുകയായിരുന്നു. ഏഷ്യക്കു പുറത്ത് കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറെന്ന നേട്ടത്തിനൊപ്പവും രാഹുല്‍ എത്തി. നാലു സെഞ്ച്വറികളുമായി രണ്ടാമതുള്ള മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിനൊപ്പമാണ് ഇപ്പോള്‍ രാഹുലിന്റെ സ്ഥാനം. 15 സെഞ്ച്വറികളുമായി സുനില്‍ ഗവാസ്‌കറാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍.
വിവിധ ഫോര്‍മാറ്റുകളിലായി ഇംഗ്ലണ്ടില്‍ 1000 റണ്‍സെന്ന നാഴികക്കല്ലും രാഹുല്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ നേട്ടത്തിന് അവകാശിയായ 14ാമത്തെ മാത്രം ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. ടെസ്റ്റില്‍ 533ഉം ഏകദിനത്തില്‍ 370ഉം ടി20യില്‍ 126ഉം റണ്‍സടക്കമാണ് രാഹുല്‍ 1000 റണ്‍സ് ക്ലബ്ബില്‍ തന്റെ പേരും കൂട്ടിച്ചേര്‍ത്തത്. 1000 റണ്‍സില്‍ 840 റണ്‍സും അദ്ദേഹം ഓപ്പണറായിട്ടാണ് അടിച്ചെടുത്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്നാംനമ്പറില്‍ 143ഉം നാലാമനായി 35ഉം ആറാമനായി 11ഉം റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ.
ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയുടെ തുടക്കത്തില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരമായിരുന്നു രാഹുല്‍. ശുഭ്മാന്‍ ഗില്ലായിരുന്നു രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങേണ്ടിയിരുന്നത്. പക്ഷെ പരിക്കു കാരണം ഗില്ലിന് പരമ്പരയുടെ മുമ്പ് തന്നെ നാട്ടിലേക്കു മടങ്ങേണ്ടി വന്നു. അപ്പോഴും രാഹുല്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. മായങ്ക് അഗര്‍വാളിനായിരുന്നു ഓപ്പണിങില്‍ പ്രഥമ പരിഗണന. പക്ഷെ തികച്ചും അപ്രതീക്ഷിതമായാണ് ഒന്നാം ടെസ്റ്റിനു മുമ്പ് പരിശീലനത്തിനിടെ മായങ്കിന്റെ ഹെല്‍മറ്റില്‍ ബോള്‍ പതിച്ചത്. കണ്‍കഷനെ തുടര്‍ന്നു ഇതോടെ അദ്ദേഹത്തിനു ഒന്നാം ടെസ്റ്റില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തു.
ഇതാണ് രാഹുലിന് ടീമിലേക്കു വഴിയൊരുക്കിയത്. തനിക്കു ലഭിച്ച അവസരം താരം നന്നായി മുതലെടുക്കുകയും ചെയ്തു. നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 84 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്നു രാഹുല്‍. രണ്ടാമിന്നിങ്‌സില്‍ 26 റണ്‍സും താരം നേടി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ലോര്‍ഡ്‌സില്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ താരം സെഞ്ച്വറി കുറിച്ചിരിക്കുന്നത്.