നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വിജയപ്രതീക്ഷ. 209 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 52 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ ഇന്ത്യക്കു ഇനി 157 റണ്‍സ് കൂടി മതി. 12 റണ്‍സ് വീതമെടുത്ത രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. കെഎല്‍ രാഹുലിനെയാണ് (26) ഇന്ത്യക്കു നഷ്ടമായത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 38 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് 26 റണ്‍സെടുത്തത്.
95 റണ്‍സിന്റെ ലീഡ് വഴങ്ങി വീണ്ടും ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ടിനെ ഇന്ത്യ നാലാം ദിനം 303 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. നായകന്‍ ജോ റൂട്ടിന്റെ (109) ഉജ്ജ്വല സെഞ്ച്വറിയാണ് 200നു മുകളില്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കാന്‍ ഇന്ത്യയെ സഹായിച്ചത്. 172 ബോളില്‍ 14 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്.

ഇംഗ്ലീഷ് നിരയില്‍ മറ്റാര്‍ക്കും 35ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. സാം കറെന്‍ (32), ജോണി ബെയര്‍സ്‌റ്റോ (30), ഡൊമിനിക്ക് സിബ്ലി (28), ഡാന്‍ ലോറന്‍സ് (25) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയ മറ്റുള്ളവര്‍. ഇന്ത്യക്കു വേണ്ടി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റുകളെടുത്തു. 19 ഓവറില്‍ രണ്ടു മെയ്ഡനുകളടക്കം 64 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. ഒന്നാമിന്നിങ്‌സില്‍ നാലു വിക്കറ്റുകളെടുത്ത ബുംറ ഇതോടെ രണ്ടിന്നിങ്‌സുകളിലായി പിഴുതത് ഒമ്പത് വിക്കറ്റുകളാണ്. മുഹമ്മദ് സിറാജിനും ശര്‍ദ്ദുല്‍ ടാക്കൂറിനും രണ്ടു വിക്കറ്റ്് വീതം ലഭിച്ചു.
ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ 95 റണ്‍സിന്റെ ലീഡാണ് ലഭിച്ചിരുന്നത്. രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാംദിനം മഴയെ തുടര്‍ന്നു നേരത്തേ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയിലായിരുന്നു. ബേണ്‍സ്, ക്രോളി എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതോടെ ഇംഗ്ലണ്ട് രണ്ടിനു 46. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രോളിക്കൊപ്പം റൂട്ട് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 89 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. സിബ്ലിയെ പുറത്താക്കി ബുംറ ഇന്ത്യക്കു നിര്‍ണാക ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു. പിന്നീട് വലിയ കൂട്ടുകെട്ടുകളൊന്നും ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ കണ്ടില്ല.

നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ആദ്യദിനം മൂന്നാം സെഷനില്‍ തന്നെ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നു ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 278 റണ്‍സാണ് നേടിയത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (84), രവീന്ദ്ര ജഡേജ (56) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്‌കോര്‍ നേടിത്തന്നത്. മായങ്ക് അഗര്‍വാളിനു പകരം ഓപ്പണറാവാന്‍ അവസരം ലഭിച്ച രാഹുല്‍ ഇതു ശരിവയ്ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 214 ബോളില്‍ 12 ബൗണ്ടറികളോടെയായിരുന്നു അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായത്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും രാഹുല്‍ ക്ഷമാപൂര്‍വ്വമായ ഇന്നിങ്‌സിലൂടെ ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ആറാമനായിട്ടാണ് അദ്ദേഹം ക്രീസ് വിട്ടത്.
ജഡേജയുടെ പ്രകടനവും ഇന്ത്യക്കു നിര്‍ണായകമായി. ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ലെങ്കിലും ബാറ്റിങില്‍ ജഡ്ഡു ഇതിന്റെ ക്ഷീണം തീര്‍ത്തു. അഗ്രസീവ് ഇന്നിങ്‌സ് കളിച്ച അദ്ദേഹം 86 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു 56 റണ്‍സെടുത്തത്. രോഹിത് ശര്‍മ (36), ജസ്പ്രീത് ബുംറ (28), റിഷഭ് പന്ത് (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മധ്യനിരയില്‍ ചേതേശ്വര്‍ പുജാര (4), നായകന്‍ വിരാട് കോലി (0), അജിങ്ക്യ രഹാനെ (5) എന്നിവരുടെ ദയനീയ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്.
അഞ്ചു വിക്കറ്റുകളെടുത്ത ഓലി റോബിന്‍സണും നാലു പേരെ പുറത്താക്കിയ ജെയിംസ് ആന്‍ഡേഴ്‌സനും ചേര്‍ന്നായിരുന്നു ഇന്ത്യയെ 300ലൊതുക്കിയത്. 26.5 ഓവറില്‍ ആറു മെയ്ഡനുള്‍പ്പെടെ 85 റണ്‍സ് വഴങ്ങിയാണ് റോബിന്‍സണ്‍ അഞ്ചു പേരെ പുറത്താക്കിയതെങ്കില്‍ 23 ഓവറില്‍ എട്ടു മെയ്ഡനടക്കം 54 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ആന്‍ഡേഴ്‌സന്‍ നാലു വിക്കറ്റുകള്‍ പിഴുതത്.
ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ പേസാക്രമണത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. 108 ബോളില്‍ 11 ബൗണ്ടറികളോടെ റൂട്ട് 64 റണ്‍സ് നേടി. മറ്റാരും 30 തികച്ചില്ല. ജോണി ബെയര്‍സ്‌റ്റോ 29ഉം സാം കറെന്‍, സാക്ക് ക്രോളി എന്നിവര്‍ 27 റണ്‍സ് വീതവുമെടുത്തു. ഇന്ത്യയുടെ നാല്‍വര്‍ പേസ് സംഘം ഇംഗ്ലണ്ടിന്റെ മുഴുവന്‍ വിക്കറ്റുകളും പങ്കിടുകയായിരുന്നു. ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റുകള്‍ പിഴുതു. ശര്‍ദ്ദുല്‍ ടാക്കൂറിന് രണ്ടു വിക്കറ്റ് ലഭിച്ചു. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജിനായിരുന്നു.