
ടെസ്റ്റ് വിജയങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയെങ്കിലും ടോസില്‍ വിരാട് കോലിയുടെ കഷ്ടകാലം തുടരുകയാണ്. ലോര്‍ഡ്‌സില്‍ ആരംഭിച്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ടോസ് അദ്ദേഹത്തോടൊപ്പം നിന്നില്ല. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനായിരുന്നു ടോസ്. അദ്ദേഹം ഇന്ത്യയെ ബാറ്റിങിനിയക്കുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിലെ കോലിയുടെ ടോസ് റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ അതു ദയനീയമാണെന്നു കണക്കുകള്‍ അടിവരയിടുന്നു. അസാനത്തെ എട്ടു ടെസ്റ്റുകളിലും ഇവിടെ ടോസ് വിജയിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 2018ലായിരുന്നു ഇന്ത്യ അവസാനമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അന്നു കളിച്ച അഞ്ചു ടെസ്റ്റുകളിലും ടോസ് കൈവിട്ട കോലി ഈ പര്യടനത്തിലും ഇതു തന്നെ ആവര്‍ത്തിക്കുകയാണ്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിലും ഇംഗ്ലണ്ടിനായിരുന്നു ടോസ്.
അതേസമയം, ലോര്‍ഡ്‌സ് ടെസ്റ്റില്‍ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യയും ഇംഗ്ലണ്ടും ഇറങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇരുടീമിനും സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഉറപ്പായിരുന്ന ജയമാണ് നോട്ടിങ്ഹാമില്‍ കൈവിട്ടുപോയത്. മഴയായിരുന്നുന്നു ഇന്ത്യക്കു വില്ലനായത്. അഞ്ചാമത്തെയും അവസാനത്തെയും ദിനം ജയിക്കാന്‍ 157 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. ഒമ്പത് വിക്കറ്റുകളും കൈവശമുണ്ടായിരുന്നു. പക്ഷെ ശക്തമായ മഴ അഞ്ചാംദിനത്തിലെ കളി പൂര്‍ണമായും തട്ടിയെടുത്തു. ഇതോടെ ടെസ്റ്റ് സമനിലയാവുകയുമായിരുന്നു.
നാലാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 52 റണ്‍സായിരുന്നു നേടിയിരുന്നത്. നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഒന്നാമിന്നിങ്‌സില്‍ വെറും 183 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കു സാധിച്ചു. ഇതു 95 റണ്‍സിന്റെ നിര്‍ണായക ലീഡും ഇന്ത്യക്കു നേടിക്കൊടുത്തു. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇന്ത്യക്കു നല്‍കിയത് 209 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു.
നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ട ബൗളിങ് കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കായിരുന്നു പേസ് ബൗളിങിന്റെ ചുമതല. ഇതു വിജയം കാണുകയും ചെയ്തു. രണ്ടിന്നിങ്‌സുകളിലായി ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും പങ്കിട്ടത് ഈ പേസ് നിരയായിരുന്നു. രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ട്. മുഹമ്മദ് ഷമിക്കും ശര്‍ദ്ദുല്‍ ടാക്കൂറിനും നാലും മുഹമ്മദ് സിറാജിനു മൂന്നും വിക്കറ്റുകള്‍ ലഭിച്ചു.
ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിലും 4-1 എന്ന അതേ കോമ്പിനേഷന്‍ തന്നെയാണ് ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ഒരു മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ ശര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്തിരുത്തിയ ഇന്ത്യ പകരം പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മയെ ടീമിലേക്കു വിളിച്ചു. സ്പിന്‍ ബൗളിങിന്റെ ചുമതല പതിവുപോലെ രവീന്ദ്ര ജഡേജയ്ക്കു തന്നെയായിരുന്നു. ഇതോടെ ആര്‍ അശ്വിനു തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പുറത്തിരിക്കേണ്ടിവന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.