INDvENG: ഈ ടീമാവില്ല തുടര്‍ന്നു കളിക്കുക! ചിലരുണ്ടാവില്ല, മാറ്റം എവിടെയെന്നു കോലി പറയുന്നു
ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന അടുത്ത രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമെന്ന സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു പേസര്‍മാരും ഒരു സ്പിന്നറുമെന്ന കോമ്പിനേഷനു പകരം ഒരു അധികം ബാറ്റ്‌സ്മാനെ കളിപ്പിക്കുകയെന്ന അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ലെന്നും അതു ടീമിനു ശരിയായ ബാലന്‍സ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റ് വിജയിക്കണമെങ്കില്‍ 20 വിക്കറ്റുകള്‍ വീഴ്ത്തുകയെന്നത് വളരെ പ്രധാനമാണന്നും അതുകൊണ്ടു തന്നെ ബൗളിങ് നിരയ്ക്കു സുപ്രധാന റോളാണുള്ളതെന്നും കോലി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരേ മൂന്നു ടെസ്റ്റുകളില്‍ ചേതേശ്വര്‍ പുജാര, കോലി, അജിങ്ക്യ രഹാനെ എന്നിവരടങ്ങിയ മധ്യനിരയ്ക്കു 23.4 ശരാശരിയില്‍ 468 റണ്‍സാണ് നേടാനായത്. എന്നാല്‍ മറുഭാഗത്ത് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് മാത്രം 127 ശരാശരിയോടെ 507 റണ്‍സെടുത്തു കഴിഞ്ഞു.

ആ ബാലന്‍സില്‍ എനിക്കു വിശ്വാസമില്ല
ആറ്- ഏഴ് ബാറ്റ്‌സ്മാന്‍മാരെ കുത്തിനിറച്ചുള്ള ടീമിനെ ടെസ്റ്റില്‍ അണിനിരത്തുന്നതിനോടു എനിക്കു യോജിപ്പില്ല. അങ്ങനെയൊരു ബാലന്‍സില്‍ ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നില്ല. നിങ്ങള്‍ക്കു ടെസ്റ്റ് സമനിലയാക്കാനോ, വിജയിക്കാനോ ശ്രമിക്കാം. നേരത്തേ കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരെ ഉള്‍പ്പെടുത്തി കളിച്ച് നമ്മള്‍ ചില സമനിലകള്‍ നേടിയിട്ടുണ്ട്.
നിങ്ങളുടെ ആറ്-ഏഴ് പേര്‍ ജോലി ചെയ്തില്ലെങ്കില്‍ എക്‌സ്ട്രായായി എത്തുന്നയാള്‍ അത് നിര്‍വഹിക്കുമെന്നതിന് ഒരു ഗ്യാരന്റിയുമില്ല. ഒരു ടെസ്റ്റ് മല്‍സരം വിജയിക്കാന്‍ 20 വിക്കറ്റുകള്‍ വീഴ്ത്താനുള്ള ശേഷിയാണ് നിങ്ങള്‍ക്കു വേണ്ടതെന്നും കോലി വിലയിരുത്തി.

ടീമില്‍ മാറ്റങ്ങളുണ്ടാവാം
ചെറിയ ഇടവേളയ്ക്കിടെ തുടര്‍ച്ചയായി നാലു ടെസ്റ്റുകളില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു കോലി പറഞ്ഞു. ശേഷിച്ച ടെസ്റ്റുകളില്‍ അതുകൊണ്ടു തന്നെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഫാസ്റ്റ് ബൗളര്‍മാരുടെ ജോലി ഭാരം കുറയ്ക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും കോലി വ്യക്തമാക്കി.
തീര്‍ച്ചയായും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടി പേസര്‍മാര്‍ക്കു വിശ്രമം നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഇതു യുക്തിപരവും വിവേകപൂര്‍ണമായ ഒരു കാര്യമാണ്. ഒരു താരത്തെ പരിക്കേല്‍ക്കുന്ന ഘട്ടത്തിലേക്കു തള്ളിയിടില്ലെന്നും കോലി വ്യക്തമാക്കി.

കളിക്കാരുമായി സംസാരിക്കും
അടുത്ത ടെസ്റ്റിനു മുന്നോടിയായി ടീമിലെ കളിക്കാരുമായി വ്യക്തിപരമായി സംസാരിക്കുകയും അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്യും. ശാരീരികമായി ഏതെങ്കിലും തരത്തിലുള്ള വിഷമതകള്‍ അവര്‍ക്കുണ്ടോയെന്നും അന്വേഷിക്കും. അതിനു ശേഷമായിരിക്കും അവരെ നാലാം ടെസ്റ്റില്‍ കളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ചെറിയൊരു കാലയളവില്‍ തുടര്‍ച്ചയായി നാലു ടെസ്റ്റുകളില്‍ കളിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. ഇതു പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. താരങ്ങളില്‍ ചിലര്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ അത് വീണ്ടെടുക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് കണ്ടെത്തുമെന്നും അതിനു ശേഷമായിരിക്കും പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ലീഡ്‌സിലെ തോല്‍വി
ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുന്ന പ്രകടനമാണ് ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പുറത്തെടുത്തത്. ആദ്യദിനം മുതല്‍ ഇംഗ്ലണ്ടായിരുന്നു മികച്ച ടീം. മൂന്നാംദിനം മാത്രമായിരുന്നു ഇന്ത്യക്കു ചെറുത്തുനില്‍പ്പ് നടത്താനായത്.
ഒന്നാമിന്നിങ്‌സില്‍ വെറും 78 റണ്‍സിനു പുറത്തായരപ്പോള്‍ തന്നെ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ടിന്റെ ലീഡ് 200നുള്ളിലെങ്കിലുമാക്കി കുറയ്ക്കാനായാല്‍ മാത്രമേ ഇന്ത്യക്കു തിരിച്ചുവരവ് സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇംഗ്ലണ്ട് 432 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ പടുത്തുയര്‍ത്തിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. 354 റണ്‍സിന്റെ വമ്പന്‍ ലീഡാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. അപ്പോള്‍ തന്നെ ഇന്ത്യ ഇന്നിങ്‌സ് പരാജയം മണത്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ മോശമല്ലാതെ തുടങ്ങാന്‍ ഇന്ത്യക്കു കഴിഞ്ഞു. മൂന്നാംദിനം രണ്ടിന് 215 റണ്‍സെന്ന നിലയില്‍ കളി അവസാനിപ്പിച്ച ഇന്ത്യ നാലാം ദിനം പക്ഷെ കൂപ്പുകുത്തി. വെറും 278 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് വിജയം ആഘോഷിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications