Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvs ENG: ശര്‍ദ്ദുലിനു വെടിക്കെട്ട് ഫിഫ്റ്റി, കോലിയും തിളങ്ങി- ഇന്ത്യ 191ന് പുറത്ത്

1

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 191 റണ്‍സില്‍ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ മൂന്നാം സെഷനില്‍ തന്നെ കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. മറുപടി ബാറ്റിങില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു 53 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ ആതിഥേയര്‍ക്കു 138 റണ്‍സ് കൂടി വേണം. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0), നായകന്‍ ജോ റൂട്ട് (21) എന്നിവരാണ് പുറത്തായത്. ഡേവിഡ് മലാനും (26) നൈറ്റ് വാച്ച്മാനായെത്തിയ ക്രെയ്ഗ് ഒവേര്‍ട്ടനുമാണ് (1) ക്രീസില്‍.

നേരത്തേ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ടീമിലേക്കു തിരിച്ചെത്തിയ ശര്‍ദ്ദുല്‍ ടാക്കൂറാണ് തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ ശര്‍ദ്ദുല്‍ 57 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറി. വെറും 36 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് അദ്ദേഹം ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 31 ബോളുകളില്‍ നിന്നായിരുന്നു ശര്‍ദ്ദുലിന്റെ ഫിഫ്റ്റി. ഇതോടെ ടെസ്റ്റില്‍ ഇന്ത്യയുടെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനും അദ്ദേഹം അര്‍ഹനായി. നായകന് വിരാട് കോലിയാണ് (50) ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയ മറ്റൊരാള്‍. ശേഷിച്ചവരൊന്നും 20 റണ്‍സ് പോലും തികച്ചില്ല.

രോഹിത് ശര്‍മ (11), കെഎല്‍ രാഹുല്‍ (17), ചേതേശ്വര്‍ പുജാര (4), രവീന്ദ്ര ജഡേജ (10), അജിങ്ക്യ രഹാനെ (14), റിഷഭ് പന്ത് (9), ഉമേഷ് യാദവ് (10), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍ കാര്‍ഡ്. പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച ക്രിസ് വോക്‌സാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. അദ്ദേഹം നാലു വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നു വിക്കറ്റുമായി ഓലി റോബിന്‍സണ്‍ മികച്ച പിന്തുണ നല്‍കി. ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ഒരു ഘട്ടത്തില്‍ ഇന്ത്യ 150 റണ്‍സ് പോലും കടക്കുന്ന കാര്യം സംശയമായിരുന്നു. ഏഴാമനായി റിഷഭ് ക്രീസ് വിടുമ്പോള്‍ ഇന്ത്യ ഏഴിനു 127 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ശര്‍ദ്ദുല്‍- ഉമേഷ് ജോടി ഉജ്ജ്വല കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി.63 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു.

2

ടോസ് ലഭിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിക്കപ്പെട്ടതു പോലെ മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

പേസ് ബൗളിങ് നിരയിലായിരുന്നു ഇന്ത്യ രണ്ടു മാറ്റങ്ങള്‍ വരുത്തിയത്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ക്കു പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ് എന്നിവരെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ഉമേഷിന്റെ വരവ് തീര്‍ത്തും അപ്രതീക്ഷിതമാണ്. ഇഷാന്തിനു പകരം അശ്വിന്‍ ടീമിലേക്കു വരുമെന്നായിരുന്നു സൂചനകള്‍. പക്ഷെ നാലു പേസര്‍മാരും ഒരു സ്പിന്നറുമെന്ന ബൗളിങ് കോമ്പിനേഷന്‍ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഈ പര്യടനത്തില്‍ ഉമേഷിന്റെ ആദ്യ മല്‍സരം കൂടിയാണിത്. ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജ തന്നെയാണ് ഏക സ്പിന്നര്‍.

3

മറുഭാഗത്ത് ഇംഗ്ലണ്ട് ടീമിലും രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്കു പകരം ഓലി പോപ്പ് പ്ലെയിങ് ഇലവനിലെത്തി. സാം കറെനു പകരം ക്രിസ് വോക്‌സിനെയും ഇംഗ്ലണ്ട് കളിപ്പിക്കുകയായിരുന്നു.

ഓവലിലെ പ്ലെയിങ് ഇലവന്‍

ഇന്ത്യ-രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍.

കണക്കുകള്‍ ഇന്ത്യക്കു തിരിച്ചടി

ഓവലില്‍ ഇതുവരെ കളിച്ച ടെസ്റ്റ് റെക്കോര്‍ഡ് നോക്കിയാല്‍ കാര്യങ്ങള്‍ ഇന്ത്യക്കു അത്ര അനുകൂലമല്ലെന്നു കാണാം. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇവിടെ ഒരു ടെസ്റ്റില്‍പ്പോലും ഇന്ത്യ വിജയിച്ചിട്ടില്ല. 13 ടെസ്റ്റുകളാണ് ഇന്ത്യ ഓവലില്‍ ഇതുവരെ കളിച്ചത്. ഇതില്‍ ഒന്നില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. അഞ്ചു ടെസ്റ്റുകളില്‍ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ഏഴു ടെസ്റ്റുകള്‍ സമനിലയിലാവുകയും ചെയ്തു. ഓവലില്‍ ഇന്ത്യയുടെ ഏക വിജയം.
1971ലായിരുന്നു.
അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലായിരുന്നു ഇന്ത്യ കളിച്ചത്. ആദ്യ രണ്ടു ടെസ്റ്റുകളും സമനിലയില്‍ കലാശിച്ചിരുന്നു. അതുകൊണ്ടു തന്നെ ഓവല്‍ ടെസ്റ്റ് ഫൈനലിനു തുല്യമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 71 റണ്‍സിന്റെ ലീഡ് ഇന്ത്യ വഴങ്ങിയിരുന്നെങ്കിലും രണ്ടാമിന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ആറു വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ ഭഗ്‌വത് ചന്ദ്രശേഖറിന്റെ മാജിക്കല്‍ പ്രകടനമായിരുന്നു ഇന്ത്യക്കു കരുത്തായത്. 173 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് വിജയവും പരമ്പര നേട്ടവും കൂടിയായിരുന്നു ഇത്.

സമനിലയോടെ തുടക്കം

നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ത്യക്കു വിജയസാധ്യതയുള്ള മല്‍സരമായിരുന്നു ഇത്. പക്ഷെ മഴ വില്ലനായതോടെ ഇന്ത്യക്കു അര്‍ഹിച്ച ജയം നഷ്ടമാവുകയായിരുന്നു. റണ്‍ചേസില്‍ ഇന്ത്യ വിജയത്തിലേക്കു മുന്നേറവെ അവസാനദിനമായിരുന്നു മഴയെത്തിയത്. തുടര്‍ന്നു ഒരോവര്‍ പോലും കളി നടന്നില്ല. ഇതോടെ മല്‍സരം സമനിലയാവുകയും ചെയ്തു.

നോട്ടിങ്ഹാമില്‍ കൈവിട്ട വിജയം ചരിത്ര വേദിയായ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുപിടിക്കുന്നതാണ് കണ്ടത്. 151 റണ്‍സിന്റെ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ കൊയ്തത്. രണ്ടാമിന്നിങ്‌സിലെ വീരോചിത ബാറ്റിങും ബൗളിങുമായിരുന്നു ഇന്ത്യക്കു മിന്നുന്ന വിജയം സമ്മാനിച്ചത്. നാലാംദിനം വരെ കളിയില്‍ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അഞ്ചാംദിനം ഗംഭീര തിരിച്ചുവരവിലൂടെ ഇന്ത്യ ആതിഥേയരെ സ്തബ്ധരാക്കി.

ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഗംഭീര തിരിച്ചുവരവായിരുന്നു ഇംഗ്ലണ്ടിന്റേത്. ലോര്‍ഡ്‌സിലെ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ വന്ന ഇന്ത്യക്കു ആദ്യ ദിവസം മുതല്‍ എല്ലാം പാളി. ടോസ് നേടിയതൊഴിച്ചാല്‍ ഇന്ത്യക്കു ഈ ടെസ്റ്റില്‍ ആഹ്ലാദിക്കാന്‍ ഒന്നും തന്നെയില്ലായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വെറും 78 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആദ്യദിനം രണ്ടാംസെഷനില്‍ തന്നെ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 432 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ നേടി. 354 റണ്‍സിന്റെ ആധികാരിക ലീഡും ഇതോടെ അവര്‍ക്കു ലഭിച്ചു. തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ നാലാം ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 278 റണ്‍സിന് ഓള്‍ഔട്ടായി. ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

Story first published: Thursday, September 2, 2021, 23:05 [IST]
Other articles published on Sep 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+