For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: നാലാമങ്കത്തിന് ഓവല്‍ തയ്യാര്‍, ടീമിന്റെ കാര്യത്തില്‍ കോലിക്കു കണ്‍ഫ്യൂഷന്‍- കൂടുതലറിയാം

വ്യാഴാഴ്ചയാണ് നാലാം ടെസ്റ്റ്

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ത്രസിപ്പിക്കുന്ന ഘട്ടത്തിലേക്കു നീങ്ങുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പം നില്‍ക്കെ നാലാം ടെസ്റ്റിനു വ്യാഴാഴ്ച കെന്നിങ്ടണ്‍ ഓവലില്‍ തുടക്കമാവും. വിജയത്തോടെ പരമ്പരയില്‍ മേല്‍ക്കൈ നേടുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയുടെ ഇന്ത്യയും ജോ റൂട്ടിന്റെ ഇംഗ്ലണ്ടും പോര്‍ക്കളത്തിലേക്കു വരുന്നത്. ഓവലില്‍ വിജയിക്കുന്ന ടീമിനു പരമ്പര നഷ്ടമാവില്ലെന്നു ഉറപ്പിക്കാമെന്നതിനാല്‍ തന്നെ ജയത്തിനായി ഇരുടീമുകളും കൈയ്‌മെയ് മറന്നു പോരാടുമെന്നുറപ്പ്.

England vs India, 4th Test: Match Preview | Oneindia Malayalam

നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ ചരിത്രവേദിയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളഞ്ഞു. 151 റണ്‍സിന്റെ വമ്പന്‍ ജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. പക്ഷെ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ ഇംഗ്ലണ്ട് കണക്കുതീര്‍ത്തു. വെറു നാലു ദിവസം കൊണ്ട് ഇന്ത്യയെ അവര്‍ ചുരുട്ടിക്കെട്ടി. ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഈ പരാജയത്തിന്റെ മുറിവുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച കോലിയും സംഘവും ഇറങ്ങുകയെങ്കില്‍ ഇംഗ്ലണ്ട് പ്രകടനം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

 മാച്ച് വിവരങ്ങള്‍, കാലാവാസ്ഥ, എവിടെ കാണാം?

മാച്ച് വിവരങ്ങള്‍, കാലാവാസ്ഥ, എവിടെ കാണാം?

തിയ്യതി- സപ്തംബര്‍ 2-6 (വാഴം- തിങ്കള്‍)
സമയം- ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതല്‍
വേദി- കെന്നിങ്ടണ്‍ ഓവല്‍, ലണ്ടന്‍.

കാലാവസ്ഥയിലേക്കു വരികയാണെങ്കില്‍ ഓവല്‍ ടെസ്റ്റിനു മഴ ഭീഷണിയുണ്ടെന്നത് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കുന്നുണ്ട്. മല്‍സരത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും ദിനം മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. എന്നാല്‍ മറ്റു ദിവസങ്ങളില്‍ ഇവിടെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. അഞ്ചു ദിവസങ്ങളിലും ഓവലിലെ ശരാശരി താപനില 19 ഡിഗി സെല്‍ഷ്യസായിരിക്കും.

ഇന്ത്യയില്‍ സോണി സിക്‌സ് ചാനലിലാണ് മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ സോണി ലിവ് ആപ്പിലും കളിയുടെ ലൈവ് സ്ട്രീമിങുണ്ടാവും.

 പിച്ച് റിപ്പോര്‍ട്ട്

പിച്ച് റിപ്പോര്‍ട്ട്

ഓവലിലെ പിച്ചിന്റെ കാര്യമെടുത്താല്‍ ആദ്യ ഇന്നിങ്‌സില്‍ ഇവിടെ ബാറ്റിങിനു യോജിച്ചതാണ്. അതോടൊപ്പം തന്നെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കും പിച്ചില്‍ നിന്നും പ്രയോജനം ലഭിക്കും. എന്നാല്‍ മല്‍സരം പുരോഗമിക്കവെ പിച്ചിന്റെ വേഗം കുറയും. ഈ ഘട്ടത്തില്‍ സ്പിന്നര്‍മാരെ പിച്ച് കൂടുതല്‍ സഹായിക്കും. ആകെ നോക്കിയാല്‍ ബാറ്റും ബോളും തമ്മിലുള്ള വളരെ സന്തുലിതമായ പോരാട്ടം തന്നെ നമുക്ക് ഓവലില്‍ പ്രതീക്ഷിക്കാം.

 ഇന്ത്യയുടെ റെക്കോര്‍ഡ്

ഇന്ത്യയുടെ റെക്കോര്‍ഡ്

ഓവലില്‍ ഇതുവരെ കളിച്ച ടെസ്റ്റുകളുടെ ചരിത്രമെടുത്താല്‍ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നതാണ് യാഥാര്‍ഥ്യം. 14 ടെസ്റ്റുകളാണ് ഇവിടെ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇവയില്‍ വിജയിക്കാനായത് ഒരേയൊരെണ്ണത്തില്‍ മാത്രമാണ്. അഞ്ചു ടെസ്റ്റുകളില്‍ പരാജയമേറ്റുവാങ്ങിയപ്പോള്‍ ഏഴു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഇതു മാത്രമല്ല ഓവലില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഒരു ടെസ്റ്റില്‍പ്പോലും ഇന്ത്യ വിജയിച്ചിട്ടുമില്ല.
ഇംഗ്ലണ്ടില്‍ ബാറ്റിങിന് ഏറ്റവും യോജിച്ച പിച്ചെന്നാണ് ഓവല്‍ അറിയപ്പെടുന്നത്. പക്ഷെ ഇന്ത്യയുടെ പല പ്രമുഖ താരങ്ങളും ഇവിടെ മുമ്പ് റണ്ണെടുക്കാന്‍ പാടുപെട്ടിട്ടുമുണ്ട്.

 ഇന്ത്യയുടെ ഏക വിജയം

ഇന്ത്യയുടെ ഏക വിജയം

1971ലായിരുന്നു ഇന്ത്യ ഓവലില്‍ ആദ്യമായും അവസാനമായും ഒരു ടെസ്റ്റ് വിജയിച്ചത്. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് വിജയവും ഇതു തന്നെയായിരുന്നു. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലായിരുന്നു ഇരുടീമുകളും ഏറ്റുമുട്ടിയത്. ആദ്യത്തെ രണ്ടു ടെസ്റ്റുകളും സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇതോടെ ഓവിലെ മൂന്നാം ടെസ്റ്റ് നിര്‍ണായകമായി മാറി.
ടോസിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ റെ ഇല്ലിങ്‌വര്‍ത്ത് അന്നു ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 355 റണ്‍സാണ് ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് നേിയത്. ഏക്‌നാഥ് സോല്‍ക്കര്‍ ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റുകളെടുത്തു. മറുപടിയില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 284 റണ്‍സിന് പുറത്തായി. 71 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ടീം വഴങ്ങിയത്. ക്യാപ്റ്റന്‍ ഇല്ലിങ്‌വര്‍ത്ത് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാമിന്നിങ്‌സില്‍ ഇതിഹാസ ലെഗ് സ്പിന്നര്‍ ഭഗ്‌വത് ചന്ദ്രശേഖറിന്റെ മാസ്മരിക ബൗളിങ് ഇംഗ്ലണ്ടിനെ തകര്‍ത്തു. അദ്ദേഹം 38 റണ്‍സിനു ആറു വിക്കറ്റുകളെടുത്തു. ഇതോടെ വെറും 101 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. 173 റണ്‍സായിരുന്നു ഇന്ത്യന്‍ വിജയലക്ഷ്യം. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഇതോടെ പരമ്പരയും ഇന്ത്യ 1-0നു കൈക്കലാക്കി. ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

 ഓവലില്‍ ടീമില്‍ മാറ്റം

ഓവലില്‍ ടീമില്‍ മാറ്റം

വ്യാഴാഴ്ച തുടങ്ങുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുറപ്പാണ്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും നാലു പേസര്‍, ഒരു സ്പിന്നറെന്ന കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ നാലാം ടെസ്റ്റില്‍ ഇന്ത്യ ഈ കോമ്പിനോഷനില്‍ മാറ്റം വരുത്തിയേക്കും. ഒരു പേസറെ ഒഴിവാക്കി പകരം പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിനെ പരമ്പരയില്‍ ആദ്യമായി കളിപ്പിച്ചേക്കും. കഴിഞ്ഞ മൂന്നു ടെസ്റ്റിലും ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയായിരുന്നു ടീമിലെ ഏക സ്പിന്നര്‍. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ജഡേജ ഓവലില്‍ കളിക്കുന്ന കാര്യം സംശയമാണ്. അങ്ങനെയെങ്കില്‍ അശ്വിന്‍ മാത്രമായിരിക്കും ഏക സ്പിന്നര്‍. അശ്വിന്‍ ടീമിലെത്തിയാല്‍ പൂര്‍ണ ഫിറ്റല്ലാത്ത പേസര്‍ ഇഷാന്ത് ശര്‍മ പുറത്തുപോവാനാണ് സാധ്യത.
ടി20 ലോകകപ്പ് വരാനിരിക്കെ പേസര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനായി ചിലര്‍ക്കു വിശ്രമം നല്‍കാനും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജസ്പ്രീത് ബുംറയ്ക്കു പകരം ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ ഇറക്കിയേക്കും. കൂടാതെ മറ്റൊരു പ്രധാന പേസര്‍ മുഹമ്മദ് ഷമിക്കു പകരം ഉമേഷ് യാദവിനെ കളിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. ജഡേജ ഫിറ്റാണെങ്കില്‍ രണ്ടു സ്പിന്നര്‍മാരെ ഇന്ത്യ ഇറക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.
ബാറ്റിങ് ലൈനപ്പിനും ചിലപ്പോള്‍ മാറ്റമുണ്ടായേക്കും. മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരിലൊരാള്‍ക്കു പകരം പുതുമുഖം സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഇറക്കിയേക്കും.

 സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര/ സൂര്യകുമാര്‍ യാദവ്, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ/ ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ/ ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി/ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ഓലി പോപ്പ്, മോയിന്‍ അലി, ഓലി റോബിന്‍സണ്‍, ക്രിസ് വോക്‌സ്/ സാം കറെന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍/ മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Wednesday, September 1, 2021, 13:26 [IST]
Other articles published on Sep 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+